ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ ജീവിതശൈലീ രോഗങ്ങള്‍-ആയുര്‍വേദ ചികിത്സയ്ക്ക് പ്രിയമേറുന്നു

Trivandrum / December 2, 2023

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ ചെറുക്കുന്നതില്‍ ആയുര്‍വേദചികിത്സയുടെ പ്രാധാന്യം വിളിച്ചോതി അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിലെ പ്രദര്‍ശനം. ഹൃദ്രോഗം, പ്രമേഹം, തൈറോയിഡ്, പിസിഒഡി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ഗുളിക രൂപത്തിലുള്ള ഔഷധങ്ങള്‍ക്കാണ് പ്രിയം.

ഹൃദ്രോഗ കാരണങ്ങളായ ഹൈപ്പര്‍ ടെന്‍ഷന്‍, കൊളസ്ട്രോള്‍ എന്നിവയ്ക്കുള്ള ഗുളികരൂപത്തിലുള്ള ഔഷധങ്ങളാണ് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിലെ പ്രധാന ആകര്‍ഷണം. ആയുര്‍വേദ രംഗത്തെ പ്രമുഖ ചികിത്സാലയങ്ങള്‍ മുതല്‍ ഈ രംഗത്തെ ചെറുകിട ഗവേഷകര്‍ വരെ ഈ രോഗങ്ങള്‍ക്കുള്ള ഫലപ്രദമായ ചികിത്സയ്ക്കും രോഗപ്രതിരോധത്തിനുമുള്ള ഔഷധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നുണ്ട്.

ഹൈപ്പര്‍ ടെന്‍ഷന്‍ നിയന്ത്രിച്ച് രക്താതിസമ്മര്‍ദ്ദം കുറയ്ക്കുക, രക്തക്കുഴലുകളിലെ കൊഴുപ്പ് നിയന്ത്രിച്ച് രക്തയോട്ടം കൂട്ടുന്നതു വഴി ഹൃദയാഘാത സാധ്യത കുറയ്ക്കുക എന്നിവയാണ് ഗുളിക രൂപത്തിലുള്ള ഔഷധങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ചെയ്യുന്നത്. ആയുര്‍വേദമെന്നാല്‍ കര്‍ശനമായ ദൈനംദിന നിയന്ത്രണം വേണ്ട ചികിത്സാ ശാഖയാണെന്ന ധാരണ നിലനില്‍ക്കുന്നതിനാലാണ് ഹൃദ്രോഗം പോലുള്ള ചികിത്സകളില്‍ നിന്ന് ജനങ്ങള്‍ മാറി നില്‍ക്കുന്നതെന്ന് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയിലെ ഔഷധ ഗവേഷണ വിഭാഗം വൈസ്പ്രസിഡന്‍റ് ഡോ. സിന്ധു എ പറഞ്ഞു. പരമ്പരാഗതമായ ഔഷധരീതികള്‍ ഗുളിക രൂപത്തിലേക്കാക്കുന്നതില്‍ നിരവധി വര്‍ഷത്തെ ഗവേഷണം ആവശ്യമാണെന്നും അവര്‍ പറഞ്ഞു. പല രോഗങ്ങള്‍ക്കുമുള്ള ഔഷധങ്ങള്‍ ഗുളിക രൂപത്തിലാക്കിയതിനു ശേഷം ഇവയുടെ കാലാവധി കൂടിയിട്ടുണ്ടെന്ന് വൈദ്യരത്നം ഗ്രൂപ്പിന്‍റെ സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീജിത്ത് ഉണ്ണി ചൂണ്ടിക്കാട്ടി.

നിലവില്‍ കഴിക്കുന്ന മറ്റ് ഗുളികകളുടെ ഒപ്പം തന്നെ ആയുര്‍വേദ ഗുളികകളും കഴിക്കാവുന്നതാണെന്ന് കോട്ടയ്ക്കല്‍ ആയുര്‍വേദ ആശുപത്രിയിലെ ഡോ. അനൂപ് രാജന്‍ പറഞ്ഞു. മാറിയ ജീവിതരീതിയില്‍ ഇത് വലിയ സൗകര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സാരീതിയായതു കൊണ്ട് തന്നെ തൈറോയിഡ് പോലുള്ള രോഗങ്ങള്‍ക്ക് ഗുളികരൂപത്തിലുള്ള ഔഷധങ്ങള്‍ ഉപയോഗിക്കുന്നത് വ്യാപകമായിട്ടുണ്ട്. പത്തിലധികം അന്താരാഷ്ട്ര ഗവേഷണ ഫലങ്ങളുടെ പ്രബന്ധങ്ങളില്‍ ഔഷധങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുള്ള ഘടകങ്ങള്‍ക്ക് ഹൃദ്രോഗചികിത്സയിലുള്ള പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്.

അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ വെള്ളിയാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. ഫെസ്റ്റിവല്‍ ചൊവ്വാഴ്ച സമാപിക്കും.

Photo Gallery

+
Content
+
Content
+
Content