ആയുര്‍വേദത്തിന്‍റെ പ്രചാരണം മാനവരാശിയുടെ സൗഖ്യത്തിന്- പ്രധാനമന്ത്രി

Trivandrum / December 1, 2023

തിരുവനന്തപുരം: മാനവരാശിയുടെ ആരോഗ്യസൗഖ്യത്തിന് ഭാരതത്തിന്‍റെ സംഭാവനയാണ് ആയുര്‍വേദമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്‍റെ ഉദ്ഘാടന ചടങ്ങില്‍ അയച്ച ആശംസാസന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പ്രധാനമന്ത്രിയുടെ സന്ദേശം സമ്മേളനത്തില്‍ വായിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ ആയുഷ്, വിദേശകാര്യം, ടൂറിസം, എംഎസ്എംഇ എന്നീ മന്ത്രാലയങ്ങളും കേരള സര്‍ക്കാരും സംയുക്തമായി നടത്തിയ ഈ സമ്മേളനം അവസരോചിതവും പ്രശംസനീയവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് ആരംഭിച്ച ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറാണ് ഉദ്ഘാടനം ചെയ്തത്. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവല്‍ ചൊവ്വാഴ്ച സമാപിക്കും.

ആരോഗ്യപരിരക്ഷണത്തിലും ഗവേഷണത്തിലും അന്താരാഷ്ട്ര സഹകരണം ഉറപ്പുവരുത്താന്‍ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വസുധൈവക കുടുംബകം എന്ന ഭാരതീയ ചിന്തയോട് ഏറ്റവും താദാമ്യം പ്രാപിച്ച ശാഖയാണ് ആയുര്‍വേദം. ആഗോള സമൂഹവുമായി പാരമ്പര്യമായ ചികിത്സാബന്ധം പുലര്‍ത്തുന്നതില്‍ സുപ്രധാന പങ്കാണ് ആയുര്‍വേദം വഹിക്കുന്നത്. 75 രാജ്യങ്ങളില്‍ നിന്നായി ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന 7500 പ്രതിനിധികള്‍ ഇതിന്‍റെ ആഗോള പ്രാധാന്യം വ്യക്തമാക്കുന്നു. ആയുര്‍വേദത്തിലെ വിവിധ പങ്കാളികളുടെ കൂട്ടായ്മയിലൂടെ ഇന്ത്യന്‍ ചികിത്സാശാഖയുടെ പ്രശസ്തിയും വ്യാപനവും സാധ്യമാകും. ഇത് മാനവരാശിക്കു തന്നെ ഗുണകരമാണ്.

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ നടത്താന്‍ കേരളത്തേക്കാള്‍ മികച്ച സ്ഥലമില്ല. ആയുര്‍വേദ പൈതൃകത്തെ അതിന്‍റെ തനിമയോടെ നിലനിറുത്തുന്നതില്‍ കേരളം കാണിക്കുന്ന ശ്രദ്ധ എടുത്തു പറയേണ്ടതാണ്. യോഗാദിനം അന്താരാഷ്ട്ര ഉത്സവമാക്കി മാറ്റിയതു പോലെ പാരമ്പര്യ ചികിത്സാമേഖലയില്‍ ലോകാരോഗ്യ സംഘടനയുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റിയതുമെല്ലാം ഈ രംഗത്ത് രാജ്യത്തിന്‍റെ പ്രതിബദ്ധത കാണിക്കുന്നു.

ആയുര്‍വേദമെന്നത് ചികിത്സമാത്രമല്ല, ജീവിതരീതി കൂടിയാണെന്നത് ഓര്‍ക്കണം. രോഗത്തെ ചികിത്സിച്ച് ഭേദമാക്കുന്നത് മാത്രമല്ല, മനസിന്‍റെയും ശരീരത്തിന്‍റെയും സൗഖ്യവും അതില്‍ പ്രധാനമാണെന്ന് നരേന്ദ്രമോദി സന്ദേശത്തില്‍ പറഞ്ഞു.

Photo Gallery