ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിനു മുന്നോടിയായി നേത്ര, മര്‍മ, പഞ്ചകര്‍മ്മ വിഷയങ്ങളില്‍ ശില്‍പ്പശാല

രജിസ്ട്രേഷനുള്ള അവസാന തീയതി നവംബര്‍ 15
Trivandrum / November 1, 2023

തിരുവനന്തപുരം: ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനും ആയുര്‍വേദ പങ്കാളികളും ഡോക്ടര്‍മാരും തമ്മിലുള്ള സഹകരണത്തിന് വേദിയൊരുക്കാനും ലക്ഷ്യമിട്ടുള്ള ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ (ജിഎഎഫ് 2023) അഞ്ചാം പതിപ്പിനു മുന്നോടിയായി ദ്വിദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ശാലക്യ (നേത്ര), മര്‍മ, പഞ്ചകര്‍മ്മ എന്നീ വിഷയങ്ങളിലുള്ള ശില്‍പ്പശാല നവംബര്‍ 29, 30 തീയതികളില്‍ സംസ്ഥാനത്തെ വിവിധ വേദികളില്‍ നടക്കും.


ഈ വര്‍ഷം ഡിസംബര്‍ 1 മുതല്‍ 5 വരെ തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ജിഎഎഫിന്‍റെ പ്രമേയം 'ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും' എന്നതാണ്.


കേന്ദ്ര-സംസ്ഥാന ആയുഷ് വകുപ്പുകള്‍, ആയുര്‍വേദ മേഖലയിലെ സന്നദ്ധ സ്ഥാപനങ്ങളായ എ.എം.എ.ഐ, എ.എം.എം.ഒ.ഐ, എ.എച്ച്.എം.എ, കെ.ഐ.എസ്.എം.എ, എ.ഡി.എം.എ, വിശ്വ ആയുര്‍വേദ പരിഷത്ത്, മറ്റ് 14 ആയുര്‍വേദ അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സെന്‍റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സി.ഐ.എസ്.എസ്.എ) ജിഎഎഫ് സംഘടിപ്പിക്കുന്നത്.

 
ശേകം, ആശ്ചോധനം, പിണ്ടി, ബിദാലം, തര്‍പ്പണം, പുടപക തുടങ്ങിയ നേത്ര ക്രിയാകല്‍പ്പങ്ങളെക്കുറിച്ച് സൈദ്ധാന്തികവും പ്രായോഗികവുമായ ഉള്‍ക്കാഴ്ച നല്‍കുന്നതാണ് നേത്ര ശില്‍പ്പശാല. എറണാകുളം കൂത്താട്ടുകുളത്തെ ശ്രീധരീയത്തില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ ശസ്ത്രക്രിയാ രീതിയായ ലേഖന, അനുശസ്ത്ര രീതിയായ ജലുകാവചരണ എന്നിവയെക്കുറിച്ച് പ്രാഥമിക പരിശീലനവും നല്‍കും.


തിരുവനന്തപുരം വഞ്ചിയൂരിലെ ത്രിവേണി ആയുര്‍വേദ നഴ്സിങ് ഹോമില്‍ സംഘടിപ്പിക്കുന്ന മര്‍മ ശില്‍പ്പശാല ശരീരത്തിലെ സുപ്രധാന ഭാഗങ്ങളെക്കുറിച്ചുള്ള ഘടനാപരവും പ്രവര്‍ത്തനപരവുമായ ധാരണ നല്‍കും.


കൊല്ലം പുത്തൂര്‍ ശ്രീനാരായണ ആയുര്‍വേദ കോളേജില്‍ നടക്കുന്ന പഞ്ചകര്‍മ്മ ശില്‍പ്പശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും പുതിയ ഡോക്ടര്‍മാര്‍ക്കും സൈദ്ധാന്തികവും പ്രായോഗികവുമായ പരിശീലനം നല്‍കും.  പരിചയസമ്പന്നരായ അധ്യാപകരും ആയുര്‍വേദ ഭിഷഗ്വരന്‍മാരുമാണ് പരിശീലനം നല്‍കുക. ശില്‍പ്പശാലയുടെ രജിസ്ട്രേഷന്: www.gafindia.org സന്ദര്‍ശിക്കുക. അവസാന തീയതി നവംബര്‍ 15.


വിദേശകാര്യ പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി. മുരളീധരന്‍ സംഘാടക സമിതി ചെയര്‍മാനും മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ രക്ഷാധികാരിയുമായ ജിഎഎഫ് സംഘാടക സമിതിയില്‍ ആയുര്‍വേദത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള 200 ലധികം അംഗങ്ങളുണ്ട്.


23 അന്താരാഷ്ട്ര പങ്കാളികളുള്ള സമ്മേളനത്തില്‍ നിരവധി പ്രമുഖ ശാസ്ത്രജ്ഞരും 75 രാജ്യങ്ങളില്‍ നിന്നുള്ള 7,500 പ്രതിനിധികളും ഒത്തുചേരും. ആയുര്‍വേദവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളും സേവനങ്ങളും സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിക്കുന്ന 500 ഓളം സ്റ്റാളുകളുള്ള എക്സ്പോ ജിഎഎഫിന്‍റെ പ്രധാന ആകര്‍ഷണമാണ്. ആയുഷ് ക്ലിനിക്കുകള്‍, ഔഷധ സസ്യങ്ങള്‍, വിദ്യാഭ്യാസ എക്സ്പോ എന്നിവ ഇതിന്‍റെ ഭാഗമാകും.

Photo Gallery