20 ദിവസത്തെ സംസ്ഥാനതല ഗ്രാന്‍റ് കേരള ആയുര്‍വേദ ഫെയറിന് തുടക്കം

Trivandrum / November 10, 2023

തിരുവനന്തപുരം: അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിന് (ജി.എ.എഫ്-2023) മുന്നോടിയായി സംസ്ഥാനവ്യാപകമായി നടക്കുന്ന 20 ദിവസത്തെ ഗ്രാന്‍റ് കേരള ആയുര്‍വേദ ഫെയറിന് (ജി.കെ.എ.എഫ്) തുടക്കമായി. ജി.കെ.എ.എഫിന്‍റെ സംസ്ഥാനതല ഉദ്ഘാടനവും പോസ്റ്റര്‍ പ്രകാശനവും ദേശീയ ആയുര്‍വേദ ദിനാചരണവും തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ പ്രിന്‍സിപ്പല്‍ ഡോ.ജി. ജയ് നിര്‍വ്വഹിച്ചു. നവംബര്‍ 10 മുതല്‍ 30 വരെയാണ് ആയുര്‍വേദ ഫെയര്‍ നടക്കുന്നത്.


'ആയുര്‍വേദത്തിലൂടെ ആരോഗ്യത്തോടെ ജീവിക്കുക' എന്ന മുദ്രാവാക്യവുമായി എല്ലാ ജില്ലകളിലും റോഡ് ഷോ, പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, ആയുര്‍വേദ ആഹാര്‍, ഔഷധസസ്യ വിതരണം, കുട്ടികള്‍ക്കായുള്ള മത്സരങ്ങള്‍, സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ ജി.കെ.എ.എഫിന്‍റെ ഭാഗമായി സംഘടിപ്പിക്കും. പൊതുജന പങ്കാളിത്തത്തോടെ നടത്തുന്ന പരിപാടിയില്‍ ആയുര്‍വേദ സംഘടനകളും സ്ഥാപനങ്ങളും ഭാഗമാകും.

ഉദ്ഘാടന ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജി.കെ.എ.എഫ് ചെയര്‍മാന്‍ രാജു തോമസ്, മുതിര്‍ന്ന ആയുര്‍വേദ ഭിഷഗ്വരന്‍ ഡോ.ശങ്കരന്‍കുട്ടി, ആയുര്‍വേദ ടീച്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ.സീമജ, പി.ടി.എ വൈസ് പ്രസിഡന്‍റ് എം.പി സന്തോഷ്, എ.എം.എ.ഐ ജില്ലാ സെക്രട്ടറി ഡോ.ഇന്നസെന്‍റ് ബോസ്, ദേശീയ ആയുര്‍വേദ ദിനാചരണ കണ്‍വീനര്‍ ഡോ.ഷീല എസ് എന്നിവരും സന്നിഹിതരായിരുന്നു.

ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജികെഎഎഫില്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ (എ.എച്ച്.എം.എ), ആയുര്‍വേദ മെഡിസിന്‍ മാനുഫാക്ചേഴ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (എ.എം.എം.ഒ.ഐ), ഗവ. ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍, മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍, മെഡിക്കല്‍ ഓഫീസേഴ്സ് ഫെഡറേഷന്‍, പ്രൈവറ്റ് ആയുര്‍വേദ കോളേജ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ (പി.എ.സി.ടി.ഒ), ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ (എ.കെ.പി.സി.ടി.എ), എ.എം.ഒ.എ എന്നീ സംഘടനകള്‍ പങ്കാളികളാണ്.
ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനും ആയുര്‍വേദ പങ്കാളികളും ഡോക്ടര്‍മാരും തമ്മിലുള്ള സഹകരണത്തിന് വേദിയൊരുക്കാനും ലക്ഷ്യമിട്ടാണ് ഡിസംബര്‍ 1 മുതല്‍ 5 വരെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ജി.എ.എഫ് സംഘടിപ്പിക്കുന്നത്.

'ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും' എന്നതാണ് പ്രമേയം.
കേന്ദ്ര-സംസ്ഥാന ആയുഷ് വകുപ്പുകള്‍, ആയുര്‍വേദ മേഖലയിലെ സന്നദ്ധ സ്ഥാപനങ്ങളായ എ.എം.എ.ഐ, എ.എം.എം.ഒ.ഐ, എ.എച്ച്.എം.എ, കെ.ഐ.എസ്.എം.എ, എ.ഡി.എം.എ, വിശ്വ ആയുര്‍വേദ പരിഷത്ത്, മറ്റ് 14 ആയുര്‍വേദ അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സെന്‍റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സി.ഐ.എസ്.എസ്.എ) ജി.എ.എഫ് സംഘടിപ്പിക്കുന്നത്.

Photo Gallery