സിബിഎല്‍ മൂന്നാം സീസണ്‍; ചെങ്ങന്നൂരില്‍ വീയപുരത്തിന്‍റെ ഫോട്ടോ ഫിനിഷ്

Alappuzha / December 2, 2023

ചെങ്ങന്നൂര്‍: കേരള ടൂറിസത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ പ്രീമിയര്‍ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മൂന്നാം സീസണില്‍ ചെങ്ങന്നൂര്‍ പാണ്ടനാട്ട് നടന്ന 11-ാം മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) തുഴഞ്ഞ വീയപുരം (3.36.18 മിനിറ്റ്) ഫോട്ടോ ഫിനിഷിലൂടെ ജേതാക്കളായി. അത്യന്തം വാശിയേറിയ മത്സരത്തില്‍ യുബിസി കൈനകരി(കോസ്റ്റ് ഡോമിനേറ്റേഴ്സ്) തുഴഞ്ഞ നടുഭാഗം ചുണ്ടനെ(3.36.32 മിനിറ്റ്) മറികടന്നായിരുന്നു വിജയം. പോലീസ് ബോട്ട് ക്ലബ്(റേജിംഗ് റോവേഴ്സ്) മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍(3.38.03 മിനിറ്റ്) മൂന്നാമത് ഫിനിഷ് ചെയ്തു.

ഫൈനലില്‍ തുടക്കം മുതല്‍ ഒപ്പത്തിനൊപ്പമാണ് മൂന്ന് വള്ളങ്ങളും തുഴഞ്ഞടുത്തത്. ഒരു ഘട്ടത്തില്‍ പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ അല്‍പം മുമ്പിലെത്തിയതായിരുന്നു. എന്നാല്‍ അപകടം മണത്ത യുബിസി കൈനകരി അവസാന രണ്ട് ലാപ്പില്‍ വര്‍ധിത വീര്യത്തോടെ തുഴഞ്ഞ് വീയപുരത്തിനടക്കം കനത്ത വെല്ലുവിളി ഉയര്‍ത്തി. പിറവത്തിനു ശേഷം ഫോട്ടോ ഫിനിഷിന്‍റെ സൗന്ദര്യം പൂര്‍ണമായും ആസ്വദിച്ച മത്സരത്തില്‍ 14 മൈക്രോസെക്കന്‍റുകളുടെ വ്യത്യാസത്തില്‍ വീയപുരം ഫിനിഷ് ചെയ്തു.

ഇനി നവംബര്‍ ഒമ്പതിന് കൊല്ലത്താണ് പ്രസിഡന്‍റ്സ് ബോട്ട് റേസ് സിബിഎല്‍ ഗ്രാന്‍റ് ഫിനാലെ നടക്കുന്നത്.

ചെങ്ങന്നൂരിലെ മത്സരം കഴിഞ്ഞതോടെ 106 പോയിന്‍റുമായി പിബിസി വീയപുരം ഒന്നാം സ്ഥാനത്തും 102 പോയിന്‍റുമായി യുബിസി നടുഭാഗം രണ്ടാം സ്ഥാനത്തും തുടരുന്നു. 80 പോയിന്‍റുകളുമായി പോലീസ് ബോട്ട് ക്ലബ് മഹാദേവിക്കാട് കാട്ടില്‍ തെക്കേതിലും മൂന്നാം സ്ഥാനത്തുണ്ട്.

എന്‍സിഡിസി(മൈറ്റി ഓര്‍സ്) തുഴഞ്ഞ നിരണം ചുണ്ടന്‍ (നാല്), പുന്നമട ബോട്ട് ക്ലബ് (റിപ്പിള്‍ ബ്രേക്കേഴ്സ്)തുഴഞ്ഞ കാരിച്ചാല്‍ (അഞ്ച്), സെ. പയസ് വേമ്പനാട് ബോട്ട് ക്ലബ് (പ്രൈഡ് ചേസേഴ്സ്) (ആറ്), നിരണം ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ കിംഗ്സ്) ആയാപറമ്പ് പാണ്ടി (ഏഴ്) കെബിസി/എസ്എഫ്ബിസി(തണ്ടര്‍ ഓര്‍സ്) പായിപ്പാടന്‍ (എട്ട്), കുമരകം ടൗണ്‍ ബോട്ട്ക്ലബ് (ബാക്ക് വാട്ടര്‍ വാരിയേഴ്സ്)ചമ്പക്കുളം (ഒമ്പത്) എന്നിങ്ങനെയാണ് ചെങ്ങന്നൂര്‍ പാണ്ടനാട്ടെ വിജയനില.

സാംസ്ക്കാരിക-ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായ ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള പാണ്ടനാട് ജലോത്സവം ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്തംഗങ്ങള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, സിബിഎല്‍ ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Photo Gallery

+
Content