ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് ഇന്ത്യയിലെ ഏറ്റവും വലിയ ആയുര്‍വേദ അക്കാദമിക് സമ്മേളനമാകും: കേന്ദ്രമന്ത്രി വി.മുരളീധരന്‍

2000 -ത്തിലധികം ശാസ്ത്രീയ പ്രബന്ധങ്ങളുടെ അവതരണം ഔഷധ സസ്യങ്ങളും ആരോഗ്യ ആഹാറും ഉള്‍പ്പെടുന്ന നാഷണല്‍ ആരോഗ്യ ഫെയര്‍
Trivandrum / November 6, 2023

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ആയുര്‍വേദ വിദഗ്ധരെയും പങ്കാളികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ (ജിഎഎഫ് 2023) ഇന്ത്യയിലെ ഏറ്റവും വലിയ ആയുര്‍വേദ അക്കാദമിക് സമ്മേളനമാകുമെന്ന് വിദേശകാര്യ പാര്‍ലമെന്‍ററികാര്യ സഹമന്ത്രിയും ജിഎഎഫിന്‍റെ സംഘാടക സമിതി ചെയര്‍മാനുമായ വി.മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡിസംബര്‍ 1 മുതല്‍ 5 വരെ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ 'ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും' എന്ന പ്രമേയത്തിലാണ് ജിഎഎഫ് നടക്കുന്നത്.

ജിഎഎഫില്‍ അവതരിപ്പിക്കുന്നതിനായി 2500-ത്തിലധികം ശാസ്ത്രീയ പ്രബന്ധങ്ങളാണ് ഇതിനോടകം ലഭിച്ചിട്ടുള്ളതെന്നും ഇതില്‍ 1000 -ത്തിലധികം പ്രബന്ധങ്ങള്‍ക്ക് അംഗീകാരം നല്‍കിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 60 ലധികം വിഷയങ്ങളില്‍ 1000-ത്തിലധികം പോസ്റ്റര്‍ അവതരണങ്ങള്‍ 16 വേദികളിലായി നടക്കും. കാന്‍സര്‍ ചികിത്സയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിലും (എഐ) ആയുര്‍വേദത്തിന്‍റെ പങ്ക് പരിശോധിക്കുന്ന ജിഎഎഫില്‍ ആരോഗ്യമന്ത്രിമാര്‍, അംബാസഡര്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ക്ഷണിക്കപ്പെട്ട 200-ലധികം പ്രമുഖ പ്രഭാഷകരാണ് ജിഎഎഫിലുള്ളത്. ഇതില്‍ 25-ലധികം പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര-സംസ്ഥാന ആയുഷ് വകുപ്പുകള്‍, ആയുര്‍വേദ മേഖലയിലെ സന്നദ്ധ സ്ഥാപനങ്ങളായ എ.എം.എ.ഐ, എ.എം.എം.ഒ.ഐ, എ.എച്ച്.എം.എ, കെ.ഐ.എസ്.എം.എ, എ.ഡി.എം.എ, വിശ്വ ആയുര്‍വേദ പരിഷത്ത്, മറ്റ് 14 ആയുര്‍വേദ അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സെന്‍റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സി.ഐ.എസ്.എസ്.എ) കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നത്.

എക്സ്പോ ജിഎഎഫിലെ പ്രധാന ആകര്‍ഷണമായിരിക്കുമെന്നും രണ്ടര ലക്ഷത്തോളം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായും ജിഎഎഫ് വര്‍ക്കിംഗ് ചെയര്‍മാനും സി.ഐ.എസ്.എസ്.എ പ്രസിഡന്‍റുമായ ഡോ.ജി.ജി ഗംഗാധരന്‍ പറഞ്ഞു.

ജിഎഎഫ് സെക്രട്ടറി ജനറല്‍ ഡോ.സി സുരേഷ് കുമാര്‍, ജനറല്‍ കണ്‍വീനര്‍ ഡോ.വി.ജി ഉദയകുമാര്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്‍റ് ഡോ.സി.ഡി ലീന, ആയുര്‍വേദ ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫീസേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.ദുര്‍ഗാ പ്രസാദ്, ആയുര്‍വേദ ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.സെബി, പ്രൈവറ്റ് ആയുര്‍വേദ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സ്മിത എം.വി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

യുഎസ്എയിലെ മെമ്മോറിയല്‍ സ്ലോണ്‍ കെറ്ററിംഗ് കാന്‍സര്‍ സെന്‍ററിലെ ഇന്‍റഗ്രേറ്റീവ് മെഡിസിന്‍ സര്‍വീസ് മേധാവി ഡോ. ജുന്‍ മാവോ, യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് എംഡി ആന്‍ഡേഴ്സണ്‍ കാന്‍സര്‍ സെന്‍ററിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.സന്തോഷി നാരായണ്‍,  ജര്‍മ്മനിയിലെ ഇവാഞ്ചലിക്കല്‍ ഹോസ്പിറ്റല്‍ ചീഫ് ന്യൂറോളജിസ്റ്റും ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ന്യൂറോളജി ആന്‍ഡ് കോംപ്ലിമെന്‍ററി മെഡിസിന്‍ മേധാവിയുമായ ഡോ. സാന്ദ്ര സിമാന്‍സ്കി, ഇറ്റലിയിലെ ആയുര്‍വേദിക് പോയിന്‍റ് ചെയര്‍മാനും ഡയറക്ടറും ന്യൂറോളജിസ്റ്റുമായ ഡോ. അന്‍റോണിയോ മൊറാണ്ടി, ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിന്‍ എല്‍എസ്എച്ച്ടിഎം ക്ലിനിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഗ്ലോബല്‍ ഹെല്‍ത്ത് ആന്‍ഡ് ഡെവലപ്മെന്‍റിലെ ഡോ. ജോണ്‍ പോര്‍ട്ടര്‍, ലാത്വിയ സര്‍വകലാശാലയിലെ ആയുര്‍വേദ ഫാക്കല്‍റ്റി പ്രൊഫ. വാല്‍ഡിസ് പിരാഗ്സ്, പ്രൊഫ. ജര്‍മ്മനിയിലെ ഡ്യൂസ്ബര്‍ഗ്-എസ്സെന്‍ സര്‍വകലാശാലയിലെ പ്രൊഫ. തോമസ് റാമ്പ് ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ സെഷനുകളെ അഭിസംബോധന ചെയ്യും.

ഡീജനറേറ്റീവ്, ന്യൂറോളജിക്കല്‍ രോഗങ്ങള്‍, മരുന്നുകളുടെ ഉത്പാദനവും വികസനവും, ആയുര്‍വേദത്തിലെ പുതിയ പ്രവണതകള്‍, പരിസ്ഥിതി ആയുര്‍വേദം, ഓങ്കോളജിയിലെ സംയോജിത ഇടപെടലുകള്‍, ആന്‍റിമൈക്രോബിയല്‍ പ്രതിരോധം, കുട്ടികളിലെ വളര്‍ച്ചാവൈകല്യങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ പരിശോധിക്കുന്ന 13 പ്ലീനറി സെഷനുകള്‍ ജിഎഎഫിലുണ്ടാകും.

വൈസ് ചാന്‍സലര്‍മാര്‍, പ്രശസ്ത സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാര്‍, പ്രൊഫസര്‍മാര്‍, ഗവേഷണ മേധാവികള്‍, ആയുര്‍വേദ ഭിഷഗ്വരന്‍മാര്‍, ഫാര്‍മക്കോളജിസ്റ്റുകള്‍, മൈക്രോബയോളജിസ്റ്റുകള്‍, സസ്യശാസ്ത്രജ്ഞര്‍, വെറ്ററിനറി വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍ എന്നിവരടങ്ങുന്ന ഇന്ത്യയില്‍ നിന്നുള്ള നിരവധി വിശിഷ്ട പ്രഭാഷകര്‍ പരിപാടിയില്‍ പങ്കെടുക്കും. മൃഗായുര്‍വേദ, വൃക്ഷായുര്‍വേദ, ആയുര്‍വേദ ജീവശാസ്ത്രം എന്നീ വിഷയങ്ങളിലും സെമിനാര്‍ സെഷനുകള്‍ നടക്കും. ജിഎഎഫിന് 23 അന്താരാഷ്ട്ര പങ്കാളികളുണ്ട്. അവര്‍ അതത് പ്രദേശങ്ങളിലെ ആയുര്‍വേദത്തിന്‍റെ നിലവിലെ സ്ഥിതിയും പ്രവണതകളും പങ്കിടും.

ബിടുബി മീറ്റിന് രണ്ട് നിര്‍ണായക വിഭാഗങ്ങള്‍ ഉണ്ടായിരിക്കും -ഉത്പന്നങ്ങളും സേവനങ്ങളും. ഉത്പന്ന വിഭാഗത്തില്‍ രാജ്യത്തെ എല്ലാ പ്രധാന മാനുഫാക്ചറിങ് കമ്പനികളെയും വില്‍പ്പനക്കാരായി അവതരിപ്പിക്കും. 150 ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും ട്രാവല്‍ ഏജന്‍റുമാരുടെയും പങ്കാളിത്തം സേവനമേഖലയുടെ സവിശേഷതയാണ്.

 ആയുര്‍വേദരംഗത്തെ എല്ലാ പ്രധാന പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരുന്നതാണ് നാഷണല്‍ ആരോഗ്യ ഫെയര്‍. രാജ്യത്തുടനീളമുള്ള ആയുര്‍വേദ ബിസിനസുകള്‍, സംഘടനകള്‍, ആയുഷ് കോളേജുകള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന 500 സ്റ്റാളുകള്‍ എക്സ്പോയില്‍ ഉണ്ടായിരിക്കും. പോഷകാഹാര വിദഗ്ധര്‍ തയ്യാറാക്കിയ 'ആയുര്‍വേദ ആഹാര്‍' ആയുര്‍വേദത്തിന്‍റെ രുചികള്‍ ആസ്വദിക്കാന്‍ അവസരം നല്‍കും.
കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി ആണ് പരിപാടിയുടെ മുഖ്യ പ്രായോജകര്‍. ഹിന്ദുസ്ഥാന്‍ യുനിലിവര്‍, വൈദ്യരത്നം, സോമതീരം, ഭാരത് പെട്രോളിയം എന്നിവ മറ്റ് പ്രധാന സ്പോണ്‍സര്‍മാരാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും:www.gafindia.org

 

Photo Gallery

+
Content