ജീവശാസ്ത്രപഠനത്തില്‍ വിഷയാന്തര പ്രവര്‍ത്തനങ്ങള്‍ പരമപ്രധാനം- ആര്‍ജിസിബി സ്ഥാപകദിനത്തില്‍ ഡോ. സത്യജിത് മേയര്‍
Trivandrum / November 17, 2023
തിരുവനന്തപുരം: ജീവശാസ്ത്രത്തിലെ പ്രത്യേക പ്രശ്ന പരിഹാരങ്ങള്‍ക്ക് വിഷയാന്തര പഠന പ്രവര്‍ത്തനങ്ങള്‍ (ഇന്‍റര്‍ഡിസിപ്ലിനറി വര്‍ക്ക്സ്) ആധുനിക കാലഘട്ടത്തില്‍ ഏറെ അനിവാര്യമാണെന്ന് പ്രശസ്ത സസ്യശാസ്ത്രജ്ഞന്‍ സത്യജിത് മേയര്‍ അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ സ്ഥാപകദിനത്തില്‍ 'ദി എഡ്ജ് ഓഫ് എ സെല്‍, എ ലിവിംഗ് ഫാബ്രിക് വേര്‍ ഫിസിക്സ് മീറ്റ്സ് ബയോളജി' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു പ്രത്യേക കാര്യം ചെയ്യുന്നതിന് മാത്രമായി ഒരു ബയോളജിസ്റ്റിനെ ആവശ്യമില്ല. മറിച്ച് വിവിധ വിഷയങ്ങളില്‍ അറിവുള്ളയാള്‍ക്ക് പ്രശ്നങ്ങള്‍ കൂടുതല്‍ ആവേശകരമായി പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ബംഗളുരുവിലെ നാഷണല്‍ സെന്‍റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസിന്‍റെയും ഡിബിറ്റി ഇന്‍സ്റ്റെമിന്‍റെയും മുന്‍ ഡയറക്ടറാണ് ഡോ. സത്യജിത് മേയര്‍.
ഭൗതികശാസ്ത്രവും ജീവശാസ്ത്രവും തമ്മിലുള്ള ബന്ധം ഏറെ കൗതുകകരമാണ്. ഭൗതികശാസ്ത്രത്തിലെ ആശയങ്ങള്‍ ജീവശാസ്ത്രത്തില്‍ പ്രയോഗിക്കുമ്പോള്‍ പ്രകൃതിയുടെ തന്നെ ബന്ധത്തെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
1990 ല്‍ സ്ഥാപിതമായ ആര്‍ജിസിബിയുടെ ഇതുവരെയുള്ള നാഴികക്കല്ലുകളുടെയും പ്രയാണത്തിന്‍റെയും ലഘുവിവരണം ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണ നല്‍കി. മുന്‍പ്രധാനമന്ത്രി വി പി നരസിംഹറാവു 1995 ല്‍ തറക്കല്ലിടുകയും മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുള്‍കലാം 2002 നവംബര്‍ 18 ന് സ്ഥാപനം രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു.
ഗവേഷണങ്ങളിലെ പ്രതിബദ്ധത നിലനിറുത്തുന്നതിനോടൊപ്പം വിജ്ഞാനം പ്രദാനം ചെയ്യുന്നതിനും ആര്‍ജിസിബി മുന്‍പന്തിയിലാണെന്ന് പ്രൊഫ. ചന്ദ്രഭാസ് ചൂണ്ടിക്കാട്ടി. ആറ് ശാസ്ത്ര മേഖലകളിലായി ഉന്നത നിലവാരം പുലര്‍ത്തുന്ന നിരവധി പ്രബന്ധങ്ങള്‍ സ്ഥാപനം പുറത്തിറക്കിയിട്ടുണ്ട്.
ആക്കുളത്ത് ആരംഭിക്കാന്‍ പോകുന്ന പുതിയ കാമ്പസില്‍ മൃഗ ഗവേഷണത്തിനുള്ള പ്രത്യേക ഫെസിലിറ്റി ആരംഭിക്കും. ഏറ്റവും ആധുനികമായ ഉപകരണങ്ങളാണ് ഇതിലുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
ഡോ. എം ആര്‍ ദാസ് സ്റ്റുഡന്‍റ് മെറിറ്റ് പുരസ്ക്കാരം, മികച്ച പ്രബന്ധത്തിനുള്ള പി കെ അയ്യങ്കാര്‍ പുരസ്ക്കാരം, അധ്യാപക പുരസ്ക്കാരങ്ങള്‍, ക്വിസ് മത്സരവിജയികള്‍ക്കുള്ള പുരസ്ക്കാരങ്ങള്‍ തുടങ്ങിയവ സമ്മാനിച്ചു.
Photo Gallery
