കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ ടെക് മാഘിയ്ക്ക് 20 ലക്ഷം രൂപയുടെ പ്രാരംഭ സീഡ് നിക്ഷേപം

Kochi / October 27, 2023

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത ടെക് മാഘിയില്‍ ഗുജറാത്ത് ആസ്ഥാനമായ എന്‍ജിഒയുടെ 20 ലക്ഷം രൂപയുടെ സീഡ് ഫണ്ട് ധനസഹായം ലഭിച്ചു.

അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്‍ജെ എജ്യുക്കേഷണല്‍ നോളെഡ്ജ് ഫൗണ്ടേഷനാണ് സീഡ് ഫണ്ട് നല്‍കിയത്. ശൈശവദശയിലുള്ളതും മികച്ച സാധ്യതകളുള്ളതുമായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രവര്‍ത്തനം വികസിപ്പിക്കുന്നതിനു വേണ്ടി നല്‍കുന്ന ധനസഹായമാണ് സീഡ് ഫണ്ട്.

ആധുനിക ജോലി സാധ്യതകള്‍ മുന്നില്‍കണ്ട് വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള സാങ്കേതിക ഉത്പന്നങ്ങളാണ് ടെക് മാഘി അവതരിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികളും പ്രൊഫഷണല്‍ ലോകവുമായി കൂടുതല്‍ ബന്ധം വളര്‍ത്തനാണ് സ്റ്റാര്‍ട്ടപ്പിന്‍റെ ശ്രമം. നൈപുണ്യവികസനത്തിനും കൂടുതല്‍ പ്രൊഫഷണലുകളെ സ്റ്റാര്‍ട്ടപ്പിലേക്കെത്തിക്കാനും ഈ സീഡിംഗ് ഫണ്ട് വഴി സാധിക്കുമെന്ന് ടെക് മാഘി സ്ഥാപകന്‍ ദീപക് രാജന്‍ പറഞ്ഞു.

2021 ല്‍ 30 പേരടങ്ങുന്ന സംഘവുമായാണ് ടെക് മാഘി ആരംഭിച്ചത്. നിലവില്‍ 75,000 വിദ്യാര്‍ത്ഥികള്‍ക്ക് ഇവര്‍ പരിശീലനം നല്‍കിയിട്ടുണ്ട്. രണ്ട് കോടിയിലധികം രൂപ വരുമാനമുണ്ടാക്കുന്ന സ്റ്റാര്‍ട്ടപ്പാണിത്.

അക്കാദമിക യോഗ്യതകള്‍ക്കപ്പുറം പഠിച്ചത് പ്രയോഗിക്കാന്‍ ഉദ്യോഗാര്‍ത്ഥികളെയും വിദ്യാര്‍ത്ഥികളെയും തയ്യാറെടുപ്പിക്കുകയാണ് ടെക്മാഘിയുടെ ലക്ഷ്യമെന്ന് ദീപക് രാജന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കെഎസ് യുഎം നല്‍കിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Photo Gallery

+
Content
+
Content