കേരള ട്രാവല്‍ മാര്‍ട്ടില്‍ നടന്നത് 55,000 വാണിജ്യ കൂടിക്കാഴ്ചകള്‍

KTM 2022
Kochi / May 9, 2022

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടില്‍ മൂന്ന് ദിവസത്തില്‍ നടന്നത് 55,000 ഓളം വാണിജ്യ കൂടിക്കാഴ്ചകള്‍. ആഭ്യന്തര ബയര്‍മാരെ ആകര്‍ഷിക്കുന്നതിനുള്ള ചേരുവകളാണ് ഇക്കുറി കേരളത്തിലെ ടൂറിസം സംരംഭകര്‍ മുന്നോട്ടുവച്ചത്.
    രാജ്യത്തെ 25 സംസ്ഥാനങ്ങളില്‍ നിന്നായി 1500 ലധികം ബയര്‍മാരാണ് കേരള ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുത്തത്. 69 വിദേശ രാജ്യങ്ങളില്‍ നിന്നായി 300 ല്‍പരം വിദേശ ബയര്‍മാരും മാര്‍ട്ടിനെത്തി. കെടിഎമ്മിന്‍റെ സോഫ്റ്റ് വെയര്‍ വഴി മാത്രം 49,000 കൂടിക്കാഴ്ചകള്‍ നടന്നു. ഇതു കൂടാതെ 6000 അനുബന്ധ കൂടിക്കാഴ്ചകളും നടന്നുവെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്‍റ് ബേബി മാത്യു സോമതീരം അറിയിച്ചു.
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നു മാര്‍ട്ടിലെ കൂടിക്കാഴ്ചകള്‍. എങ്കിലും ഇതിലുപരിയായി നേരിട്ടുള്ള കൂടിക്കാഴ്ചകളും നടക്കുകയുണ്ടായി. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് കൂടിക്കാഴ്ചകള്‍ തീരുമാനിക്കാന്‍ സാധിക്കുമെന്നതിനാല്‍ ആയാസരഹിതവും ലളിതവുമായിരുന്നു ഈ പ്രക്രിയ. 2018 ലെ കെടിഎം പത്താം ലക്കത്തെ കൂടിക്കാഴ്ചകളില്‍ നിന്നും ഗണ്യമായ വര്‍ധനയാണ് നാലു വര്‍ഷത്തിനിപ്പുറമുണ്ടായത്. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ ബയര്‍ പ്രാതിനിധ്യം കുറവായിരുന്നിട്ടു കൂടി ഇത്രയധികം കൂടിക്കാഴ്ചകള്‍ നടന്നത് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ കെടിഎമ്മിനെ വളരെ ഗൗരവത്തോടെ കാണുന്നതിന്‍റെ തെളിവാണെന്നും ബേബി മാത്യു പറഞ്ഞു. 2018 ല്‍ നടന്ന കെടിഎമ്മില്‍ 30,000 ഓളം കൂടിക്കാഴ്ചകളാണ് നടന്നത്.
കൊവിഡാനന്തര കാലമായതിനാല്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് ആഭ്യന്തര സഞ്ചാരികളെ മുന്‍നിറുത്തിയുള്ള വിപണന തന്ത്രങ്ങളാണ് കെടിഎമ്മില്‍ സെല്ലര്‍മാര്‍ കൈക്കൊണ്ടത്.  മറ്റൊരിടത്തും ഇത്തരത്തിലുള്ള മാര്‍ട്ട് നടന്നില്ലെന്നതും കെടിഎമ്മിന് ഗുണകരമായി. പൂര്‍ണമായും സുരക്ഷിതവും സജ്ജവുമാണ് കേരളത്തിലെ ടൂറിസം രംഗമെന്ന് രാജ്യത്തിന്‍റെ മറ്റ് സംസ്ഥാനങ്ങളിലുള്ള ട്രാവല്‍ ഏജന്‍റുമാരെ ബോധ്യപ്പെടുത്താനും ഇതിലൂടെ കഴിഞ്ഞുവെന്നും കെടിഎം പ്രസിഡന്‍റ് പറഞ്ഞു.    
വെല്ലിംഗ്ടണ്‍ ഐലന്‍റിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് മാര്‍ട്ട് നടന്നത്. ഒന്നര ലക്ഷം ചതുരശ്ര അടിയില്‍ ഹരിതമാനദണ്ഡങ്ങള്‍ പാലിച്ച് 325 സ്റ്റാളുകളാണ് കെടിഎമ്മിനായി ഒരുക്കിയത്. ടൂറിസം മേഖലയിലെ സുപ്രധാന വിഷയങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് അഞ്ച് സെമിനാറുകളും ട്രാവല്‍ മാര്‍ട്ടിനോടനുബന്ധിച്ച് നടന്നു. കേരള ടൂറിസം മുന്നോട്ടു വയ്ക്കുന്ന ഏറ്റവും പുതിയ ഉത്പന്നമായ കേരവാന്‍ കേരളയുടെ ഭാഗമായി മൂന്നു കാരവാനുകളും മാര്‍ട്ടില്‍ പ്രദര്‍ശിപ്പിച്ചു. കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ ഭാഗമായുള്ള ഫെമിലിയറൈസേഷന്‍ യാത്രകള്‍ പ്രസിഡന്‍റ് ബേബി മാത്യു ഫ്ളാഗ് ഓഫ് ചെയ്തു.
 

Photo Gallery