കേരള ഇനോവേഷന്‍ വീക്ക്; ആധുനിക സൗകര്യങ്ങളുള്ള ക്യാമ്പിംഗ് ടെന്‍റ് പുറത്തിറക്കി ക്യാമ്പര്‍ ഡോട് കോം
KSUM
Kochi / May 28, 2022
കൊച്ചി: യുവാക്കളുടെ ഇടയിലെ ഹരമായി മാറിയിരിക്കുകയാണ് ടെന്‍റിലെ താമസം. എന്നാല്‍ കുടുംബമായി താമസിക്കാന്‍ പറ്റുന്ന ബാത്റൂമും, അലമാരയുമടക്കമുള്ള പൊളിച്ചു മാറ്റാവുന്ന ക്യാമ്പിംഗ് ടെന്‍റാണ് കേരള ഇനോവേഷന്‍ വീക്കിന്‍റെ ഭാഗമായി ക്യാമ്പര്‍ കമ്പനി പുറത്തിറക്കിയത്. കേരള ടൂറിസം ഡയറക്ടര്‍ വി ആര്‍ കൃഷ്ണതേജ ഈ ടെന്‍റിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു.
നൂതനാശയങ്ങളുടെയും സാങ്കേതിക വൈവിദ്ധ്യങ്ങളുടെയും കാഴ്ചവിരുന്നായ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച കേരള ഇനോവേഷന്‍ വീക്കിന്‍റെ വേദിയിലാണ് പുതിയ ടെന്‍റിന്‍റെ ഉദ്ഘാടനം നടന്നത്.
ടെന്‍റടിക്കാന്‍ സാധിക്കുന്ന സ്ഥലമുള്ളവരെ ഉദ്ദേശിച്ചാണ് ക്യാമ്പര്‍ എന്ന കമ്പനി ആരംഭിച്ചത്. വെറുതെ കിടക്കാന്‍ മാത്രമല്ലാതെ ഒരു ബെഡ്റൂമിന്‍റേതായ എല്ലാ സൗകര്യവും എന്നാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പൊളിച്ച് മാറ്റി മറ്റൊരിടത്ത് സ്ഥാപിക്കാവുന്നതുമായ ടെന്‍റിന്‍റെ ഉദ്ഘാടനമാണ് ഇനോവേഷന്‍ വീക്കില്‍ നടന്നത്. രണ്ട് പേര്‍ക്കും നാല് പേര്‍ക്കും കിടക്കാവുന്ന ടെന്‍റാണിത്. വെറും 40 അടി സ്ഥലത്ത് മടക്കിവയ്ക്കാവുന്നതാണിതെന്നതിനാല്‍ വളരെയെളുപ്പം സ്ഥലങ്ങള്‍ മാറാന്‍ സാധിക്കും.
നിവര്‍ത്തി വച്ചാല്‍ 160 ചതുരശ്ര അടി സ്ഥലമുള്ള ബെഡ്റൂമായി ഇത് മാറും. ഒരു യൂണിറ്റിന് നാല് ലക്ഷം രൂപയാണ് ചെലവാകുന്നത്. സഞ്ചാരികള്‍ക്ക് ടെന്‍റടിക്കാന്‍ സ്ഥലം വാടകയ്ക്ക് നല്‍കാന്‍ സാധിക്കുന്നവര്‍ക്ക് ക്യാമ്പറിന്‍റെ ടെന്‍റ് ഉപയോഗിക്കാവുന്നതാണ്. നാല് മുതല്‍ അഞ്ച് മണിക്കൂര്‍ സമയം കൊണ്ട് സ്വന്തമായി ഈ ടെന്‍റ് സ്ഥാപിക്കാം. ടോയ്ലറ്റ്, വാഷ്ബേസിന്‍, അലമാര, എന്നിവ ഇതില്‍ ഘടിപ്പിക്കാവുന്നതാണ്.
സൂരജ് രാജന്‍, പ്രഭില്‍ എം ജെ എന്നിവരാണ് ക്യാമ്പറിന്‍റെ സ്ഥാപകര്‍. കേരളം, കര്‍ണാടകം, തമിഴ്നാട് എന്നിവിടങ്ങളില്‍ ക്യാമ്പറിന്‍റെ സേവനങ്ങള്‍ ലഭ്യമാണ്. പുതിയ ഈ ഉത്പന്നത്തോടെ കുട്ടികളടക്കമുള്ള കുടുംബങ്ങളെ ടെന്‍റില്‍ താമസിക്കാന്‍ ആകര്‍ഷിക്കുകയാണ് ക്യാമ്പറിന്‍റെ ലക്ഷ്യം.