എംഎസ്എംഇകളുടെ വികസനപദ്ധതി; കണ്‍സല്‍ട്ടന്‍റുകള്‍ക്കായുള്ള അവസാന തിയതി നീട്ടി

Trivandrum / November 28, 2023

തിരുവനന്തപുരം: വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന് കീഴില്‍ ഇടത്തര-ചെറുകിട-സൂക്ഷ്മ സംരംഭങ്ങളുടെ വികസനത്തിനുള്ള പദ്ധതിയിലേക്ക് കണ്‍സല്‍ട്ടന്‍റുകളെ ക്ഷണിച്ചു കൊണ്ടുള്ള അവസാന തിയതി ഡിസംബര്‍ പത്ത് വരെ നീട്ടി. മിഷന്‍ 1000 നായുള്ള വിശദമായ പദ്ധതി രേഖകള്‍, ഒല്‍ഒപി (വണ്‍ ലോക്കല്‍ബോഡി വണ്‍ പ്രൊഡക്ട്)  എന്നീ മേഖലകളിലേക്കാണ് കണ്‍സല്‍ട്ടന്‍റുകളെ ക്ഷണിച്ചിരുന്നത്.

നാല് വര്‍ഷം കൊണ്ട് നൂറു കോടി വിറ്റുവരവ് ഉണ്ടാക്കുന്ന വിധത്തിലേക്ക് സംസ്ഥാനത്തെ 1000 എംഎസ്എംഇകളെ ഉയര്‍ത്താനുള്ള പദ്ധതിയാണ് മിഷന്‍ 1000. ഇതിനായുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതും നാല് വര്‍ഷം കൊണ്ട് അത് ഫലവത്തായി നടപ്പാക്കുന്നതുമാണ് ഈ വിഭാഗത്തിലെ കണ്‍സല്‍ട്ടന്‍റുകളുടെ ചുമതല.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ഒരുത്പന്നം എന്ന ആശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒല്‍ഒപി പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. തദ്ദേശീയമായ ഉത്പന്നത്തിന് അന്താരാഷ്ട്ര തലത്തില്‍ എത്തിക്കാനുള്ളതാണ് ഈ പദ്ധതി. ഇതില്‍ നിയോഗിക്കപ്പെടുന്ന കണ്‍സല്‍ട്ടന്‍റുമാര്‍ വിശദമായ പദ്ധതി രേഖ (ഡിപിആര്‍) സമര്‍പ്പിക്കണം. തന്ത്രപ്രധാനമായ കര്‍മ്മപദ്ധതി, പദ്ധതിച്ചെലവ്, ഉത്പന്നത്തിന്‍റെ വിപണി ക്ഷമത തുടങ്ങി സമഗ്രമായ റിപ്പോര്‍ട്ടായിരിക്കണം നല്‍കേണ്ടത്.
ഡിപിആര്‍, വ്യവസായ പദ്ധതി നിര്‍വഹണം തുടങ്ങിയ മേഖലകളില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് ഇതിലേക്ക് അപേക്ഷിക്കാം. https://industry.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ വിശദാംശങ്ങള്‍ ലഭിക്കും.

അപേക്ഷകള്‍ വിശദമായി പരിശോധിച്ചതിനു ശേഷം അവസാന തീരുമാനം വ്യവസായ-വാണിജ്യ ഡയറക്ടറേറ്റിന്‍റേതായിരിക്കും.
 

Photo Gallery