വ്യാജവാര്‍ത്തകള്‍ തടയുന്നതിനായി വിദ്യാര്‍ത്ഥികളെയും സാങ്കേതികവിദഗ്ധരെയും ഒന്നിപ്പിക്കുന്ന ഹാക്ക്ഫേക്ക് ഹാക്കത്തോണ്‍

Kochi / November 8, 2023

കൊച്ചി: വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും മലയാളമടക്കമുള്ള പ്രാദേശിക ഭാഷകളില്‍ വ്യാപിക്കുന്നത് തടയുന്നതിനായി സിറ്റിസണ്‍ ഡിജിറ്റല്‍ ഫൗണ്ടേഷന്‍, ടിങ്കര്‍ഹബ് എന്നിവ ചേര്‍ന്ന് ഹാക്ക്ഫേക്ക് ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 11, 12 തീയതികളില്‍ കൊച്ചിയിലാണ് പരിപാടി നടക്കുന്നത്.

കോന്നി വിഎന്‍എസ് കോളേജിലെ ഹ്യൂമാനിറ്റീസ് വകുപ്പ്, കാലിക്കറ്റ് സര്‍വകലാശാല എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും ടിങ്കര്‍ഹബ് കൂട്ടായ്മയിലെ സാങ്കേതിക വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് 36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ ഹാക്കത്തോണില്‍ പങ്കെടുക്കുന്നത്. മലയാളത്തില്‍ പരക്കുന്ന വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും ഫലപ്രദമായി തടയുന്നതിനായുള്ള നൂതന ആശയങ്ങളാണ് ഹാക്ക്ഫേക്ക് ഹാക്കത്തോണില്‍ ഉയര്‍ന്നു വരേണ്ടത്. മാധ്യമസ്ഥാപനങ്ങള്‍, ഗവേഷകര്‍ എന്നിവരിലേക്ക് ഇതിന്‍റെ ഫലം എത്തിക്കുകയാണ് ലക്ഷ്യം.


മലയാള ഭാഷയിലുള്ള വാര്‍ത്തകളില്‍ കടന്നു കയറുന്ന വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പരിശോധിക്കുന്നതിനുള്ള നൂതന പരിഹാരമാര്‍ഗങ്ങളാണ് ഹാക്കത്തോണിലൂടെ രൂപപ്പെടുത്തേണ്ടത്. മാധ്യമപ്രവര്‍ത്തകര്‍, വ്യാജവാര്‍ത്ത പുറത്തു കൊണ്ടു വരുന്ന കൂട്ടായ്മകള്‍, എന്നിവര്‍ക്കൊക്കെ വലിയ സഹായം ഇതു വഴി ലഭിക്കും. ഇതിനു പുറമെ എന്തും ഷെയര്‍ ചെയ്യാവുന്ന സാമൂഹ്യമാധ്യമങ്ങളെ ആശ്രയിക്കുന്ന യുവതലമുറയ്ക്ക് കൂടുതല്‍ ഉത്തരവാദിത്തത്തോടെ ഈ ഇടങ്ങളില്‍ പ്രവര്‍ത്തിക്കാനും ഈ ഉദ്യമം പ്രേരകമാകും.
മെഷീന്‍ ലേണിംഗ്, നിര്‍മ്മിതബുദ്ധി, എന്നിവ ഉപയോഗിച്ച് ഭാഷയിലെ രീതികള്‍ മനസിലാക്കി വളരെ പെട്ടന്ന് വ്യാജവാര്‍ത്തയുടെ മുന്നറിയിപ്പ് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പരിപാടിയുമായി സഹകരിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ വഴി വിവരങ്ങളടങ്ങുന്ന ഡാറ്റാ ബേസ് പരിശോധിച്ച് ആവശ്യമായ കുറിപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. പരിചയസമ്പന്നരായ എഐ/എംഎല്‍ വിദഗ്ധരുടെ സാന്നിദ്ധ്യത്തിലാകും ഹാക്ക്ഫേക്ക് ഹാക്കത്തോണ്‍ നടക്കുന്നത്.

 
കൂടുതല്‍ വിവരങ്ങള്‍ക്ക്- അരുന്ധതി arundhathi@tinkerhub.org, ആകാശ്  akash.ss@citizendigitalfoundation.org എന്നിവരുമായി ബന്ധപ്പെടുക.

Photo Gallery