ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റില്‍ 25 സൗജന്യ സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍

ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍
Trivandrum / November 25, 2023

തിരുവനന്തപുരം: അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്‍റെ (ജിഎഎഫ്-2023) ഭാഗമായി ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് അസോസിയേഷന്‍റെ (എഎച്ച്എംഎ) നേതൃത്വത്തില്‍ മെഗാ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. കേരളത്തിലെ പ്രമുഖ ആയുര്‍വേദ ആശുപത്രികളിലെ മുഖ്യ ചികിത്സകര്‍ ഉള്‍പ്പെടെ 100 ആയുര്‍വേദ ഡോക്ടര്‍മാര്‍ 25 വ്യത്യസ്ത സ്പെഷാലിറ്റി വിഭാഗങ്ങളിലായി മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കും. പൊതുജനങ്ങള്‍ക്ക് ഈ സ്പെഷ്യാലിറ്റി ക്ലിനിക്കിന്‍റെ സൗജന്യ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

കായചികിത്സ, ജീവിതശൈലി രോഗങ്ങള്‍, അസ്ഥി മര്‍മ്മ ചികിത്സ, നേത്രരോഗ ചികിത്സ, വാതരോഗ ചികിത്സ, സ്പൈന്‍ ക്ലിനിക്, സ്ത്രീരോഗ ചികിത്സ, ബാലരോഗ ചികിത്സ, ആയുര്‍വേദ ന്യൂറോ, ഇഎന്‍ടി, പ്രസൂതി തന്ത്ര, ഡയബറ്റിക്, തൈറോയ്ഡ്, ഹൃദ്രോഗ ചികിത്സ, ചര്‍മ്മരോഗ ചികിത്സ, വിഷചികിത്സ, ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്, ആനോറെക്ടല്‍ ക്ലിനിക്, കളരി മര്‍മ്മ വിഭാഗം, ആയുര്‍വേദ സ്പോര്‍ട്സ് മെഡിസിന്‍, ഓട്ടിസം ക്ലിനിക്, മാനസികരോഗ ചികിത്സാ വിഭാഗം, നാഡീ പരീക്ഷ എന്നിവയ്ക്കുള്ള പ്രത്യേക സ്പെഷ്യാലിറ്റി വിഭാഗങ്ങള്‍ ഉണ്ടാകും.

കൂടാതെ സൗജന്യ അസ്ഥിസാന്ദ്രത പരിശോധന ക്യാമ്പ്, സൗജന്യ പ്രമേഹ രോഗനിര്‍ണയം, സൗജന്യ നേത്ര പരിശോധന, സൗജന്യ നാഡിപരീക്ഷ (പള്‍സ് റീഡിങ്) എന്നിവയും ഇതിന്‍റെ ഭാഗമായി നടക്കും. ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിന് 15 ലക്ഷം രൂപയോളം വിലവരുന്ന ആയുര്‍വേദ മരുന്നുകളും എഎച്ച്എംഎയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

സെന്‍റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍, കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള സര്‍ക്കാര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ ആയുര്‍വേദ സംഘടനകള്‍ ചേര്‍ന്നാണ് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. 'ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും' എന്നതാണ് ജിഎഎഫിന്‍റെ പ്രമേയം.

Photo Gallery