സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കോര്‍പ്പസ് ഫണ്ട് രൂപീകരിക്കാന്‍ വ്യവസായികള്‍ തയ്യാറാകണമെന്ന് ശശി തരൂര്‍ എം.പി

Trivandrum / November 16, 2023

തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ വ്യവസായികളടക്കം അതിസമ്പന്നരായവര്‍ ചേര്‍ന്ന് 50 ദശലക്ഷം ഡോളറിന്‍റെ നിക്ഷേപക കോര്‍പ്പസ് ഫണ്ട് രൂപീകരിക്കാന്‍ തയ്യാറാകുമോ എന്ന് ഡോ ശശി തരൂര്‍ എം.പി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അടിമലത്തുറയില്‍ സംഘടിപ്പിച്ച  ഹഡില്‍ ഗ്ലോബല്‍ 2023-ലാണ് തരൂര്‍ ഇത്തരത്തില്‍ വെല്ലുവിളി ഉയര്‍ത്തിയത്.

കേരളത്തിലെ പ്രമുഖ നിക്ഷേപകരും വ്യവസായികളുമുള്‍പ്പെടെ 50 പേര്‍ 10 ലക്ഷം ഡോളര്‍ വീതം നിക്ഷേപിച്ച് ഒരു കോര്‍പ്പസ് ഫണ്ട് സൃഷ്ടിക്കണം. ഇത് കേരളത്തിന്‍റെ ഭാവി വികസനരംഗത്ത് പുതിയ കാല്‍വയ്പിനും ദിശാമാറ്റത്തിനും വഴിയൊരുക്കും. ഇത്തരം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്ന് ചടങ്ങില്‍ പങ്കെടുത്ത സംരംഭകരോട് തരൂര്‍ ആവശ്യപ്പെട്ടു. കേരളത്തിലെ വ്യവസായ വികസനത്തിന് നിക്ഷേപസന്നദ്ധരായ സംരംഭകര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതിക വിദ്യയില്‍ ലോകത്തിന്‍റെ വെല്ലുവിളികള്‍ നേരിടാന്‍ കേരളം സന്നദ്ധമാണ്. ഇക്കാര്യത്തില്‍ വ്യക്തമായ സന്ദേശം നല്‍കാന്‍ ഹഡില്‍ ഗ്ലോബല്‍ 2023-ന് കഴിയും. വികസിത രാജ്യങ്ങള്‍ വയോവൃദ്ധരുടെ സമൂഹങ്ങളായി മാറുകയാണ്. അമേരിക്കന്‍ ജനതയുടെ ശരാശരി പ്രായം 40 ആണ്. എന്നാല്‍ ഇന്ത്യയില്‍ അത് 29 വയസ്സും. യുവത്വം നിഞ്ഞ ജനത യാഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ശക്തിയും സമ്പത്തുമാണ്.

പല സംസ്ഥാനങ്ങളിലും വിദ്യാഭ്യാസത്തിന് വേണ്ടത്ര ഗുണമേന്‍മ ഇല്ലെന്നതാണ് രാജ്യം നേരിടുന്ന വെല്ലുവിളി. എന്നാല്‍ മികച്ച വിദ്യാഭ്യാസ രീതികള്‍ ആവിഷ്കരിച്ച് കേരളം നേരത്തെ തന്നെ ഈ വെല്ലുവിളികളെ മറികടന്നു. പ്രതിഭാശാലികളെ തേടുന്ന ഭീമന്‍ കമ്പനികള്‍ക്കും ഗവേഷണസ്ഥാപനങ്ങള്‍ക്കും കേരളം ആശാ കേന്ദ്രമായതിന് പിന്നില്‍ വിദ്യാഭ്യാസമേഖലയുടെ പങ്ക് വലുതാണ്. ബിരുദധാരികള്‍ തൊഴില്‍ അന്വേഷകരായിരുന്ന കാലം കഴിഞ്ഞു. ഇന്ന് യുവാക്കള്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകരോ വ്യവസായ സംരംഭകരോ ആകാനാണ് ആഗ്രഹിക്കുന്നത്. ഈ സാധ്യത ഉപയോഗപ്പെടുത്താന്‍ നമുക്ക്  കഴിയണമെന്നും ശശി തരൂര്‍ പറഞ്ഞു. ഹഡില്‍ ഗ്ലോബല്‍ അഞ്ചാമത് എഡിഷനില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമായി 15000 പ്രതിനിധികള്‍ പങ്കെടുക്കുന്നു.

Photo Gallery

+
Content