മാലിന്യമുക്തം നവകേരളം പ്രചരണത്തിന് ഓട്ടോകളും ടാക്സികളും

Trivandrum / November 15, 2023

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം പ്രചരണത്തിന്‍റെ ഭാഗമായി ക്യാമ്പയിന്‍ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പ്രചരണ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ ഓട്ടോ-ടാക്സി മേഖലയിലെ പ്രമുഖ തൊഴിലാളി സംഘടനകള്‍ രംഗത്ത്. തിരുവനന്തപുരം നഗരത്തിലെ ടാക്സികളിലും ഓട്ടോറിക്ഷകളിലും പ്രചരണ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കും.

വാഹനങ്ങളില്‍ 'ഞങ്ങള്‍ പങ്കാളികള്‍' എന്ന മുദ്രാവാക്യം രേഖപ്പെടുത്തും. റിയര്‍ വ്യൂ മിററുകളില്‍ തൂക്കിയിടാന്‍ കഴിയുന്ന വിധമാണ് സന്ദേശങ്ങളടങ്ങിയ തോരണങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. മാലിന്യക്കൂമ്പാരങ്ങള്‍ എവിടെയൊക്കെയാണെന്ന് അധികൃതരെ അറിയിക്കുന്നതിനുള്ള ക്യൂ ആര്‍ കോഡും ഇതിലുണ്ടാകും.

അംഗീകൃത ഓട്ടോ-ടാക്സി നിരക്കുകളുടെ വിശദാംശങ്ങള്‍ക്കൊപ്പം മോട്ടോര്‍ തൊഴിലാളികളുടെ ക്ഷേമനിധി വിവരങ്ങളും പ്രചരണത്തിന്‍റെ സന്ദേശങ്ങളും ബ്രോഷറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്‍റെ ഗ്ലോവ് ബോക്സില്‍ സൂക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇതിന്‍റെ രൂപകല്‍പന. കാറുകളിലും ഓട്ടോറിക്ഷകളിലും ഡ്രൈവര്‍ സീറ്റിന്‍റെ പിന്‍വശത്ത് സ്റ്റിക്കറായി പതിപ്പിക്കുന്നതിനും സാധിക്കും.

ട്രേഡ് യൂണിയന്‍ നേതാക്കളുടെ സാന്നിധ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ബ്രോഷര്‍ പ്രകാശനം ചെയ്തു. പി. രാജേന്ദ്രകുമാര്‍ (സിഐടിയു), വിആര്‍ പ്രതാപന്‍ (ഐഎന്‍ടിയുസി), ശാന്തിവിള സതി (ബിഎംഎസ്), പി. അജിത്കുമാര്‍ (ടാക്സി ഡ്രൈവേഴ്സ് ഓര്‍ഗനൈസേഷന്‍) എന്നിവര്‍ പങ്കെടുത്തു. ട്രേഡ് യൂണിയന്‍ നേതാക്കളുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച മന്ത്രി പ്രചരണത്തിന് അവരുടെ പിന്തുണ അഭ്യര്‍ത്ഥിച്ചു.

Photo Gallery

+
Content