ചാലിയാര്‍ പുഴ ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ സ്ഥിരം വേദിയാക്കും- മന്ത്രി മുഹമ്മദ് റിയാസ്

ശ്രീ വയല്‍ക്കര വേങ്ങാട് ചാലിയാറിലെ ജലവേഗ രാജാവ്
Calicut / October 24, 2023

കോഴിക്കോട്: ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ സ്ഥിരം വേദിയായി ചാലിയാറിനെ മാറ്റുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്‍റെ ചാലിയാര്‍ പുഴയിലെ മത്സരങ്ങള്‍ ഫറോഖില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീ വയല്‍ക്കര വെങ്ങാട് ഒന്നാം സ്ഥാനവും, എകെജി പോടോത്തുരുത്തി എ ടീം രണ്ടും, ന്യൂബ്രദേഴ്സ് വയല്‍ക്കര മയിച്ച എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.

ഫറോഖ് പഴയപാലം മുതല്‍ പുതിയ പാലം വരെയാണ് മത്സരം നടന്നത്. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലെ ഒമ്പത് ചുരുളന്‍ വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. 20 ലക്ഷം രൂപയായിരുന്നു സമ്മാനത്തുക. ന്യൂ ബ്രദേഴ്സ് മയ്യിച്ച, വയല്‍ക്കര മയ്യിച്ച, എ കെ ജി മയ്യിച്ച,  ശ്രീ വിഷ്ണുമൂര്‍ത്തി കുറ്റിവയല്‍, റെഡ്സ്റ്റാര്‍ കാര്യംകോട്, എ.കെ.ജി പൊടോത്തുരുത്തി (എ) ടീം, എ.കെ.ജി പൊടോത്തുരുത്തി (ബി) ടീം, കൃഷ്ണപിള്ള കാവുംചിറ, നവോദയ മംഗലശ്ശേരി എന്നിവയാണ് മത്സരിച്ച ടീമുകള്‍.

ചാമ്പ്യന്‍സ് ബോട്ട് ലീഗ് മലബാറിലേക്കെത്തിക്കാന്‍ കഴിഞ്ഞ സീസണില്‍ സാധിച്ചിരുന്നെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ഇത് തുടര്‍ന്നും നടത്താന്‍ സാധിക്കുമോയെന്ന് സംശയം പ്രകടിപ്പിച്ചവര്‍ നിരവധിയായിരുന്നു. അത്തരം സംശയങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ഫറോഖ് പഴയപാലത്തില്‍ തടിച്ചു കൂടിയ ജനക്കൂട്ടമെന്ന് മന്ത്രി പറഞ്ഞു.

സിബിഎല്‍ രണ്ടാം സീസണില്‍ തന്നെ സംസ്ഥാനത്തെ മൂന്ന് മേഖലകളിലും സിബിഎല്‍ വള്ളംകളി മത്സരം നടത്തണമെന്ന തീരുമാനമെടുത്തിരുന്നു. ക്രമേണ എല്ലാ ജില്ലകളിലേക്കും വള്ളം കളി വ്യാപിപ്പിക്കാനാണ് ടൂറിസം വകുപ്പിന്‍റെ ശ്രമം. 2024ന്‍റെ  തുടക്കത്തില്‍  പാരീസ് പോലെ ഫറോക്ക് പഴയ പാലം ദീപാലംകൃതമാക്കുമെന്നും പൊതുജനങ്ങള്‍ക്ക് സന്ധ്യാസമയം ചെലവഴിക്കാനായി എല്ലാ സൗകര്യങ്ങളുമുള്ള ഇടമായി ഇവിടം മാറാന്‍ പോവുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  സീസണ്‍ അടിസ്ഥാനത്തിലല്ലാതെ എത് കാലാവസ്ഥയിലും ആസ്വദിക്കാവുന്ന തരത്തില്‍ സംസ്ഥാനത്ത് വൈവിദ്ധ്യമാര്‍ന്ന ടൂറിസം ഉത്പന്നങ്ങള്‍ അവതരിപ്പിക്കുകയെന്നത് സര്‍ക്കാരിന്‍റെ തീരുമാനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫറോഖ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍ സി അബ്ദുല്‍ റസാഖ് അധ്യക്ഷനായ ചടങ്ങില്‍ എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, സച്ചിന്‍ ദേവ്, പിടിഎ റഹീം, കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്, സിനിമാതാരം ആസിഫ് അലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ശശി, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

Photo Gallery

+
Content
+
Content
+
Content
+
Content