ഒഎന്‍ഡിസി പ്ലാറ്റ് ഫോമിലൂടെ എംഎസ്എംഇ ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി ലഭ്യമാക്കും: മന്ത്രി പി.രാജീവ്

Trivandrum / November 6, 2023

തിരുവനന്തപുരം: സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) ഒഎന്‍ഡിസി പ്ലാറ്റ് ഫോമില്‍ കൊണ്ടുവരുന്നതിലൂടെ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി ലഭ്യമാകുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കേരളീയം പരിപാടിയുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒഎന്‍ഡിസി) ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുത്തക കമ്പനികളുടെ ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമില്‍ നിന്ന് നമ്മുടെ ഉത്പന്നങ്ങള്‍ കണ്ടെത്തുക ശ്രമകരമാണ്. ഒഎന്‍ഡിസി ഉത്പന്നങ്ങളുടെ ദൃശ്യത ഉറപ്പാക്കുകയും എവിടെയിരുന്നും ഓണ്‍ലൈനായി സാധനങ്ങള്‍ അതിവേഗത്തില്‍ വാങ്ങല്‍ സാധ്യമാക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ ഉത്പന്നങ്ങള്‍ക്ക് ലോകവ്യാപകമായി മികച്ച വിപണിയുണ്ടെന്നും അത് ഉപയോഗിക്കുന്നതിന് ആവശ്യമായ പരിശീലനം ജില്ലാതലങ്ങളില്‍ സംഘടിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു. വ്യവസ്ഥകള്‍ പാലിക്കുന്ന ഉത്പന്നങ്ങള്‍ക്ക് കേരള ബ്രാന്‍ഡ് പദവി നല്‍കും. എല്ലാ എംഎസ്എംഇകളുടെയും ഉത്പന്നങ്ങള്‍ക്കുള്ള വിപണി ഉറപ്പുവരുത്താന്‍ ഒഎന്‍ഡിസിയിലൂടെ സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിന്‍റെ സവിശേഷതകളാകെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ചരിത്ര സന്ദര്‍ഭമാണ് കേരളീയം. ദുബായ് ഫെസ്റ്റിവല്‍ പോലെ ഭാവിയില്‍ നവംബര്‍ ആദ്യ ആഴ്ച ലോകമാകെ കേരളം കാണാന്‍ വരുന്ന രൂപത്തില്‍ കേരളീയം മാറുമെന്നാണ് പ്രതീക്ഷ. ടൂറിസത്തിന് പുറമേ വ്യവസായത്തിനും കേരളീയം പുത്തനുണര്‍വ് പകര്‍ന്നതായും മന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, ഡിപിഐഐടി ഡയറക്ടര്‍ ഡോ. ബിജോയ് ജോണ്‍, ബോര്‍ഡ് ഫോര്‍ പബ്ലിക് സെക്ടര്‍ ട്രാന്‍സ്ഫര്‍മേഷന്‍ എക്സിക്യുട്ടീവ് ചെയര്‍മാന്‍ കെ. അജിത്കുമാര്‍, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്‍റ് എ. നിസറുദീന്‍, ഒഎന്‍ഡിസി സീനിയര്‍ വൈസ് പ്രസിഡന്‍റ് നിതിന്‍ നായര്‍, വ്യവസായ വാണിജ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ജി. രാജീവ്, റാപിഡോര്‍ സഹ സ്ഥാപകന്‍ തോംസണ്‍ സ്കറിയ എന്നിവര്‍ സംസാരിച്ചു.

Photo Gallery