സമത്വം നല്‍കാന്‍ സാങ്കേതികവിദ്യ- ന്യൂറോ ഡെവര്‍ജന്‍റ് വ്യക്തികള്‍ക്കും ഇനി പ്രൊഫഷണല്‍ ജോലികള്‍ ചെയ്യാം

Kochi / November 29, 2023

കൊച്ചി: നാഡീസംബന്ധിയായ വ്യതിയാനങ്ങള്‍ മൂലം സ്വഭാവത്തില്‍ ഭിന്നതയുള്ള വ്യക്തികളെ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രഫഷണലുകളാക്കിയെടുക്കുന്ന അധ്യയനപദ്ധതി കൂടുതല്‍ വ്യാപകമാക്കുന്നു.  ഇന്‍ക്ലൂസിസ് ഫൗണ്ടേഷന്‍ എന്ന സോഷ്യല്‍ സ്റ്റാര്‍ട്ടപ്പാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, തുടങ്ങി നാഡീ സംബന്ധിയായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനുള്ള പദ്ധതിയാണിത്. ആധുനിക സാങ്കേതികവിദ്യകളായ നിര്‍മ്മിത ബുദ്ധി(എഐ), മെഷീന്‍ ലേണിംഗ്, എന്നിവ ഉപയോഗിച്ച് ഐടി ജോലികള്‍ക്കുള്ള നൈപുണ്യം ഇത്തരക്കാരിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ഇതു വരെ മുന്നൂറ്റി അന്‍പതിലേറെ വ്യക്തികള്‍ക്കും മാതാപിതാക്കള്‍ ഉള്‍പ്പെടെ ഉള്ള അവരുമായി ബന്ധപ്പെട്ടവര്‍ക്കും ഈ പരിശീലനം നല്‍കിയിട്ടുണ്ടെന്ന് ഇന്‍ക്ലൂസിസിന്‍റെ സ്ഥാപകന്‍ റോബിന്‍ ടോമി പറഞ്ഞു. ഇതു വഴി ആയിരത്തിലധികം പേരുടെ ജീവിതസാഹചര്യത്തില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഉദ്യമത്തില്‍ വിവിധ സ്ഥാപനങ്ങളുമായി ഇന്‍ക്ലൂസിസ് സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കെ-ഡിസ്ക്, ഐസിടി അക്കാദമി, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ജി-ടെക്, പുനര്‍ജീവ ടെക്നോളജി സൊല്യൂഷന്‍സ്, സഹൃദയ വെല്‍ഫയര്‍ സൊസൈറ്റി, റോട്ടറി ക്ലബ്, ഐഇഇഇ റോബോട്ടിക്സ് & ഓട്ടോമേഷന്‍ സൊസൈറ്റി തുടങ്ങിയവരൊക്കെ ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ടെന്നും റോബിന്‍ പറഞ്ഞു.


ഫെഡറല്‍ബാങ്കിന്‍റെ ഫെഡ്സര്‍വ്, സംസ്ഥാന സാക്ഷരതാ മിഷന്‍, കേരള നോലേജ് ഇക്കണോമി മിഷന്‍, കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം
എന്നിവ ഇന്‍ക്ലൂസിസിന്‍റെ ഉപഭോക്താക്കളാണ്.

ഇത്തരത്തിലുള്ള വ്യക്തികള്‍ക്ക് ആറുമാസം വരെ നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കും. അവിടെ പരമ്പരാഗത അധ്യയനത്തില്‍ നിന്നും വ്യത്യസ്തമായി സാങ്കേതികവിദ്യകളുടെയും അനിമേഷന്‍റെയും സഹായത്തോടെയാണ് പരിശീലനം നല്‍കുന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും ചടുലമായ തൊഴില്‍മേഖലയാണ് ഗിഗ് എന്നത്. പ്രൊഫഷണലുകള്‍ നിശ്ചിത ജോലി ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുന്ന രീതിയാണിത്. ഇത്തരം ഗിഗ് ജോലികള്‍ക്ക് ന്യൂറോ ഡെവര്‍ജന്‍റായ വ്യക്തികളെ തയ്യാറാക്കിയെടുക്കുകയാണ് ചെയ്യുന്നത്.

ഈ ബുദ്ധിമുട്ട് നേരിടുന്ന വ്യക്തികള്‍ക്ക് മാത്രമല്ല, അവരുടെ രക്ഷിതാക്കളെയും ഈ അധ്യയനത്തിലേക്ക് പ്രോത്സാഹിപ്പിക്കാറുണ്ട്. കൂടുതല്‍ തൊഴില്‍മേഖലയിലേക്ക് ഇവരെ എത്തിക്കുകയാണ് ആത്യന്തിക ലക്ഷ്യം. സ്വാഭിമാനത്തോടെ സ്വന്തം കാലില്‍ നില്‍ക്കാനും വരുമാനം കണ്ടെത്താനും ഇവരെ പ്രാപ്തരാക്കുന്നതിലൂടെ ഒരു സമൂഹത്തിന്‍റെ സമൂലമായ പരിവര്‍ത്തനമാണ് ഉദ്ദേശിക്കുന്നതെന്നും റോബിന്‍ പറഞ്ഞു.

Photo Gallery