നാസ അന്താരാഷ്ട്ര ഹാക്കത്തോണ്‍; ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്തത് തൃശൂരില്‍

Thrissur / November 7, 2023

തൃശൂര്‍: ബഹിരാകാശ സാങ്കേതികവിദ്യയില്‍ 165ല്‍പ്പരം രാജ്യങ്ങളിലായി നാസ നടത്തുന്ന അന്താരാഷ്ട്ര ഹാത്തോണായ സ്പേസ് ആപ്പ് ചലഞ്ചില്‍ ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്തത് തൃശൂരില്‍. യുണീക്ക് വേള്‍ഡ് റോബോട്ടിക്സാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സഹകരണത്തോടെ ഹാക്കത്തോണ്‍ സംഘടിപ്പിച്ചത്.

എല്ലാ വര്‍ഷവും ഒക്ടോബറിലാണ് നാസ സ്പേസ് ആപ്പ് ചലഞ്ച് മത്സരങ്ങള്‍ നടത്തുന്നത്. 165ല്‍പരം രാജ്യങ്ങളിലായി 400 ലേറെ കേന്ദ്രങ്ങളിലാണ് ഈ മത്സങ്ങള്‍. ലെറ്റ്സ് എക്സ്പ്ലോര്‍ ഓപ്പണ്‍ സയന്‍സ് ടുഗെതര്‍ എന്ന പ്രമേയത്തിലായിരുന്നു 30 ചലഞ്ചുകള്‍ ടീമുകള്‍ക്കായി നല്‍കിയത്. തൃശൂര്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജിലായിരുന്നു മത്സരങ്ങള്‍ നടത്തിയത്.

ചാലക്കുടി സികെഎം എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കസ്സീനി,  തൃശൂര്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ മാക്സ്ക്യു, എറണാകുളം സെ. ആല്‍ബര്‍ട്സ് കോളേജിലെ റെഡ് സ്പോട്ട് എന്നീ ടീമുകള്‍ ഗ്ലോബല്‍ നോമിനേഷന്‍ നേടി.

നാസയുടെയും, ഇസ്രോ അടക്കമുള്ള മറ്റു 13 അന്താരാഷ്ട സ്പേസ് ഏജന്‍സികളുടെയും പക്കലുള്ള ഡാറ്റ ഉപയോഗിച്ചാണ് ടീമുകള്‍ ചലഞ്ച് പരിഹരിക്കാന്‍ ശ്രമിച്ചത്. ഗ്ലോബല്‍ നോമിനേഷന്‍ ലഭിച്ച മൂന്ന് ടീമുകളുടെ പ്രോജക്ടുകളും അടുത്ത ഘട്ടത്തില്‍ നാസയിലെ വിദഗ്ധ ശാസ്ത്രജ്ഞരടങ്ങുന്ന സമിതിയാണ് വിലയിരുത്തുക. അതിനുശേഷം, ജനുവരിയോടെ നാസയുടെ വിദഗ്ധ സമിതി ജേതാക്കളെ പ്രഖ്യാപിക്കും. ഈ ടീമുകള്‍ക്ക് പ്രത്യേക പരിശീലനവും, നാസ സന്ദര്‍ശിക്കാനുള്ള അവസരവും, മറ്റു സ്കോളര്‍ഷിപ്പുകളും ലഭിക്കുന്നതാണ്.

ഇതിനു പുറമെ പ്രാദേശികമായി മികച്ച പ്രൊജക്ടിനുള്ള പുരസ്ക്കാരവും സംഘാടകര്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്കൂള്‍ വിഭാഗത്തിന് ജൂനിയര്‍ പുരസ്ക്കാരവും കോളേജ് വിദ്യാര്‍ത്ഥികള്‍ മുതല്‍ മുകളിലേക്കുള്ളവര്‍ക്ക് സീനിയര്‍ പുരസ്ക്കാരവുമാണ് നല്‍കിയത്.

 ജൂനിയര്‍ വിഭാഗത്തില്‍ ചാലക്കുടി സികെഎം എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കസ്സീനി ടീം ഒന്നാം സമ്മാനം നേടി. കവിയൂര്‍ മാര്‍ത്തോമാ സെന്‍ട്രല്‍ സ്കൂളിന്‍റെ മാര്‍ഷ്യന്‍ വാരിയേഴ്സ് രണ്ടും തൃശൂരിലെ നിര്‍മ്മല മാതാ സെന്‍ട്രല്‍ സ്കൂളിന്‍റെ നിര്‍മലമാതാ 2കെ23 എന്ന ടീം മൂന്നാം സ്ഥാനവും നേടി. സീനിയര്‍ കാറ്റഗറി വിഭാഗത്തില്‍ തൃശൂര്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് ഒന്നാം സ്ഥാനം നേടി. എറണാകുളം സെ. ആല്‍ബര്‍ട്ട്സ് കോളേജ്, കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിംഗ് കോളേജ് മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനക്കാര്‍ക്ക് 50,000 രണ്ടാം സ്ഥാനക്കാര്‍ക്ക് 30,000, മൂന്നാം സ്ഥാനക്കാര്‍ക്ക് 20,000 രൂപ വീതവും സമ്മാനത്തുക ലഭിച്ചു.

Photo Gallery

+
Content