ജിഎഎഫ് ആരോഗ്യമേളയില്‍ പാരമ്പര്യ ചികിത്സാ ഉപകരണങ്ങളും
Trivandrum / December 2, 2023
തിരുവനന്തപുരം:ആയുര്‍വേദ ചികിത്സാവിധികള്‍ക്കായി ഉപയോഗിക്കുന്ന പാരമ്പര്യ തനിമയാര്‍ന്ന ഉപകരണങ്ങളാല്‍ സമ്പന്നമാണ് അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിനോട് അനുബന്ധിച്ച് നടക്കുന്ന ആരോഗ്യമേള. കേരളത്തില്‍ പുരാതനകാലം മുതല്‍ക്കേ നടത്തിവരുന്ന പാരമ്പര്യ ആയുര്‍വേദ ചികിത്സാരീതിയായ ധാരയില്‍ ഉപയോഗിക്കുന്ന ധാരാ പാത്തിയും അനുബന്ധ ഉപകരണങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
വിവിധതരം തൈലങ്ങളും ദ്രവ്യങ്ങളും ഉപയോഗിച്ചുള്ള ധാര ചെയ്യുന്നതിന് കാഞ്ഞിരം തടികൊണ്ട് ഉണ്ടാക്കിയ ധാരാ പാത്തിയാണ് ഉപയോഗിക്കാറ്. ശിരസ്സില്‍ ചെയ്യുന്ന മൂര്‍ദ്ധധാര, ശരീരം ഒട്ടാകെ നടത്തുന്ന സര്‍വാഗംധാര, ശരീരത്തിന്‍റെ പ്രത്യേക ഭാഗത്ത് മാത്രമായി ചെയ്യുന്ന ഏകാംഗധാര എന്നിവയ്ക്ക് ഉപയോഗിക്കുന്ന പാത്തി പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കും. നാല്കോല്‍ നീളത്തിലും ഒരുകോല്‍ വീതിയിലും തലവയ്ക്കുന്ന ഭാഗം കുറച്ചുയര്‍ത്തി പിന്നില്‍ ധാരാ ദ്രവ്യം തളംകെട്ടി നില്‍ക്കുംവിധം കുഴിയുമുള്ളതാണ് പാത്തി. ഉരുളിയുടെ ആകൃതിയിലുള്ള കളിമണ്ണില്‍ തീര്‍ത്ത ധാരാചട്ടിയും ഇതിലുള്‍പ്പെടുന്നു.
ചരകസംഹിതയില്‍ പരാമര്‍ശിക്കുന്ന വിവിധ സ്വേദ ചികിത്സകള്‍ക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചൂട് പ്രയോഗം വഴി വ്യക്തിയില്‍ വിയര്‍പ്പ് ഉത്പാദിപ്പിക്കുന്ന ചികിത്സാരീതിയായ സ്വേദത്തിന് ഉപയോഗിക്കുന്ന വിവിധതരം യന്ത്രങ്ങളും അവയുടെ പ്രവര്‍ത്തന രീതികളും മേളയില്‍ വിശദമാക്കുന്നു. ആയുര്‍വേദ വിധിപ്രകാരംവേദന കുറയ്ക്കുന്നതിനും ശരീര താപനില ക്രമപ്പെടുത്തുന്നതിനും സഹായിക്കുന്ന ചികിത്സാ രീതിയാണിത്. തീ കൊണ്ട് വിയര്‍പ്പിക്കുന്ന ആവിക്കുളി യന്ത്രവും വസ്തി യന്ത്രവും മേളയിലുണ്ട്.
പൂവരശില്‍ തീര്‍ത്ത മസാജിംഗ് ചെയര്‍, ആര്യവേപ്പ്, കാഞ്ഞിരം തുടങ്ങി പതിനൊന്ന് ഔഷധ മരങ്ങളില്‍തീര്‍ത്ത ആയുര്‍കോട്ട്, ആര്യവേപ്പില്‍ തീര്‍ത്ത മെതിയടി, രക്തചംക്രമണം വര്‍ധിപ്പിക്കാന്‍ സഹായകമായ ഹാന്‍ഡ് മസാജര്‍, കാഞ്ഞിരത്തില്‍ തീര്‍ത്ത ബോഡി മസാജര്‍ എന്നിവയും മേളയില്‍ കാണാനും വാങ്ങുന്നതിനും സാധിക്കും. ഔഷധക്കൂട്ടുകള്‍ പൊടിക്കുകയും ഉണക്കുകയും ചെയ്യുന്ന വിവിധതരം യന്ത്രങ്ങള്‍ക്ക് പുറമേകായി കക്ഷമത വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന ആധുനിക ഉപകരണങ്ങളും മേളയിലുണ്ട്.
ആയുര്‍വേദ സംബന്ധിയായ ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരം മേളയുടെ മറ്റൊരു ആകര്‍ഷണമാണ്. രോഗങ്ങളും ആയുര്‍വേദ പ്രതിവിധികളും തുടങ്ങി ആധുനിക ചികിത്സാരീതികളെ പറ്റി പരാമര്‍ശിക്കുന്ന മേഖലയിലെ പ്രമുഖ പ്രസിദ്ധീകരണങ്ങള്‍ ഇവിടെ ലഭിക്കും. ആയുര്‍വേദത്തിന്‍റെ ചരിത്രം അനാവരണം ചെയ്യുന്ന പ്രത്യേക പ്രദര്‍ശനവും മേളയിലുണ്ട്. പുസ്തകങ്ങള്‍ക്ക് ആകര്‍ഷകമായ ഡിസ്കൗണ്ടും ലഭ്യമാണ്.
Photo Gallery
