കേരളത്തിന്‍റെ തനത് കലകളെക്കുറിച്ച് സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: അടൂര്‍ ഗോപാലകൃഷ്ണന്‍

ആര്‍ നന്ദകുമാറിന്‍റെ ഇന്‍സൈറ്റ് ആന്‍റ് ഔട്ട് ലുക്ക് പ്രകാശനം ചെയ്തു
Kochi / May 7, 2022

കൊച്ചി: കേരളത്തിന്‍റെ മണ്ണില്‍ മുളച്ച് വളര്‍ന്ന കലാരൂപങ്ങളെക്കുറിച്ച് സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കേരള ലളിതകലാ അക്കാദമി പ്രസിദ്ധീകരിച്ച ആര്‍ നന്ദകുമാറിന്‍റെ സമകാലീന കലയെക്കുറിച്ചുള്ള ലേഖനസമാഹാരം 'ഇന്‍സൈറ്റ് ആന്‍റ് ഔട്ട് ലുക്ക്' പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രശസ്ത ദൃശ്യകലാകാരി പുഷ്പമാല എന്‍ പുസ്തകം ഏറ്റുവാങ്ങി. 'കലയിലെ സിദ്ധാന്തവും പ്രയോഗവും വിമര്‍ശനാത്മകമായ ഇടപെടല്‍' എന്ന വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. 

കേരളീയ വാസ്തുശില്‍പം ബാക്കി നില്‍ക്കുന്നത് ക്ഷേത്രങ്ങളില്‍ മാത്രമാണെന്ന് അടൂര്‍ പറഞ്ഞു. അമ്പലവളപ്പുകളിലെ അനിയന്ത്രിതമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്ഷേത്രസങ്കല്‍പം ഇല്ലാതാക്കുകയാണ്. ചിത്രകലയെക്കുറിച്ച് വളരെ കുറച്ച് പുസ്തകങ്ങള്‍ മാത്രമേയുള്ളൂ. രാജാ രവിവര്‍മ്മയെക്കുറിച്ച് പോലും ഇന്നത്തെ കുട്ടികള്‍ക്ക് അറിയില്ല. വിദേശങ്ങളില്‍ മറ്റ് കലയെപ്പോലെ തന്നെ സമകാലീനകലാരൂപങ്ങളെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നാടകരൂപമായ കൂടിയാട്ടത്തെക്കുറിച്ച് പോലും ആര്‍ക്കുമറിയില്ല. ഇതൊക്കെ മാറ്റിയെടുക്കണം. തെയ്യങ്ങളുടെ മുഖമെഴുത്തിനെക്കുറിച്ച് പഠനങ്ങള്‍ നടക്കണമെന്നും അടൂര്‍ പറഞ്ഞു.

സമകാലീന കലയുമായി ബന്ധപ്പെട്ട പ്രസാധനരംഗം ശക്തിപ്പെടുത്തുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് പറഞ്ഞു. സമകാലീനകലയുമായി ബന്ധപ്പെട്ട പ്രസാധനരംഗം സജീവമല്ലെന്നത് കണക്കിലെടുത്താണിത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യ വായനാസംസ്ക്കാരത്തെ മാറ്റി മറിച്ചെങ്കിലും പുസ്തകങ്ങളുടെ പ്രാധാന്യം മാറുന്നില്ല. പുസ്തകം പ്രകാശനം ചെയ്യുന്നതിനോടൊപ്പം അതിനെക്കുറിച്ച് വിശദമായ ചര്‍ച്ചയും വേണം. കൂടുതല്‍ ജനങ്ങളിലേക്ക് പുസ്തകങ്ങളെത്താന്‍ ഇത്തരം ചര്‍ച്ച സഹായിക്കുമെന്നും മുരളി ചീരോത്ത് പറഞ്ഞു.

രാജാ രവിവര്‍മ്മയിലൂടെ 19-ാം നൂറ്റാണ്ടിന്‍റെ അവസാനം മുതല്‍ 20-ാം നൂറ്റാണ്ടിലെ കെസിഎസ് പണിക്കര്‍ വരെയുള്ള കലാകാരന്മാരുടെ സംഭാവനയെക്കുറിച്ചും സമകാലീനകല ഉരുത്തിരിഞ്ഞു വന്ന പാതയെക്കുറിച്ചും പുസ്തകത്തില്‍ വിശദമായി അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് നിരൂപകന്‍ പ്രൊഫ. ആര്‍ ശിവകുമാര്‍ പറഞ്ഞു. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മൂര്‍ച്ചയുള്ള നിരീക്ഷണങ്ങള്‍ സരസമായി അവതരിപ്പിക്കുന്നതില്‍ ആര്‍ നന്ദകുമാര്‍ വിജയിച്ചിട്ടുണ്ടെന്ന് പുഷ്പമാല എന്‍ ചൂണ്ടിക്കാട്ടി. മുഗള്‍, പഹാഡി കലപോലെ തന്നെ പ്രധാനമാണ് ഡക്കാന്‍ കലാരൂപങ്ങളുമെന്ന് അവര്‍ പറഞ്ഞു. ദക്ഷിണേന്ത്യന്‍ കലകള്‍ പലപ്പോഴും മാറ്റിനിറുത്തപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.

ലളിതകലാ അക്കാദമി സെക്രട്ടറി എന്‍ ബാലമുരളീകൃഷ്ണന്‍ സ്വാഗതവും കലാ സംവിധായകന്‍ അജി അടൂര്‍ നന്ദിയും പ്രകാശിപ്പിച്ചു. നിരൂപകന്‍ എം രാമചന്ദ്രന്‍, നിരൂപകനും എഴുത്തുകാരനുമായ ബിപിന്‍ ബാലചന്ദ്രന്‍, പുഷ്പമാല എന്‍, ആര്‍ നന്ദകുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. 
 

Photo Gallery

+
Content
+
Content