കൈനകരിയിലെ തോല്‍വിയ്ക്ക് കരുവാറ്റയില്‍ പകരം വീട്ടി ഒന്നാമതെത്തി യുബിസി നടുഭാഗം

പിബിസി വീയപുരം രണ്ടാമത്
Alleppey / October 28, 2023

ആലപ്പുഴ: കേരള ടൂറിസത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ പ്രീമിയര്‍ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മൂന്നാം സീസണില്‍ കരുവാറ്റയില്‍ നടന്ന എട്ടാം മത്സരത്തില്‍ യുബിസി കൈനകരി(കോസ്റ്റ് ഡോമിനേറ്റേഴ്സ്) തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ മിന്നുന്ന പ്രകടനത്തോടെ ഒന്നാമതെത്തി(4.19.6 മിനിറ്റ്). യുബിസിയുടെ തട്ടകമായ കൈനകരിയില്‍ വിജയിച്ച പള്ളാത്തുരുത്തി ബോട്ട് ക്ലബ്(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) തുഴഞ്ഞ വീയപുരത്തെ(4.20.85 മിനിറ്റ്) രണ്ട് തുഴപ്പാടുകള്‍ക്കാണ് കരുവാറ്റയില്‍ നടുഭാഗം തോല്‍പ്പിച്ചത്.

പോലീസ് ബോട്ട് ക്ലബ്(റേജിംഗ് റോവേഴ്സ്) തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍(4.23.19 മിനിറ്റ്) മൂന്നാമത് ഫിനിഷ് ചെയ്തു.

ഒന്നാം ട്രാക്കില്‍ നടുഭാഗവും രണ്ടാം ട്രാക്കില്‍ വീയപുരവും മൂന്നാം ട്രാക്കില്‍ മഹാദേവിക്കാട് കാട്ടില്‍ തെക്കേതിലുമാണ് ഫൈനലില്‍ തുഴഞ്ഞത്. ആദ്യ പകുതിയില്‍ പിബിസി വീയപുരം ഇഞ്ചുകള്‍ക്ക് മുന്നിലായിരുന്നെങ്കിലും അവസാന 200 മീറ്ററില്‍ യുബിസി നടുഭാഗത്തിന്‍റെ തുഴവേഗത്തിന് മറുപടിയില്ലായിരുന്നു. തികച്ചും ആധികാരികമായിത്തന്നെയായിരുന്നു നടുഭാഗത്തിന്‍റെ വിജയം.

ഇതോടെ 76 പോയിന്‍റുമായി പിബിസി വീയപുരം ഒന്നാം സ്ഥാനത്തും കേവലം ഒരു പോയിന്‍റ് കുറവില്‍ 75 പോയിന്‍റുമായി യുബിസി നടുഭാഗം രണ്ടാം സ്ഥാനത്തും തുടരുന്നു. എന്‍സിഡിസി നിരണത്തെ മറികടന്ന് പോലീസ് ബോട്ട് ക്ലബ് 58 പോയിന്‍റുമായി മൂന്നാം സ്ഥാനത്തെത്തി.

കരുവാറ്റ പഞ്ചായത്ത് പ്രസിഡന്‍റ് എസ് സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആലപ്പുഴ എംപി എ എം ആരിഫ് വള്ളംകളി ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്തംഗങ്ങള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, സിബിഎല്‍ ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

എന്‍സിഡിസി(മൈറ്റി ഓര്‍സ്) തുഴഞ്ഞ നിരണം ചുണ്ടന്‍ (നാല്), റിപ്പിള്‍ ബ്രേക്കേഴ്സ്(കാരിച്ചാല്‍) പുന്നമട ബോട്ട് ക്ലബ്(അഞ്ച്), വേമ്പനാട് ബോട്ട് ക്ലബ് (പ്രൈഡ് ചേസേഴ്സ്) ആയാപറമ്പ് പാണ്ടി(ആറ്)  ബാക്ക് വാട്ടര്‍ കിംഗ്സ്(സെ. പയസ്)നിരണം ബോട്ട് ക്ലബ് (ഏഴ്), ബാക്ക് വാട്ടര്‍ വാരിയേഴ്സ്(ചമ്പക്കുളം)കുമരകം ടൗണ്‍ ബോട്ട്ക്ലബ് (എട്ട്), തണ്ടര്‍ ഓര്‍സ്(പായിപ്പാടന്‍)കെബിസി/എസ്എഫ്ബിസി(ഒമ്പത്) എന്നിങ്ങനെയാണ് കരുവാറ്റയിലെ വിജയനില.

കായംകുളം, ആലപ്പുഴ(നവംബര്‍ 18), കല്ലട, കൊല്ലം(നവംബര്‍ 25), പാണ്ടനാട്, ചെങ്ങന്നൂര്‍ ആലപ്പുഴ(ഡിസംബര്‍ 2), പ്രസിഡന്‍റ്സ് ട്രോഫി, കൊല്ലം(ഡിസംബര്‍ 9) എന്നിവയാണ് ഇനി നടക്കാനുള്ള മത്സരങ്ങള്‍.

 

Photo Gallery

+
Content
+
Content