ഉത്പന്നങ്ങള്‍ക്ക് ആഗോളവിപണി ലക്ഷ്യമിട്ട് കേരളത്തിന്‍റെ കയറ്റുമതി നയം

വ്യവസായ പങ്കാളികള്‍ക്കും പൊതുജനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ അറിയിക്കാം
Trivandrum / October 30, 2023

തിരുവനന്തപുരം: കേരളത്തിന്‍റെ ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണി നേടാനും കയറ്റുമതി പ്രോത്സാഹനവും ലക്ഷ്യമിട്ട് സംസ്ഥാന വ്യവസായ വകുപ്പ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ പോളിസി (ഇപിപി) നടപ്പാക്കുന്നു. കയറ്റുമതി ശേഷി, വിപണി വൈവിധ്യവല്‍ക്കരണം, സാമ്പത്തിക പ്രോത്സാഹനങ്ങള്‍ എന്നിവ വര്‍ധിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന് അനുകൂലമായ വ്യാവസായികാന്തരീക്ഷം സൃഷ്ടിക്കാനാണ് കരട് നയം ശ്രമിക്കുന്നത്.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) വഴിയാണ് ഇപിപി നടപ്പാക്കുന്നത്. നയവുമായി ബന്ധപ്പെട്ട് വ്യവസായ പങ്കാളികള്‍ക്കും പൊതുജനങ്ങള്‍ക്കും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവയ്ക്കാനുള്ള അവസരം നവംബര്‍ ഒന്നിന് അവസാനിക്കും. (ലിങ്ക്:https://www.ksidc.org/initiatives/draft-kerala-export-promotion-policy-2023/). നിര്‍ദ്ദേശങ്ങള്‍ ലഭിച്ച ശേഷം കരട് നയം അംഗീകാരത്തിനായി സര്‍ക്കാരിന് സമര്‍പ്പിക്കും. 2024 ജനുവരിയോടെ നയം വിജ്ഞാപനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, തേയില, ആയുര്‍വേദം, ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങള്‍, ടൂറിസം, ഐടി സേവനങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങളിലൂടെ കേരളത്തിന്‍റെ കയറ്റുമതി സാധ്യത ഇതിനോടകം വെളിപ്പെട്ടതാണ്. ഇതിനുപുറമേ മറ്റ് മേഖലകളിലെ കൂടുതല്‍ ചരക്ക്, സേവന, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ കയറ്റുമതി സാധ്യത കൂടി പ്രയോജനപ്പെടുത്താനാണ് നയം ലക്ഷ്യമിടുന്നത്. സുഗന്ധവ്യഞ്ജനങ്ങള്‍, ഹോര്‍ട്ടികള്‍ച്ചര്‍, കാര്‍ഷിക ഉത്പന്നങ്ങള്‍, സീ ഫുഡ്, സംസ്കരിച്ച ഭക്ഷ്യസാധനങ്ങള്‍, എന്‍ജിനീയറിംഗ് സാധനങ്ങള്‍, പെട്രോകെമിക്കല്‍ ഉത്പന്നങ്ങള്‍, ജൈവ കീടനാശിനി, അജൈവ രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍, പ്രതിരോധ-ബഹിരാകാശ-ഇലക്ട്രോണിക്സ് അനുബന്ധ ഉത്പന്നങ്ങള്‍, ആയുര്‍വേദം, ഫാര്‍മസ്യൂട്ടിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കയറ്റുമതിക്കാര്‍ക്ക് സാമ്പത്തിക പ്രോത്സാഹനങ്ങളും പിന്തുണയും നല്‍കുന്നതിന് സമഗ്രമായ ചട്ടക്കൂട് നിര്‍ദ്ദേശിക്കുന്നതിനൊപ്പം മൂല്യശൃംഖലയെ ശക്തിപ്പെടുത്തുന്നതിന് ഫണ്ടിംഗ്, പെര്‍ഫോമന്‍സ് മാനേജ്മെന്‍റ്, എക്സ്പോര്‍ട്ട് സബ്സ്റ്റിറ്റ്യൂഷന്‍ എന്നിവയുടെ കാര്യക്ഷമതയും കരട് നയം ആവശ്യപ്പെടുന്നു. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനുള്ള ജില്ലാ കേന്ദ്രീകൃത സമീപനം ഉള്‍പ്പെടെയുള്ള സഹായ നടപടികളും നിര്‍ദ്ദേശിക്കുന്നു.

നീതി ആയോഗിന്‍റെ 2021 ലെ കയറ്റുമതി സൂചികയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ 16-ാം സ്ഥാനത്താണ് കേരളം. സംസ്ഥാന കയറ്റുമതി നയം സാധ്യമാക്കാത്തതും ജില്ല തിരിച്ചുള്ള കയറ്റുമതി പദ്ധതികളുടെ അപര്യാപ്തതയും ഏതാനും ചരക്കുകളെയും ചില രാജ്യങ്ങളെയും മാത്രം അമിതമായി ആശ്രയിക്കുന്നതുമാണ് കയറ്റുമതിയില്‍ സംസ്ഥാനം പിറകോട്ടു പോകുന്നതിന് കാരണമായി ഇപിപി ചൂണ്ടിക്കാട്ടുന്നത്. സമുദ്രോത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, തോട്ടവിളകള്‍ എന്നിവയുടെ മൂല്യവര്‍ധന പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതിന്‍റെ ആവശ്യകത നയം അടിവരയിടുന്നു.

ഉത്പന്നങ്ങളുടെ മൊത്തത്തിലുള്ള അളവ്, വികസനം, പാക്കേജിംഗ് എന്നിവ മെച്ചപ്പെടുത്തുകയും അതുവഴി സംസ്ഥാനത്തിന്‍റെ സുസ്ഥിര വികസന ലക്ഷ്യം സാധ്യമാക്കേണ്ടതിന്‍റെ ആവശ്യകതയും നയം ആവശ്യപ്പെടുന്നു.

കയറ്റുമതി നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുക, നവീകരണവും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുക, ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക, സുസ്ഥിരവും ഉള്‍ക്കൊള്ളുന്നതുമായ വളര്‍ച്ച സൃഷ്ടിക്കുക, വ്യവസായ പങ്കാളികള്‍-സര്‍ക്കാര്‍-അക്കാദമിക സമൂഹം എന്നിവയ്ക്കിടയിലുള്ള സഹകരണം ശക്തിപ്പെടുക എന്നിവയും നയം മുന്നോട്ടുവയ്ക്കുന്നു.

Photo Gallery