കേരളത്തിലേക്കുള്ള യാത്രകള്‍ തീര്‍ഥാടനം പോലെയെന്ന് ഉക്രെയ്ന്‍ ടൂര്‍ ഓപ്പറേറ്റര്‍ ഐറിന ഗുരീവ

ഐറിന ആയുര്‍വേദത്തിന്‍റെയും കേരള ടൂറിസം ഉത്പന്നങ്ങളുടെയും പ്രചാരക
Kochi / May 8, 2022

കൊച്ചി: ഉക്രേനിയന്‍ ടൂറിസ്റ്റും ടൂര്‍ ഓപ്പറേറ്ററുമായ ഐറിന ഗുരീവയ്ക്ക് കേരളത്തിലേക്കുള്ള ഓരോ യാത്രയും തീര്‍ഥാടനം പോലെയാണ്. കഴിഞ്ഞ 21 വര്‍ഷമായി കേരളം സന്ദര്‍ശിക്കുന്ന ഐറിന ആയുര്‍വേദത്തിന്‍റെയും കേരള ടൂറിസം ഉത്പന്നങ്ങളുടെയും പ്രചാരക കൂടിയാണ്. 
കേരളത്തിലേക്കുള്ള യാത്രകള്‍ മാനസിക സമ്മര്‍ദ്ദത്തിന് അയവുനല്‍കുന്നുവെന്നും ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ സംസ്കാരവുമായി ഇഴചേര്‍ന്നുപോകാന്‍ താന്‍ ഇഷ്ടപ്പെടുന്നുവെന്നും ഉക്രെയ്നിലെ തുറമുഖ നഗരമായ ഒഡെസയില്‍ നിന്നുള്ള ഐറിന പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ആരംഭിച്ച ഉക്രെയ്ന്‍-റഷ്യ യുദ്ധത്തിന് മുമ്പ് 2021 ഡിസംബറില്‍ അവര്‍ കേരളത്തില്‍ എത്തിയിരുന്നു. ആയുര്‍വേദ ടൂര്‍ ഓപ്പറേറ്റര്‍ എന്ന നിലയിലാണ് കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കുന്നത്. ഉക്രെയ്നില്‍ ടോപ് ടൂര്‍സ് എന്ന കമ്പനിയുടെ എം.ഡിയാണ് ഐറിന.
കൊവിഡ് വെല്ലുവിളിക്ക് ശേഷം ടൂറിസം മേഖല സാധാരണ നിലയിലാകുന്നതിലെയും കേരളത്തിലേക്ക് സഞ്ചാരികള്‍ എത്തുന്നതിലെയും സന്തോഷം ഐറിന പങ്കുവച്ചു. ലോകം പ്രതിസന്ധിയിലായ കോവിഡ് കാലം ഒരിക്കലും തിരിച്ചുവരരുതെന്ന് പ്രാര്‍ഥിക്കുന്നതായും അവര്‍ പറഞ്ഞു.
ആയുര്‍വേദ വെല്‍നസ് പ്രോഗ്രാമുകള്‍ക്കായി യൂറോപ്പില്‍ നിന്ന്, പ്രത്യേകിച്ച് ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ്, ലാത്വിയ എന്നിവിടങ്ങളില്‍ നിന്ന് വിനോദസഞ്ചാരികളെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഐറിന പദ്ധതിയിടുന്നു. കേരളത്തിലെ സ്ഥിരം സന്ദര്‍ശക എന്ന നിലയില്‍, സംസ്ഥാനത്ത് ഇത്തവണ വലിയ മാറ്റങ്ങള്‍ കാണുന്നുവെന്നും അടിസ്ഥാന സൗകര്യങ്ങളും ഹോട്ടലുകളും ആളുകളുടെ ജീവിത നിലവാരവും ഗണ്യമായി മാറിയിട്ടുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കെടിഎം-2022 വേദിയില്‍ പഴയ സുഹൃത്തുക്കളെയും ട്രാവല്‍ ഏജന്‍റുമാരെയും ക്ലയന്‍റുകളെയും ഹോട്ടലുടമകളെയും കണ്ട് സൗഹൃദം പുതുക്കാനായതിലെ സന്തോഷത്തിലാണ് ഐറിന. ആയുര്‍വേദ ടൂറിസവുമായുള്ള തന്‍റെ ബന്ധം ഊട്ടിയുറപ്പിക്കാനുള്ള അവസരമായി ഐറിന കെടിഎമ്മിനെ കാണുന്നു. കേരളത്തിന്‍റെ ടൂറിസം രംഗത്തെ ഗുണപരമായ മാറ്റങ്ങള്‍ ആയുര്‍വേദ പാരമ്പര്യം അനുഭവിക്കാന്‍ താല്‍പ്പര്യമുള്ള കൂടുതല്‍ വിനോദസഞ്ചാരികളെ കൊണ്ടുവരാന്‍ മതിയായ ആത്മവിശ്വാസം നല്‍കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
യുദ്ധം മുറിവേല്‍പ്പിച്ച ഉക്രയ്നെിലാണ് തന്‍റെ മകന്‍ ഉള്ളതെന്ന വൈകാരിക വേദനയും ഐറിന പങ്കുവെച്ചു. ഉക്രെയ്നില്‍ ഇപ്പോള്‍ ടൂറിസം ഇല്ല. ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്നില്ല. ഇതുവരെ ഏഴുലക്ഷത്തോളം ആളുകളെ സുരക്ഷിതമായി യൂറോപ്പിലേക്ക് മാറ്റി. ഈ ഭീതിദമായ അവസ്ഥയ്ക്ക് വൈകാതെ ഒരു പരിഹാരമുണ്ടാകുമെന്ന പ്രത്യാശയും അവര്‍ പ്രകടിപ്പിച്ചു.
 

Photo Gallery

+
Content