റോയല്‍ കരീബിയന്‍ ക്രൂസ് ഐബിഎസ് സോഫ്റ്റ് വെയറിലേക്ക്

Trivandrum / November 2, 2023

തിരുവനന്തപുരം: ലോകപ്രശസ്ത ക്രൂസ് കമ്പനിയായ റോയല്‍ കരീബിയന്‍ അതിഥിസേവനം പുനര്‍നിര്‍വചിക്കുന്നതിനായി ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ഐട്രാവല്‍ക്രൂസ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കും. അമേരിക്കയിലെ മയാമിയില്‍ വച്ച് ഐബിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ വി കെ മാത്യൂസ്, റോയല്‍ കരീബിയന്‍ സിഇഒ ജേസണ്‍ ലിബര്‍ട്ടി എന്നിവര്‍ ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പു വച്ചു.

ഉപഭോക്താക്കള്‍ക്ക് നിസ്സീമമായ സഞ്ചാര അനുഭവം പ്രദാനം ചെയ്യുന്നതിനോടൊപ്പം വ്യക്തിപരമായ സേവനങ്ങള്‍ ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും. ഐട്രാവല്‍ക്രൂസ് സേവനത്തില്‍ ഉപഭോക്താക്കളാകും കേന്ദ്രബിന്ദു. ഓരോരുത്തരുടെയും അഭിരുചിയ്ക്കനുസരിച്ച സഞ്ചാര അനുഭവം ക്രമീകരിക്കാനും ക്രൂസിന്‍റെ എല്ലാ സേവനങ്ങളും ഈ  സോഫ്റ്റ് വെയറിലൂടെ കഴിയും. എയര്‍ലൈന്‍ ബുക്കിംഗ്, ഹോട്ടലുകള്‍, ടാക്സി തുടങ്ങി വെക്കേഷന്‍റെ  എല്ലാ ആവശ്യങ്ങളും ഈ  സോഫ്റ്റ് വെയറിലൂടെ സാധ്യമാകും. ഇതിനു പുറമേ ഉപഭോക്താക്കള്‍ക്ക് വ്യക്തിപരമായ ഓഫറുകള്‍, ക്രെഡിറ്റ്, ലോയല്‍റ്റി റിവാര്‍ഡുകള്‍, എന്നിവ ഗസ്റ്റ് വാലറ്റ് മുഖാന്തിരം പ്രാപ്തമാക്കാം.

ഐട്രാവല്‍ക്രൂസിന്‍റെ മികച്ച സേവനം, സുരക്ഷ, ഇടപാടുകളിലെ വേഗം, തടസ്സങ്ങളില്ലാത്ത സോഫ്റ്റ് വെയര്‍ സിസ്റ്റം എന്നിവ വഴി കൂടുതല്‍ വേഗത്തിലും, അനായാസവുമായ ബുക്കിംഗ് അനുഭവം അതിഥികള്‍ക്ക് പ്രദാനം ചെയ്യും.

ഓരോ ഘട്ടത്തിലും ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കുന്നത് റോയല്‍ കരീബിയന്‍റെ മുഖമുദ്രയാണെന്ന് കമ്പനിയുടെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മാര്‍ത്താ പൗള്‍ടെര്‍ പറഞ്ഞു. പരമ്പരാഗത സംവിധാനം ഉപേക്ഷിച്ച് ഏറ്റവും പുതിയ ക്ലൗഡ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. ഏറ്റവും അനായാസമായി ഉപഭോക്താക്കള്‍ക്ക് റോയല്‍ കരീബിയനിലെ ബുക്കിംഗ് നടത്താന്‍ ഇതുപകരിക്കുമെന്നും അവര്‍ പറഞ്ഞു.

ഈ പുതിയ സോഫ്റ്റ് വെയറിന്‍റെ വരവോടെ ഉപഭോക്താക്കള്‍ക്ക് അവിസ്മരണീയമായ മറ്റൊരവധിക്കാലം കൂടി നല്‍കാന്‍ റോയല്‍ കരീബിയന്‍ തയ്യാറായിക്കഴിഞ്ഞെന്ന് കമ്പനിയുടെ ചീഫ് ഗ്രോത്ത് ആന്‍ഡ് ഡിജിറ്റല്‍ ഓഫീസര്‍ റാഫെ മസൂദ് ചൂണ്ടിക്കാട്ടി.

റോയല്‍ കരീബിയന്‍ പോലെ ദീര്‍ഘകാല പാരമ്പര്യമുള്ള കമ്പനിയുമായുള്ള സഹകരണം ആവേശം കൊള്ളിക്കുന്നതാണെന്ന് ഐബിഎസ്  സോഫ്റ്റ് വെയര്‍ പ്രസിഡന്‍റ് ജിതേന്ദ്ര സിന്ധ്വാനി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കാന്‍ റോയല്‍ കരീബിയനെ പ്രാപ്തമാക്കുന്നതാണ് ഐബിഎസിന്‍റെ ഐട്രാവല്‍ക്രൂസ്. ഓരോ അതിഥിയുടെയും ഒഴിവുകാലം അവിസ്മരണീയമാക്കണമെന്ന നിര്‍ബന്ധമാണ് ആധുനിക സാങ്കേതികവിദ്യയിലേക്കുള്ള ഈ ചുവടുമാറ്റത്തിന് പിന്നില്‍. കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്കും വിഭവശേഷി പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നിനും ആധുനിക ക്ലൗഡ് സാങ്കേതിവിദ്യയിലധിഷ്ഠിതമായ ഐട്രാവല്‍ക്രൂസ് ഏറെ നിര്‍ണായകമാണ്. ഉല്ലാസക്കപ്പല്‍യാത്രയുടെ മുഖച്ഛായ തന്നെ മാറ്റാനൊരുങ്ങുന്ന റോയല്‍ കരീബിയനുമായുള്ള സഹകരണം ഏറെ സന്തോഷം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Photo Gallery

+
Content