പരമ്പരാഗത ഔഷധ മേഖലയുടെ വളര്‍ച്ചയ്ക്ക് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ആവശ്യമെന്ന് ജിഎഎഫ് സമ്മേളനം

Trivandrum / December 2, 2023

തിരുവനന്തപുരം: പരമ്പരാഗത ഔഷധ മേഖലയുടെ വളര്‍ച്ചയ്ക്ക് രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണവും പങ്കാളിത്തവും ആവശ്യമാണെന്ന് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിലെ (ജിഎഎഫ്-2023) വിദേശ പ്രതിനിധികള്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ജിഎഎഫിലെ അന്താരാഷ്ട്ര സഹകരണ സമ്മേളനത്തിലാണ് ഇക്കാര്യം ചര്‍ച്ചചെയ്തത്.

ആയുര്‍വേദ മേഖലയിലെ ഗവേഷണ വികസന ആവശ്യങ്ങള്‍ക്കായി ഇന്ത്യയുമായി കൈകോര്‍ക്കാന്‍ ശ്രീലങ്ക തയ്യാറാണെന്ന് സഹകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ശ്രീലങ്കന്‍ തദ്ദേശീയ ചികിത്സാ വകുപ്പ് സഹമന്ത്രിയുടെ സെക്രട്ടറിയും ആയുര്‍വേദ ഡ്രഗ് കോര്‍പ്പറേഷന്‍ എംഡിയുമായ ഗയ കാഞ്ചന പറഞ്ഞു. ശ്രീലങ്കയിലെ തദ്ദേശീയ ഫാര്‍മ വിപണി പ്രയോജനപ്പെടുത്താന്‍ ഈ മേഖലയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെ ഗയ കാഞ്ചന ക്ഷണിച്ചു. മരുന്ന് ഫാക്ടറികള്‍ക്കും ആയുര്‍വേദ ആശുപത്രികള്‍ക്കും സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ഗയ കാഞ്ചന പറഞ്ഞു. ആയുര്‍വേദ മേഖലയിലെ മഹത്തായ കണ്ടെത്തലുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഇന്ത്യയുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. ആധുനിക കാലത്ത് ആയുര്‍വേദത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന് തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ഗവേഷണം ആവശ്യമാണ്. ശ്രീലങ്കയിലെ തദ്ദേശീയ ചികിത്സാ സമ്പ്രദായവും കേരളത്തിലെ ആയുര്‍വേദ ചികിത്സാ സമ്പ്രദായവും വളരെ സാമ്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരമ്പരാഗത വൈദ്യശാസ്ത്രം വികസിപ്പിക്കുകയും മുഖ്യധാരയിലേക്ക് കൊണ്ടുവരികയുമാണ് ഈ മേഖലയില്‍ ആഫ്രിക്ക നേരിടുന്ന വെല്ലുവിളിയെന്ന് റിപ്പബ്ലിക് ഓഫ് സിംബാബ് വെ എംബസിയിലെ ഡെപ്യൂട്ടി അംബാസഡര്‍ പീറ്റര്‍ ഹോബ്വാനി പറഞ്ഞു. വൈദ്യശാസ്ത്രത്തിന്‍റെ ഭാവിയില്‍ പരമ്പരാഗത വൈദ്യത്തിന് നിര്‍ണായക പങ്കാണുള്ളത്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നേതൃത്വത്തെ സിംബാബ് വെ നേരത്തെ അംഗീകരിച്ചതാണെന്നും ഈ മേഖലയില്‍ ഇന്ത്യയുമായി ധാരണാപത്രവും ഒപ്പുവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടുമുള്ള പരമ്പരാഗത വൈദ്യശാസ്ത്ര മുന്നേറ്റത്തിന്‍റെ പതാകവാഹകര്‍ ഇന്ത്യയാണെന്ന് ജോര്‍ജിയ എംബസിയിലെ സിഡിഎ ലാഷ ജപാരിഡ്സെ പറഞ്ഞു. ആയുര്‍വേദത്തെക്കുറിച്ച് ബോധവല്‍ക്കരണ പ്രചാരണങ്ങള്‍ ജോര്‍ജിയയില്‍ നടക്കുന്നുണ്ട്. ഇന്ത്യയുടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിക്കുന്നുണ്ടെന്നും ഈ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം പരിഗണനയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയിലെ ആശുപത്രികളില്‍ സേവനം ചെയ്യുന്നവര്‍ക്കു പുറമേ ഫിജിയിലെ വലിയൊരു വിഭാഗം ആളുകള്‍ ആയുര്‍വേദ ചികിത്സയ്ക്കായി ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ടെന്ന് ന്യൂഡല്‍ഹിയിലെ റിപ്പബ്ലിക് ഓഫ് ഫിജി ഹൈക്കമ്മീഷന്‍ സെക്കന്‍ഡ് സെക്രട്ടറി ഏലിയ സെവൂതിയ പറഞ്ഞു.

 ജിഎഎഫ് വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ. ജി ജി ഗംഗാധരന്‍, കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം.വാരിയര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

2009 ല്‍ ആയുര്‍വേദത്തെ ഔദ്യോഗികമായി അംഗീകരിച്ച സ്വിറ്റ്സര്‍ലന്‍ഡാണ് ഭരണഘടനാ വ്യവസ്ഥയില്‍ ആയുര്‍വേദത്തെ ഉള്‍പ്പെടുത്തിയിട്ടുള്ള ഏകരാജ്യമെന്ന് സ്വിറ്റ്സര്‍ലാന്‍റിലെ സ്വിസ്മെഡ് സ്കൂള്‍ ചാന്‍സലറും ഫെഡറേഷന്‍ ഓഫ് മെഡിസിന്‍ ആന്‍ഡ് തെറാപ്പി ഇന്‍ ആയുര്‍വേദ എഫ്എംടിഎ പ്രസിഡന്‍റുമായ ഡോ. ചാള്‍സ് എലി നിക്കോലെരറ്റ് പറഞ്ഞു. 'റെഗുലേറ്ററി ആസ്പെക്ട്സ് ഇന്‍ ഡിഫറന്‍റ് കണ്‍ട്രീസ്' എന്ന വിഷയത്തില്‍ നടന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുര്‍വേദത്തിലൂടെ ലോകത്തിന് വലിയ സംഭാവന നല്‍കാന്‍ ഇന്ത്യക്ക് കഴിയുമെന്നും യൂറോപ്പിലേക്കുള്ള ആയുര്‍വേദത്തിന്‍റെ കവാടമായി സ്വിറ്റ്സര്‍ലന്‍ഡിനെ കണക്കാക്കാമെന്നും ഡോ. നിക്കോലെരറ്റ് പറഞ്ഞു.

 ആയുഷുമായി സഹകരിച്ച് ലാത്വിയയില്‍ ആയുര്‍വേദത്തെക്കുറിച്ചുള്ള വിദ്യാഭ്യാസ കോഴ്സുകള്‍ ആരംഭിച്ചതായി ലാത്വിയ സര്‍വകലാശാലയിലെ കോംപ്ലിമെന്‍ററി മെഡിസിന്‍ ഗവേഷക ഡോ.സിന്തിജ സൗസ പറഞ്ഞു.

630-ലധികം പരമ്പരാഗത വൈദ്യന്‍മാര്‍ യുഎഇയിലുണ്ടെന്നും അതില്‍ 209 പേര്‍ ആയുര്‍വേദ പ്രാക്ടീഷണര്‍മാരാണെന്നും ഷാര്‍ജ ഹെല്‍ത്ത് അതോറിറ്റിയിലെ ലൈസന്‍സിംഗ് ആന്‍ഡ് മെഡിക്കല്‍ പോളിസീസ് സീനിയര്‍ ഇന്‍ ചാര്‍ജ് ഡോ. സൈഫുള്ള ഖാലിദ് ആദംജി പറഞ്ഞു. യുഎഇയില്‍ ആയുര്‍വേദത്തിന് സ്വീകാര്യത വര്‍ധിച്ചിട്ടുണ്ട്. യുഎഇയില്‍ ജോലി ചെയ്യുന്നതിന് ഡോക്ടര്‍മാര്‍ക്കുള്ള യോഗ്യതാ പരീക്ഷ നടത്താന്‍ കേരളത്തില്‍ രണ്ടെണ്ണം ഉള്‍പ്പെടെ ഇന്ത്യയില്‍ 18 കേന്ദ്രങ്ങള്‍ യുഎഇ സര്‍ക്കാര്‍ തുറന്നിട്ടുണ്ട്. യുഎഇയും സൗദി അറേബ്യയും പരമ്പരാഗത വൈദ്യശാസ്ത്രം സംബന്ധിച്ച നിയമങ്ങളിലും നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാശ്ചാത്യലോകത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന ചികിത്സാ സമ്പ്രദായമാണ് ആയുര്‍വേദമെന്ന് ഓസ്ട്രേലിയയിലെ ന്യൂട്രികണക്റ്റിലെ ഡോ. ദിലീപ് ഘോഷ് പറഞ്ഞു. ഹെര്‍ബല്‍ മരുന്നുകളുടെ ആഗോള വിപണി 2023 ല്‍ 120 ബില്യണ്‍ ഡോളറാണ്. അതേസമയം ഇന്ത്യന്‍ ഹെര്‍ബല്‍ വിപണിയുടെ നിലവിലെ മൂല്യം 50 ബില്യണ്‍ ആണ്. ഇത് ഏകദേശം 14 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജര്‍മ്മനിയിലെ ട്രഡീഷണല്‍ ഇന്ത്യന്‍ മെഡിസിന്‍ മേധാവി ഡോ. ശ്യാല്‍ കുമാര്‍, ബ്ലിസ് ആയുര്‍വേദയിലെ ഡോ. നിതിന്‍ അഗര്‍വാള്‍, യൂണിവേഴ്സിറ്റി ഓഫ് ട്രാന്‍സ് ഡിസിപ്ലിനറി ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ പ്രൊഫ. ഡോ.പി.എം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

സെന്‍റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍, കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള സര്‍ക്കാര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ ആയുര്‍വേദ സംഘടനകള്‍ ചേര്‍ന്നാണ് ജിഎഎഫ് സംഘടിപ്പിക്കുന്നത്. 'ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും' എന്നതാണ് ജിഎഎഫിന്‍റെ പ്രമേയം.

 

Photo Gallery

+
Content
+
Content