സിബിഎല്‍ മൂന്നാം സീസണ്‍; കായംകുളത്ത് പിബിസി വീയപുരം ഒന്നാമത്

യുബിസി നടുഭാഗത്തിന് രണ്ടാം സ്ഥാനം
Kayamkulam / November 18, 2023


കായംകുളം: കേരള ടൂറിസത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ പ്രീമിയര്‍ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മൂന്നാം സീസണില്‍ കായംകുളത്ത് നടന്ന ഒമ്പതാം മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) തുഴഞ്ഞ വീയപുരം (4.45.03 മിനിറ്റ്) ഒന്നാമതെത്തി. കരുവാറ്റയില്‍ നടന്ന എട്ടാം മത്സരത്തിലേറ്റ പരാജയത്തിന് യുബിസി കൈനകരി(കോസ്റ്റ് ഡോമിനേറ്റേഴ്സ്) തുഴഞ്ഞ നടുഭാഗം ചുണ്ടനെ(4.48.09 മിനിറ്റ്) പത്തോളം തുഴപ്പാടുകള്‍ക്ക് പിന്നിലാക്കിയാണ് വീയപുരം വിജയിച്ചത്. പുന്നമട ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ വാരിയേഴ്സ്)തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ മൂന്നാമത് ഫിനിഷ് ചെയ്തു.

ചൂണ്ടന്‍ വള്ളങ്ങളുടെ ഉത്ഭവ സ്ഥലമായ കായംകുളത്ത് വാശിയേറിയ പോരാട്ടമാണ് ഹീറ്റ്സ് മത്സരങ്ങളിലടക്കം കണ്ടത്. മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് സിബിഎല്‍ മത്സരങ്ങള്‍ പുനരാരംഭിച്ചത്. ഒക്ടോബര്‍ 28 ന് കരുവാറ്റയില്‍ നടന്ന മത്സരത്തില്‍ വ്യക്തമായ ലീഡോടെ യുബിസി നടുഭാഗം തോല്‍പ്പിച്ചതിനുള്ള പ്രതികാരമായിരുന്നു കായംകുളത്ത് വീയപുരം നടത്തിയത്.

 ഫൈനലില്‍ നെട്ടായത്തിന്‍റെ മുക്കാല്‍ഭാഗവും വീയപുരവും നടുഭാഗവും ഒപ്പത്തിനൊപ്പമാണ് തുഴഞ്ഞെത്തിയത്. എന്നാല്‍ അവസാന നൂറുമീറ്ററില്‍ അവിശ്വസനീയ കുതിപ്പ് നടത്തിയ വീയപുരം വ്യക്തമായ ലീഡോടെ ഒന്നാമതെത്തി. ഇതുവരെയുള്ള മത്സരങ്ങളില്‍ നിന്ന് ഭിന്നമായി കാരിച്ചാല്‍ കറുത്തകുതിരകളായാണ് ഹീറ്റ്സില്‍ നിന്നും ഫൈനലിന് യോഗ്യത നേടിയത്. മികച്ച സമയം(4.50.40 മിനിറ്റ്) കുറിച്ചാണ് അവര്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

കായംകുളത്തെ മത്സരം കൂടി കഴിഞ്ഞതോടെ 86 പോയിന്‍റുമായി പിബിസി വീയപുരം ഒന്നാം സ്ഥാനത്തും 84 പോയിന്‍റുമായി യുബിസി നടുഭാഗം രണ്ടാം സ്ഥാനത്തും തുടരുന്നു. 64 പോയിന്‍റുകളുമായി എന്‍സിഡിസി നിരണവും പോലീസ് ബോട്ട് ക്ലബ് മഹാദേവിക്കാട് കാട്ടില്‍ തെക്കേതിലും മൂന്നാം സ്ഥാനം പങ്കിടുകയാണ്.
കായംകുളം നഗരസഭ അധ്യക്ഷ പി ശശികല അധ്യക്ഷത വഹിച്ച ചടങ്ങില്‍ എംഎല്‍എ യു പ്രതിഭ വള്ളംകളി ഉദ്ഘാടനം ചെയ്തു. ജില്ലാകളക്ടര്‍ ജോണ്‍ വി സാമുവല്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, സിബിഎല്‍ ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

എന്‍സിഡിസി(മൈറ്റി ഓര്‍സ്) തുഴഞ്ഞ നിരണം ചുണ്ടന്‍ (നാല്), പോലീസ് ബോട്ട് ക്ലബ്(റേജിംഗ് റോവേഴ്സ്) മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍(അഞ്ച്), കെബിസി/എസ്എഫ്ബിസി(തണ്ടര്‍ ഓര്‍സ്) പായിപ്പാടന്‍(ആറ്), നിരണം ബോട്ട് ക്ലബ് (ബാക്ക് വാട്ടര്‍ കിംഗ്സ്)സെ. പയസ് (ഏഴ്) വേമ്പനാട് ബോട്ട് ക്ലബ് (പ്രൈഡ് ചേസേഴ്സ്) ആയാപറമ്പ് പാണ്ടി(എട്ട്), കുമരകം ടൗണ്‍ ബോട്ട്ക്ലബ് (ബാക്ക് വാട്ടര്‍ വാരിയേഴ്സ്)ചമ്പക്കുളം (ഒമ്പത്) എന്നിങ്ങനെയാണ് കായംകുളത്തെ വിജയനില.

കല്ലട, കൊല്ലം(നവംബര്‍ 25), പാണ്ടനാട്, ചെങ്ങന്നൂര്‍ ആലപ്പുഴ(ഡിസംബര്‍ 2), പ്രസിഡന്‍റ്സ് ട്രോഫി, കൊല്ലം(ഡിസംബര്‍ 9) എന്നിവയാണ് ഇനി നടക്കാനുള്ള മത്സരങ്ങള്‍.

Photo Gallery

+
Content