ഗുണനിലവാരവും ന്യായവിലയും ഉറപ്പാക്കിയാല്‍ ആയുര്‍വേദ ഔഷധങ്ങളെ പിന്തള്ളാന്‍ കഴിയില്ല

Trivandrum / December 2, 2023

തിരുവനന്തപുരം: ഗുണനിലവാരവും ന്യായവിലയും ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ ആയുര്‍വേദ ഔഷധങ്ങളെ വിപണിയില്‍ പിന്തള്ളാന്‍ കഴിയില്ലെന്ന് രംഗത്തെ വിദഗ്ദ്ധര്‍. രാജ്യത്ത് നിലവില്‍ പത്തു ശതമാനം ജനങ്ങള്‍ മാത്രമാണ് ആയുഷ് സമ്പ്രദായങ്ങളെ ആശ്രയിക്കുന്നുള്ളുവെന്നും അവര്‍ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്‍റെ ഭാഗമായി നടന്ന സെമിനാറില്‍ ചൂണ്ടിക്കാട്ടി. ഫലപ്രാപ്തിയും വിശ്വാസ്യതയും ഉയര്‍ത്താന്‍ പരമ്പരാഗത വിജ്ഞാനവും ആധുനിക സാങ്കേതിക വിദ്യയും സമന്വയിപ്പിക്കണമെന്നും സെമിനാര്‍ ആഹ്വാനം ചെയ്തു.
 
ഗുരുതരമായ ആരോഗ്യപ്രതിസന്ധികളെ നേരിടാന്‍ ആയുര്‍വേദ ഔഷധങ്ങള്‍ക്കു കഴിയുമെന്ന് യൂണിലിവര്‍ ദക്ഷിണേഷ്യാ ഗവേഷണ വികസന മേധാവി ഡോ സുപ്രിയാ പുണ്യാനി പറഞ്ഞു. മുടികൊഴിച്ചില്‍ ഉള്‍പ്പടെയുള്ള പ്രശ്നങ്ങളില്‍ മൂലകാരണം കണ്ടെത്തി ഭേദമാക്കാന്‍ ആയുര്‍വേദ ഔഷധങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.  

 നിര്‍മ്മാണ പ്രക്രിയയില്‍ ആധുനിക സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തണം. ഔഷധ നിര്‍മാണത്തിനാവശ്യമായ ഔഷധച്ചെടികളുടെ കൃഷി സത്യസന്ധവും ആധികാരികവുമാകണമെന്നും ഇമാമി വൈസ് പ്രസിഡന്‍റ് ഡോ രാജീവ് കുമാര്‍ റായി അഭിപ്രായപ്പെട്ടു. ഔഷധ പരിശോധനക്കും ഗുണനിലവാരം വിലയിരുത്തുന്നതിനും പ്രയോജനപ്പെടുന്ന സാങ്കേതികവിദ്യ നിലവില്‍ ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 
മികച്ച ആയുര്‍വേദ ഔഷധങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ ആവശ്യക്കാരേറെയാണെന്ന് അത്രിമെഡ് പ്രതിനിധി ഡോ റിഷികേശ് ഡാംലേ പറഞ്ഞു. എല്ലാവര്‍ക്കും ഒരേ ഔഷധമെന്ന ചിന്ത സുസ്ഥിരമല്ലെന്ന് ഹിമാലയ വെല്‍നെസ് ഗവേഷണ വികസന വിഭാഗത്തിലെ ഡോ മുഹമ്മദ് റഫീക് അഭിപ്രായപ്പെട്ടു. പരമ്പരാഗത വിജ്ഞാനത്തെ കൂടുതല്‍ ആശ്രയിക്കണം.

ആയുര്‍വേദ ഔഷധ വിപണിയില്‍ രാജ്യമാണ് മുന്നില്‍. 2021ല്‍ 7273 ദശലക്ഷം യു എസ് ഡോളറായിരുന്നു വിപണിയിലെ ഇടപാടുകളെന്ന് ഡോ മുഹമ്മദ് റഫീക് ചൂണ്ടിക്കാട്ടി. 2028 ല്‍ ഇത് 16230 ദശലക്ഷമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഔഷധ നിര്‍മ്മാണത്തിന് അസംസ്കൃത വസ്തുക്കളുടെ ലഭ്യത പ്രശ്നമാണെന്ന് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ പി മാധവന്‍കുട്ടി വാര്യര്‍ ചൂണ്ടിക്കാട്ടി. പുതിയ ലോകത്തെ പുതിയ രോഗങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നു. കൃത്യമായ അസംസ്കൃത പച്ചമരുന്നുകള്‍ കൃത്യമായ അളവില്‍ ലഭ്യമാക്കിയാലെ പുതിയ സഹസ്രാബ്ദത്തിനുള്ള ഔഷധ പരിഹാരം കണ്ടെത്താനാകൂ എന്നും ഡോ വാര്യര്‍ പറഞ്ഞു. രാജസ്ഥാന്‍ യൂണിവേഴ്സിറ്റി വി സി ഡോ പ്രദീപ് കുമാര്‍ പ്രജാപതി അദ്ധ്യക്ഷനായിരുന്നു. 

                                         

Photo Gallery