സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതല്‍ മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കണം: ഹഡില്‍ ഗ്ലോബല്‍

Trivandrum / November 18, 2023

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതല്‍ മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നവരാകണമെന്ന് അഞ്ചാമത് ഹഡില്‍ ഗ്ലോബല്‍ 2023 ആഹ്വാനം ചെയ്തു. ആശയങ്ങള്‍ മുന്നോട്ടുവെക്കുന്നതിലും ഉത്പ്പന്ന വില്‍പ്പനയിലും  നിക്ഷേപകരുമായി ബന്ധപ്പെടുന്ന കാര്യത്തിലും വിമുഖത കാണിക്കേണ്ടതില്ല. അതേസമയം മാര്‍ഗനിര്‍ദേശം  തേടുമ്പോള്‍ ക്ഷമാശീലം വേണമെന്നും ഹഡിലിന്‍റെ ഭാഗമായി നടന്ന കൂട്ടായ്മയില്‍ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ഏഞ്ചല്‍ നിക്ഷേപകര്‍ പുതുസ്ഥാപനങ്ങളുമായി എത്തുന്നവരോട് സഹാനുഭൂതിയുള്ളവരാകണം. അനുകൂലവും പ്രതികൂലവുമായ കാര്യങ്ങള്‍ ഉപദേശിക്കണം. തുടര്‍ന്ന് തീരുമാനങ്ങള്‍ക്ക് അവര്‍ക്കു സ്വാതന്ത്ര്യം നല്‍കണം. സ്റ്റാര്‍ട്ടപ്പുകളെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് പ്രാപ്തമാക്കുന്നവര്‍ എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച.
   
നവീന ആശയങ്ങള്‍ നടപ്പാക്കുന്ന പുതിയ കമ്പനികള്‍ക്കുവേണ്ടി രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം ശക്തമാക്കുന്നതിന് തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും അത് ഊര്‍ജ്ജിതമായി നടപ്പാക്കുന്നുണ്ടെന്നും സ്റ്റാര്‍ട്ടപ് ഇന്ത്യാ കണ്‍സള്‍ട്ടന്‍റ് രജിത് രാജവംശി വ്യക്തമാക്കി. വ്യാപാരത്തിലും സേവനമേഖലയിലും നിര്‍മ്മാണത്തിലും ഹരിതചട്ടങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്താന്‍ പരിശ്രമമുണ്ടെന്നും അദ്ദേഹം അറിയിച്ചു.  
   
സ്റ്റാര്‍ട്ടപ് ഇന്ത്യക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍റര്‍നാഷണല്‍ ബ്രിഡ്ജസ് എന്ന സ്ഥാപനം ഇതുവരെ 22 രാജ്യങ്ങളുമായി ബന്ധമുണ്ടാക്കിയിട്ടുണ്ട്. ലോകബാങ്ക്, ഐഎല്‍ഒ തുടങ്ങിയ സ്ഥാപനങ്ങളുമായും ബ്രിക്സ്, ആസിയാന്‍ തുടങ്ങിയവയുമായും സഹകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന്  രാജവംശി പറഞ്ഞു. രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥ മുന്‍പത്തേതിലും ഉത്തേജിതമായ സാഹചര്യത്തില്‍ സ്റ്റാര്‍ട്ടപ് ഇന്ത്യ ഉല്‍പ്രേരകമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ സാമാന്യം വേഗതയിലാണെന്ന് ജര്‍മ്മന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ് വിനിമയ പദ്ധതി മേധാവി ജൂലിയന്‍ സിക്സ് ചൂണ്ടിക്കാട്ടി. ചില മേഖലകളില്‍ ഇന്ത്യക്കുള്ള പ്രാവീണ്യം മനസ്സിലാക്കുന്നതിന് ജര്‍മനി ശ്രമിച്ചു വരികയാെണന്നും അദ്ദേഹം പറഞ്ഞു.

ബ്ലൂം വെഞ്ചേഴ്സ്, ഹെഡ്സ്റ്റാര്‍ട് നെറ്റ് വര്‍ക്ക് ഫൗണ്ടേഷന്‍ എന്നിവയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഗൗതം ശിവരാമകൃഷ്ണന്‍ മോഡറേറ്ററായിരുന്നു.

 

Photo Gallery