കേരള-ഫിന്‍ലാന്‍റ് ഇനോവേഷന്‍ ഇടനാഴി; കെഎസ് യുഎം- ബിസിനസ് ഫിന്‍റലാന്‍റ് ധാരണാപത്രം

Kochi / December 2, 2023

കൊച്ചി: കേരളവും ഫിന്‍ലാന്‍റും തമ്മില്‍ സമഗ്രമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ രൂപീകരിക്കുന്നതിനായി ഇനോവേഷന്‍ ഇടനാഴി ആരംഭിക്കും. ഫിന്‍ലാന്‍റിന്‍റെ തലസ്ഥാനമായ ഹെല്‍സിങ്കിയില്‍ നടന്ന സ്ലഷ് 2023 പരിപാടിയില്‍ വച്ച് ഫിന്‍ലാന്‍റ് സര്‍ക്കാരിന്‍റെ ഉദ്യമമായ ബിസിനസ് ഫിന്‍ലാന്‍റും കേരള സ്റ്റാര്‍ട്ടപ്പ് മിഷനുമായി ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പു വച്ചു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രതിനിധികളുടെ നേതൃത്വത്തില്‍ പതിമ്മൂന്ന് സ്റ്റാര്‍ട്ടപ്പുകളടങ്ങുന്ന സംഘമാണ് സ്ലഷില്‍ പങ്കെടുത്തത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രതിനിധിയും ബിസിനസ് ഫിന്‍ലാന്‍റ് സീനിയര്‍ ഡയറക്ടര്‍ ലോറ ലിന്‍ഡ്മാനും ധാരണാപത്രം കൈമാറി. നൂതനത്വത്തിന്‍റെ പ്രദര്‍ശനശാലയെന്ന് വിശേഷിപ്പിക്കാവുന്ന സ്ലഷ് സമ്മേളനത്തില്‍ 5000 സ്റ്റാര്‍ട്ടപ്പുകളെ പ്രതിനിധീകരിച്ച് 13000 വ്യക്തികളും 3000 നിക്ഷേപകരും 300 മാധ്യമപ്രവര്‍ത്തകരുമാണ് പങ്കെടുത്തത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ബിസിനസ് ഫിന്‍ലാന്‍റും സംയുക്തമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടയിലെ പാലമായി ഇടനാഴി വര്‍ത്തിക്കും. സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് പുറണെ ഗവേഷണ പങ്കാളിത്തം, സംയുക്ത പരിപാടികള്‍, വിപണനം എന്നിവയിലും സഹകരണം ഉറപ്പാക്കും.

വെബിനാറുകള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍ തുടങ്ങിയവ ധാരണാപത്രത്തില്‍ ഉറപ്പു വരുത്തുന്നുണ്ട്. ഉഭയകക്ഷി സന്ദര്‍ശനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള കാര്യങ്ങള്‍ തുടര്‍ചര്‍ച്ചകളില്‍ തീരുമാനിക്കാനും ധാരണായായി.

ബിസിനസ്, നിക്ഷേപം, നൂതനസാങ്കേതികവിദ്യ എന്നിവ ആകര്‍ഷിക്കുന്നതിന് ഫിന്‍ലാന്‍റ് തൊഴില്‍ മന്ത്രാലയം ആരംഭിച്ച സംവിധാനമാണ് ഹെല്‍സിങ്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ് ഫിന്‍ലാന്‍റ്. സഹകരണം, നൂതനത്വം, നൈപുണ്യവികസനം, ഗവേഷണം, സാങ്കേതികവിദ്യാ വിജ്ഞാനം പങ്ക് വയ്ക്കല്‍ തുടങ്ങിയവ ധാരണാപത്രത്തില്‍ ലക്ഷ്യം വയ്ക്കുന്നു.

ആഗോള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെയാണ് സ്ലഷ് 2023 നടത്തിയത്. ചടുലമായ നിരവധി സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകള്‍ തമ്മില്‍ വിവിധ തലങ്ങളിലുള്ള സഹകരണവുമായി ബന്ധപ്പെട്ട് ധാരണാപത്രങ്ങളും ഒപ്പു വച്ചു.

Photo Gallery

+
Content