ദാരുശില്‍പ പ്രദര്‍ശനത്തോടെ ലളിതകലാ അക്കാദമി ദേശീയ കലാ ക്യാമ്പ് ഞായറാഴ്ച സമാപിക്കും

Kerala Lalithakala Akademi
Kannur / May 28, 2022

കണ്ണൂര്‍: കേരള ലളിതകലാ അക്കാദമിയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ശ്രീകണ്ഠാപുരത്ത് സംഘടിപ്പിച്ച ദേശീയ ക്യാമ്പ് ദാരുശില്‍പ പ്രദര്‍ശനത്തോടെ സമാപിക്കും. പരമ്പരാഗത ദാരുശില്‍പികളില്‍ നിന്ന് സ്വായത്തമാക്കിയ അറിവിലൂടെ 20 സമകാലീന കലാകാരന്മാര്‍ കൊത്തിയെടുത്ത കലാസൃഷ്ടികളാണ് കെജിഎസ് കലാഗ്രാമത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

'റിസര്‍ജന്‍സ് 22' എന്നു പേരിട്ടിരിക്കുന്ന ഈ ക്യാമ്പിന്‍റെ സമാപനസമ്മേളനത്തില്‍ പ്രശസ്ത കലാകാരനും ക്യാമ്പിന്‍റെ മെന്‍ററുമായിരുന്ന റിയാസ് കോമു അവതരണം നടത്തും. മെയ് 20 ന് ആരംഭിച്ച ക്യാമ്പില്‍ പരമ്പരാഗത ശില്‍പികളും പ്രൊഫഷണല്‍ കലാകാരന്മാരും തമ്മിലുള്ള ആശയവിനിമയവും വിജ്ഞാന ക്രയവിക്രയവുമാണ് നടന്നത്.

വല്‍സന്‍ കൂര്‍മ്മ കൊല്ലേരി, എന്‍ എന്‍ റിംസണ്‍, രാജശേഖരന്‍ നായര്‍, ജിജി സക്കറിയ, പ്രദീപ് കമ്പത്താളി തുടങ്ങിയവര്‍ ക്യാമ്പിലെ വിവിധ സെഷനുകള്‍ നയിച്ചു. പരമ്പരാഗത കാലാകാരന്മാര്‍ക്കും പ്രൊഫഷണലുകള്‍ക്കും ഒരു പോലെ ഗുണകരമായ പത്തു ദിവസമാണ് കടന്നു പോകുന്നതെന്ന് ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത് പറഞ്ഞു. പരമ്പരാഗത രീതികളെക്കുറിച്ച് വാമൊഴിയായി കിട്ടുന്ന അറിവ് സമകാലീന കലാകാരന്മാര്‍ക്ക് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മെയ് 20 ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ക്യാമ്പിന്‍റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചത്. കലാവിദ്യാര്‍ത്ഥികള്‍, മുതിര്‍ന്നവരും ചെറുപ്പക്കാരുമായ കലാകാരന്മാര്‍, നിരൂപകര്‍, അധ്യാപകര്‍, നിരീക്ഷകര്‍, കലാപ്രേമികള്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുത്തു.

ആന്‍റ്റോ ജോര്‍ജ്, ബാലഗോപാല്‍ ബെത്തൂര്‍, ഹെലേന മെറിന്‍ ജോസഫ്,  മധു കെ വി, മെര്‍ലിന്‍ മോളി, പ്രേംകുമാര്‍ പി എല്‍,  രാജേഷ് റാം രാജേഷ് തച്ചന്‍, രഞ്ജു മോള്‍ സി, രജനി എസ് , സുനില്‍ കുട്ടന്‍, സൂരജ് വി എസ്, സുനില്‍ തിരുവാണിയൂര്‍, സുശാന്ത് കുമാര്‍ മഹാറാണ, ടെന്‍സിങ് ജോസഫ്,  വൈശാഖ് കെ എന്നിവരാണ് പങ്കെടുക്കുന്നത്.
 

Photo Gallery