സംസ്ഥാന വ്യാപകമായി വിദ്യാര്‍ത്ഥികളുടെ ഹരിതസഭ സംഘടിപ്പിച്ചു മാലിന്യ സംസ്കരണ സംവിധാനങ്ങളില്‍ ചോദ്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍

Trivandrum / November 14, 2023

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം പ്രചരണത്തിന്‍റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഹരിതസഭയില്‍ കുട്ടികളുടെ മികച്ച പങ്കാളിത്തം. പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രദേശത്തെ നിലവിലുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ അവലോകനം ചെയ്യാനും അവ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ചോദിക്കാനും അവസരം ലഭിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ നിരീക്ഷിച്ച അപാകതകളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി ചോദ്യങ്ങളാണ് ജനപ്രതിനിധികളോട് ചോദിക്കാനുണ്ടായിരുന്നത്. നഗരസഭ പരിധിയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള നൂറോളം വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്കൊപ്പം ഹരിതസഭയില്‍ പങ്കെടുത്തു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ ഫലപ്രദമായി കൈകാര്യംചെയ്യുന്നതിനുള്ള നൂതന ആശയങ്ങളും വിദ്യാര്‍ത്ഥികള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ വനശ്രീ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഹരിതസഭ വി.കെ പ്രശാന്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്കരണത്തിന്‍റെ കാര്യത്തില്‍ നിരുത്തരവാദപരമായ സമീപനം സ്വീകരിക്കുന്ന മുതിര്‍ന്നവരെ തിരുത്താനുള്ള ഉത്തരവാദിത്തം കുട്ടികള്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശരണ്യ എസ്.എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉത്തരവാദിത്ത മാലിന്യ സംസ്കരണ നയവുമായി ബന്ധപ്പെട്ട പ്രതിജ്ഞ കൗണ്‍സിലര്‍ രാഖി രവികുമാര്‍ ചൊല്ലിക്കൊടുത്തു. ഹരിതകേരളം മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ടി എന്‍ സീമ മുഖ്യപ്രഭാഷണം നടത്തി. നഗരസഭയിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗായത്രി ബാബു സമര്‍പ്പിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാജിദ നാസര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. ബിജു തുടങ്ങിയവര്‍ സംസാരിച്ചു.

നഗരസഭ സെക്രട്ടറി ബിനു ഫ്രാന്‍സിസ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ശുചിത്വ മിഷന്‍റെയും ഹരിതകേരളം മിഷന്‍റെയും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. സമാപന ചടങ്ങില്‍ കെഎസ് ഡബ്ല്യൂഎംപി പ്രോജക്ട് ഡയറക്ടര്‍ ഡോ. ദിവ്യാ എസ് അയ്യര്‍ പങ്കെടുത്തു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ഏഴ് വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമുള്ള നിരീക്ഷണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നഗരസഭാ അധികൃതരുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു.  

Photo Gallery

+
Content