നഗരങ്ങളിലെ മാലിന്യ സംസ്കരണത്തിന് അടിയന്തരവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കണം: ശാരദാ മുരളീധരന്‍

Trivandrum / October 30, 2023

തിരുവനന്തപുരം: നഗരങ്ങളിലെ മാലിന്യസംസ്കരണം കാര്യക്ഷമമാക്കുന്നതിനൊപ്പം അവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ അടിയന്തരവും ഫലപ്രദവുമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പറഞ്ഞു.

മാലിന്യമുക്തം നവകേരളം കാമ്പയിനിന്‍റെ ഭാഗമായി കേരളത്തിലെ മുനിസിപ്പാലിറ്റികളിലേയും കോര്‍പ്പറേഷനുകളിലേയും ഉന്നത ഉദ്യോഗസ്ഥര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

കേരളം നേരിടുന്ന വലിയ വെല്ലുവിളികളിലൊന്നായ മാലിന്യ സംസ്കരണത്തേയും പരിഹാര മാര്‍ഗങ്ങളേയും കുറിച്ച് പരിശീലന പരിപാടിയില്‍ ചര്‍ച്ച ചെയ്തു. കേരളത്തിലെ നഗരങ്ങള്‍ വൃത്തിയുള്ളതും ഹരിതാഭമാക്കാനുമുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് ഇത്തരം നടപടികള്‍ അനിവാര്യമാണ്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ നേരിടാന്‍ മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പറേഷനുകള്‍ക്കും ലഭ്യമായ മുഴുവന്‍ സംവിധാനങ്ങളും ഫലപ്രദമായി വിനിയോഗിക്കണമെന്നും അവര്‍ പറഞ്ഞു.

മാലിന്യ സംസ്കരണ സംവിധാനങ്ങളിലെ പരാജയം പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് ബ്രഹ്മപുരം സംഭവത്തിലൂടെ വ്യക്തമായതാണ്. ഇതില്‍ നിന്ന് നാം പഠിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

സംസ്ഥാനത്തെ മാലിന്യപ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ടൂറിസം ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ക്ക് ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും. ഇത് കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ബാധിക്കും.

മാലിന്യമുക്തം നവകേരളം കാമ്പയിനിന്‍റെ തുടക്കം മുതല്‍ വീടുകളില്‍ നിന്നുള്ള മാലിന്യ ശേഖരണം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ സംസ്കരിക്കാനാതെ മെറ്റീരിയല്‍ ശേഖരണ കേന്ദ്രങ്ങളില്‍ സംഭരിച്ചിരിക്കുന്ന മാലിന്യം ഗുരുതര ഭീഷണി ഉയര്‍ത്തുന്നു. സാനിറ്ററി മാലിന്യ സംസ്കരണ പദ്ധതികള്‍ക്ക്  ചില നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അന്തിമരൂപം നല്‍കിയിട്ടില്ലെന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

മാലിന്യ സംസ്കരണ സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് എന്‍എസ്എസ് വാളന്‍റിയര്‍മാര്‍, സ്റ്റുഡന്‍റ്സ് പോലീസ് കോര്‍പ്സ്, ട്രേഡ് ആന്‍ഡ് പ്രൊഫഷണല്‍ അസോസിയേഷനുകള്‍, മറ്റ് ചാരിറ്റി സംഘടനകള്‍ എന്നിവയുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും ശാരദാ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍, ക്ലീന്‍ കേരള കമ്പനി മാനേജിംഗ് ഡയറക്ടര്‍ ജി കെ. സുരേഷ് കുമാര്‍, ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ ടി ബാലഭാസ്കരന്‍, ഡയറക്ടറേറ്റ് ഓഫ് പഞ്ചായത്ത് ചീഫ് എന്‍ജിനീയര്‍ സന്ദീപ്. കെ ജി എന്നിവരും പങ്കെടുത്തു.

Photo Gallery

+
Content