കേരളീയ ചുമര്‍ചിത്ര ചാരുതയില്‍ അര്‍പ്പിത റെഡ്ഡിയുടെ 'വിശ്വാത്മ' ന്യൂഡല്‍ഹി ബിക്കാനീര്‍ ഹൗസിലെ ചിത്രപ്രദര്‍ശനം 25 വരെ

New Delhi / October 22, 2023

ന്യൂഡല്‍ഹി: സമ്പന്നമായ കേരളീയ ചുമര്‍ചിത്ര കലയുടെ പാരമ്പര്യം ഉള്‍ക്കൊണ്ട വരകളുമായി ഒരു ആന്ധ്രാ ചിത്രകാരി. കേരളീയ ചുമര്‍ ചിത്രങ്ങളെ അടുത്തറിയാനായത് തന്‍റെ ചിത്രകലാ ജീവിതത്തില്‍ നിര്‍ണായകമായതെന്ന് കരുതുന്നു ഹൈദരാബാദുകാരിയായ അര്‍പ്പിത റെഡ്ഡി. പൗരാണികതയും കലയും സമന്വയിച്ച അര്‍പ്പിതയുടെ ചിത്രപ്രദര്‍ശനമായ 'വിശ്വാത്മ' ന്യൂഡല്‍ഹിയിലെ ബിക്കാനീര്‍ ഹൗസ് ആര്‍ട്ട് ഗാലറിയില്‍ നടന്നുവരികയാണ്. 

    1997 ല്‍ കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അര്‍പ്പിത ആദ്യമായി ഒരു കേരള ചുമര്‍ചിത്രം കാണുന്നത്. മട്ടാഞ്ചേരിയില്‍ 1545 ല്‍ നിര്‍മ്മിച്ച ഡച്ച് കൊട്ടാരത്തിലായിരുന്നു അത്. ഇത് അര്‍പ്പിതയെ വല്ലാതെ ആകര്‍ഷിച്ചു. പിന്നീട് പലതവണ കേരളം സന്ദര്‍ശിക്കാനും ക്ഷേത്ര ചുവര്‍ചിത്രങ്ങളെക്കുറിച്ച് കൂടുതല്‍ പഠിക്കാനും അര്‍പ്പിത ശ്രമിച്ചു. കേരളത്തിലെ വലിയ ചുമര്‍ ചിത്രങ്ങളിലൊന്നായ ഏറ്റുമാനൂര്‍ മഹാക്ഷേത്രത്തിലെ ചുമര്‍ചിത്രം കാണാനായത് ഈ കലയോടുള്ള ആഭിമുഖം വര്‍ധിപ്പിച്ചു. ഇതിനെ തുടര്‍ന്ന് കേരളത്തിലെ പല ക്ഷേത്രങ്ങളിലെയും കൊട്ടാരങ്ങളിലെയും ചുമര്‍ചിത്രങ്ങള്‍ പരിചയപ്പെടാനായി അര്‍പ്പിത യാത്രകള്‍ നടത്തി. ഗുരുവായൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂറല്‍ പെയിന്‍റിംഗിലെ കെ.യു കൃഷ്ണകുമാര്‍ ഭോപ്പാലില്‍ ശില്‍പ്പശാലയ്ക്കായി വന്നപ്പോള്‍ പരിചയപ്പെട്ടത് അര്‍പ്പിതയുടെ ചിത്രകലാ ജീവിതത്തില്‍ വഴിത്തിരിവായി. കേരള ചുമര്‍ചിത്രങ്ങളുടെ സിദ്ധാന്തത്തെയും പ്രയോഗത്തെയും കുറിച്ച് കൂടുതല്‍ അറിയാന്‍ അര്‍പ്പിത കോഴ്സില്‍ ചേര്‍ന്നു. ഈ പരിശീലനവും സാധനയും അര്‍പ്പിതയിലെ ചിത്രകാരിയെ കൂടുതല്‍ ഉയരങ്ങളിലെത്തിച്ചു. ആര്‍ട്ടിസ്റ്റ് എ. രാമചന്ദ്രന്‍റെ 'ദ അബോഡ് ഓഫ് ഗോഡ്സ്' എന്ന പുസ്തകം വായിക്കാനിടയായത് ചുമര്‍ചിത്രകലയെ കുറിച്ചുള്ള അര്‍പ്പിതയുടെ ആശയങ്ങള്‍ വിശാലമാക്കാന്‍ സഹായിച്ചു. 

    ചിത്രഭാഷയിലും ചുമര്‍ചിത്രങ്ങളിലുമുള്ള അര്‍പ്പിതയുടെ അവഗാഹം തെളിയിക്കുന്നതാണ് 'വിശ്വാത്മ'യിലെ ചിത്രങ്ങളോരോന്നും. ഇന്ത്യന്‍ പൗരാണികതയുടെ പാരമ്പര്യവും കലാചരിത്രവും ഈ ചിത്രങ്ങളില്‍ തെളിയുന്നു. കേരളീയ ചുമര്‍ചിത്ര പാരമ്പര്യം ഉള്‍ക്കൊണ്ട് മഹാവിഷ്ണുവിന്‍റെ അവതാരങ്ങള്‍ ഉള്‍പ്പെടെ 50 ചുമര്‍ചിത്രങ്ങളാണ് ബിക്കാനീര്‍ ഹൗസില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഈ മാസം 19 ന് തുടങ്ങിയ പ്രദര്‍ശനം 25 വരെയാണ്. നാമം, ദശാവതാരം, സുമംഗല എന്നീ മൂന്ന് ഭാഗങ്ങളായി വിഭജിച്ചിട്ടുള്ള 'വിശ്വാത്മ'യിലേക്ക് രാവിലെ 11 മുതല്‍ വൈകുന്നേരം 7 വരെയാണ് പ്രവേശനം. മലയാളിയായ ഉമ നായരാണ് ക്യുറേറ്റര്‍. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന അര്‍പ്പിതയുടെ 'വസുന്ധര' എന്ന ചിത്രപ്രദര്‍ശനവും ഉമയാണ് ക്യൂറേറ്റ് ചെയ്തത്. 

    ഹൈദരാബാദിലെ കുട്ടിക്കാലത്തു തന്നെ വരയുടെ ലോകത്തേക്ക് അര്‍പ്പിത പ്രവേശിച്ചിരുന്നു. നല്‍ഗൊണ്ടയിലെ പേരുകേട്ട മുഗള്‍-തൈലുങ്ക് സമ്മിശ്ര ചിത്രണ ശൈലി, ഹൈദരാബാദ് ജെഎന്‍എഫ്യു, ഭോപ്പാല്‍ ഫൈന്‍ ആര്‍ട്സ് കോളേജുകളില്‍ നിന്നുള്ള ചിത്രകലാ പഠനം, ഗുരുവായൂരില്‍ നിന്നും കേരള ചുമര്‍ ചിത്രകലയില്‍ നേടിയ പരിശീലനം എന്നിവയെല്ലാം കൈമുതലാക്കിയാണ് അര്‍പ്പിത ചിത്രകലയുടെ മുഖ്യധാരയിലേക്ക് പ്രവേശിക്കുന്നത്. ഇതില്‍ കേരളീയ ചുമര്‍ചിത്രങ്ങളെ പരിചയപ്പെടാനായതാണ് വരയുടെ ലോകത്തെ വേറിട്ടു കാണാന്‍ തന്നെ പ്രാപ്തമാക്കിയതെന്ന് അര്‍പ്പിത വിശ്വസിക്കുന്നു.

    തന്‍റെ ചിത്രങ്ങളില്‍ പൗരാണികതയുടെ പാരമ്പര്യം കൂടി ഉള്‍ച്ചേര്‍ക്കുമ്പോഴാണ് കൂടുതല്‍ തെളിച്ചം കൈവരുന്നതെന്ന് അര്‍പ്പിത റെഡ്ഡി പറഞ്ഞു. പല നാടുകളിലെ ചിത്രകലാ രീതികളില്‍ നിന്ന് സ്വായത്തമാക്കിയ അറിവുകള്‍ ചിത്രങ്ങളില്‍ പ്രയോജനപ്പെടുത്താറുണ്ട്. പരമ്പരാഗത എംബ്രോയ്ഡറി ജോലികള്‍ ചെയ്തുപോന്ന അമ്മ ഭാരതി റെഡ്ഡിയില്‍ നിന്നാണ് കലാ താത്പര്യം കെവരുന്നത്. കോളേജിലെ ഔപചാരിക പഠനം വരകളില്‍ നിറങ്ങളുടെ ഉപയോഗത്തെക്കുറിച്ചും മറ്റും സുവ്യക്തമായ കാഴ്ചപ്പാട് നല്‍കുന്നതിന് സഹായിച്ചിട്ടുണ്ടെന്നും അര്‍പ്പിത കൂട്ടിച്ചേര്‍ത്തു.

    ഫൈന്‍ ആര്‍ട്സ് കോളേജുകളിലെ പരിശീലനം അര്‍പ്പിതയില്‍ പാശ്ചാത്യ, കിഴക്കന്‍, പരമ്പരാഗത, സമകാലിക ചിത്രകലയെക്കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാട് രൂപപ്പെടുത്തിയെന്ന് ഉമ സമ്മതിക്കുന്നു. എന്നാല്‍ ക്ഷേത്ര ചുമര്‍ചിത്രങ്ങള്‍ പോലെ പരമ്പരാഗത അറിവുകളുമായുള്ള പരിചയം ആന്തരിക വിശ്വാസവുമായി ഇടപെടുന്നതിനാല്‍ കഴിവുകളുടെ മൂര്‍ച്ച കൂട്ടും. പാരമ്പര്യ ചിത്രകലയെ കുറിച്ച് കൂടുതല്‍ അറിവുകള്‍ തേടാന്‍ ശ്രമിക്കുന്നയാളാണ് അര്‍പ്പിത. രാജസ്ഥാനിലെ ഫാഡ് സ്ക്രോള്‍ പെയിന്‍റിംഗുകള്‍ കേരള ചുമര്‍ചിത്രങ്ങളോട് ചേര്‍ന്നുള്ള വര്‍ണ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നുവെന്ന് എളുപ്പത്തില്‍ തിരിച്ചറിയാനാകുന്നുവെന്നത് അര്‍പ്പിതയുടെ ഈ നിരീക്ഷണപാടവത്തിന് ഉദാഹരണമായി ഉമ പറയുന്നു.

    കേരള ചുമര്‍ചിത്രങ്ങളിലെ വര്‍ണ സൂത്രവാക്യം, അലങ്കാരം, രൂപങ്ങള്‍, ഭാവങ്ങള്‍, സൂക്ഷ്മമായ ഷേഡിംഗ് എന്നിവ അര്‍പ്പിത നന്നായി ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് അന്തരിച്ച പ്രമുഖ കലാചരിത്രകാരന്‍ വിജയകുമാര്‍ മേനോന്‍ അഭിപ്രായപ്പെട്ടിരുന്നു. 2017 ല്‍ മുംബൈയിലെ ജഹാംഗീര്‍ ആര്‍ട്ട് ഗാലറിയില്‍ നടന്ന അര്‍പ്പിതയുടെ 'ഉദ്ഭവം' ചിത്രപ്രദര്‍ശനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.


 

Photo Gallery

+
Content
+
Content
+
Content
+
Content
+
Content