സംസ്ഥാനത്തെ ആദ്യ മില്‍മ ബേക്കറി ആന്‍ഡ് കോണ്‍ഫക്ഷ്ണറി യൂണിറ്റ് നാടിന് സമര്‍പ്പിച്ചു

Thrissur / November 12, 2023

ചാലക്കുടി: ഡാര്‍ക്ക് ചോക്ലേറ്റ് അടക്കമുള്ള വൈവിദ്ധ്യങ്ങളായ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് മില്‍മ എറണാകുളം മേഖലാ യൂണിയന്‍ നിര്‍മ്മിച്ച ബേക്കറി ആന്‍ഡ് കോണ്‍ഫെക്ഷണറി നിര്‍മ്മാണ യൂണിറ്റ് ചാലക്കുടിയില്‍ ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

ചാലക്കുടിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന മില്‍മ ചില്ലിംഗ് യൂണിറ്റാണ് ബേക്കറി ആന്‍ഡ് കോണ്‍ഫക്ഷ്ണറി നിര്‍മ്മാണത്തിനായി ഒരുക്കിയത്. പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങളില്‍ തന്നെ വികേന്ദ്രീകൃത ശീതീകരണ സംവിധാനം തയ്യാറാക്കിയതോടെ വലിയ തോതില്‍ മേഖലാടിസ്ഥാനത്തില്‍ ശീതികരണ സംവിധാനങ്ങള്‍ ആവശ്യമില്ലാതെ വന്നു. ഈ സാഹചര്യത്തിലാണ് ഇത് ബേക്കറി ആന്‍ഡ് കോണ്‍ഫക്ഷ്ണറി നിര്‍മ്മാണത്തിനായി ഉപയോഗിക്കാന്‍ മില്‍മ എറണാകുളം മേഖലാ യൂണിയന്‍ തീരുമാനിച്ചത്.  

പുഡ്ഡിംഗ് കേക്ക്, വാനില കപ്പ് കേക്ക്, മില്‍ക്ക് ബഡ്, മില്‍ക്ക് ബണ്‍, മില്‍ക്ക് റസ്ക്, വിവിധ തരം കുക്കീസുകള്‍ എന്നിവയാണ് തുടക്കത്തില്‍ ഉത്പാദിപ്പിക്കുന്നത്. മില്‍മ ചോക്ലേറ്റ്, ഡാര്‍ക്ക് ചോക്ലേറ്റ് എന്നിവയും വരും നാളുകളില്‍ ഇവിടെ നിന്നും ഉത്പാദിപ്പിക്കും. ക്രിസ്മസ്- ന്യൂഇയര്‍ സമയങ്ങളില്‍ അര ലക്ഷത്തിലധികം കേക്കാണ് നിലവില്‍ മേഖലാ യൂണിയന്‍ ഉത്പാദിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ ഇത് വര്‍ധിപ്പിക്കാനും പുതിയ യൂണിറ്റിന്‍റെ പ്രവര്‍ത്തനത്തിലൂടെ സാധിക്കും.

നിലവിലുള്ള സൗകര്യങ്ങളെ ഫലപ്രദമായി എങ്ങിനെ ഉപയോഗപ്പെടുത്താമെന്നതിന്‍റെ തെളിവാണ് ചാലക്കുടിയിലെ പുതിയ യൂണിറ്റെന്ന് മന്ത്രി പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എറണാകുളം മേഖലാ യൂണിയനെ മന്ത്രി അഭിനന്ദിച്ചു. പാല്‍ ഉത്പാദനം മാത്രമല്ല, മറിച്ച് മൂല്യവര്‍ധിത ഉത്പന്നങ്ങളിലെ വൈവിദ്ധ്യമാണ് മില്‍മയെ വേറിട്ട് നിറുത്തുന്നത്. വൈവിദ്ധ്യമാര്‍ന്ന ബേക്കറി ഉത്പന്നങ്ങള്‍ വിപണിയിലേക്കെത്തിക്കാന്‍ പുതിയ യൂണിറ്റിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം മേഖലാ ക്ഷീരോത്പാദക യൂണിയന്‍ കര്‍ഷകര്‍ക്ക് ഇപ്പോള്‍ നല്‍കി വരുന്ന ഇന്‍ഷുറന്‍സ് പ്രീമിയം സബ്സിഡി 300 രൂപയില്‍ നിന്ന് 500 രൂപയാക്കി ഉയര്‍ത്തുമെന്ന് (ഇആര്‍എംസിപിയു-മില്‍മ) ചെയര്‍മാന്‍ എം ടി ജയന്‍ പറഞ്ഞു. ചാലക്കുടിയിലെ പുതിയ പ്ലാന്‍റിന്‍റെ മിച്ചമുള്ള സ്ഥലത്ത് കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ഫുഡ് ക്രാഫ്റ്റ് യൂണിറ്റ്  എന്നിവ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എ ജെ സനീഷ് കുമാര്‍ ജോസഫ് അധ്യക്ഷനായിരുന്ന ചടങ്ങില്‍, ബെന്നി ബഹനാന്‍ എം പി, ഇആര്‍എംസിപിയു എംഡി വില്‍സണ്‍ ജെ പുറവക്കാട്ട്, മുന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, ഇആര്‍എംസിപിയു ഭരണസമിതി അംഗങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Photo Gallery

+
Content