മാലിന്യ നിര്‍മാര്‍ജന പ്രശ്നങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി കുട്ടികളുടെ ഹരിതസഭ ഇന്ന്

Trivandrum / November 13, 2023

തിരുവനന്തപുരം: മാലിന്യ നിര്‍മാര്‍ജനം സംബന്ധിച്ച പ്രശ്നങ്ങള്‍, നിര്‍ദേശങ്ങള്‍, ജനപ്രതിനിധികളോടുള്ള ചോദ്യങ്ങള്‍ എന്നിവയുമായി കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന ഹരിതസഭ ഇന്ന്. തദ്ദേശ സ്വയംഭരണ വകുപ്പ് (എല്‍എസ് ജിഡി) സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന ആദ്യ ഹരിതസഭയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

മാലിന്യമുക്തം നവകേരളം കാമ്പയിന്‍റെ ഭാഗമായി അതത് പ്രദേശങ്ങളിലെ മാലിന്യ സംസ്കരണ സംവിധാനം മെച്ചപ്പെടുത്തുന്നതിന് വിദ്യാര്‍ത്ഥികളുടെ നൂതന ആശയങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനാണ് ഹരിതസഭ സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളെക്കുറിച്ച് മനസിലാക്കി മാലിന്യ പ്രശ്നത്തില്‍ ക്രിയാത്മകമായി ഇടപെടുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ സാധിക്കും.  

 തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളിലുള്ള പോരായ്മകള്‍ കണ്ടെത്തുന്നതിനായി വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ചുറ്റുമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഹരിതസഭയ്ക്കായി വിദ്യാര്‍ത്ഥികളെ സജ്ജരാക്കാന്‍ സ്കൂള്‍ അധികൃതര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് നല്കിയ നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനം.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളോട് ചോദ്യം ചോദിക്കുന്നതിനും തുടര്‍നടപടികള്‍ ആവശ്യപ്പെടുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യമായി ലഭിക്കുന്ന ഒരു വേദി കൂടിയാണ് ഹരിതസഭ.  അതത് പ്രദേശത്തെ മാലിന്യ സംസ്ക്കരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വിദ്യാര്‍ത്ഥികളുടെ ക്രിയാത്മകമായ ആശയങ്ങള്‍ ഹരിതസഭയില്‍ ചര്‍ച്ച ചെയ്യും.

തദ്ദേശ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പങ്കെടുക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജനപ്രതിനിധികള്‍ അവതരിപ്പിക്കും. വിദ്യാര്‍ത്ഥികളുടെ നിരീക്ഷണങ്ങളും ഭാവിയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ഹരിതസഭയില്‍ ചര്‍ച്ച ചെയ്ത് ഭരണസമിതി പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം.

കാമ്പയിന്‍ വലിയ വിജയമാക്കുന്നതിന് വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും എല്‍എസ് ജിഡി കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. മാലിന്യ നിര്‍മാര്‍ജന പ്രശ്നങ്ങളില്‍ ചോദ്യങ്ങളുയര്‍ത്തുവാന്‍ തയ്യാറായി നില്ക്കുന്ന കുട്ടികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ശുചിത്വ മിഷന്‍ രൂപകല്‍പന ചെയ്ത പോസ്റ്ററും ശ്രദ്ധ നേടിയിട്ടുണ്ട്. 'നിങ്ങള്‍ക്ക് ഈ സംവിധാനം മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍ ഞങ്ങള്‍ ശ്രമിക്കാം' എന്ന് ബാലനടി മൃണ്‍മയി പറയുന്ന ഒരു ചെറിയ വീഡിയോയും വൈറലായിട്ടുണ്ട്.
 

 

Photo Gallery

+
Content