മധുരപ്രതികാരവുമായി കൈനകരിയില്‍ പിബിസി വീയപുരത്തിന്‍റെ ഉജ്ജ്വല തിരിച്ചു വരവ്

സ്വന്തം തട്ടകത്തില്‍ യുബിസി കൈനകരിയ്ക്ക് തോല്‍വി
Alleppey / October 21, 2023

ആലപ്പുഴ: കേരള ടൂറിസത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ പ്രീമിയര്‍ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മൂന്നാം സീസണില്‍ കൈനകരിയില്‍ നടന്ന ഏഴാം മത്സരത്തില്‍ മിന്നുന്ന വിജയവുമായി പള്ളാത്തുരുത്തി ബോട്ട് ക്ലബ്(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) തുഴഞ്ഞ വീയപുരം(4.00.63 മിനിറ്റ്) പകരം വീട്ടി. യുബിസി കൈനകരി(കോസ്റ്റ് ഡോമിനേറ്റേഴ്സ്)യുടെ സ്വന്തം തട്ടകത്തില്‍ അവര്‍ തുഴഞ്ഞ നടുഭാഗം ചുണ്ടനെ(4.01.63 മിനിറ്റ്) പരാജയപ്പെടുത്തിയാണ് പിബിസി വീയപുരം വിജയകിരീടമണിഞ്ഞത്.  പോലീസ് ബോട്ട് ക്ലബ്(റേജിംഗ് റോവേഴ്സ്) മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ (4.09.95) മൂന്നാമതെത്തി.

 

പിറവം, താഴത്തങ്ങാടി, പുളിങ്കുന്ന് എന്നീ വേദികളില്‍ നേരിട്ട പരാജയത്തിന് യുബിസിയുടെ സ്വന്തം തട്ടകത്തില്‍ പകരം വീട്ടിയാണ് പിബിസി വീയപുരം തിരികെ വന്നത്. തുടക്കം മുതല്‍ അവസാന 25 മീറ്റര്‍ വരെ ഒപ്പത്തിനൊപ്പം നിന്ന് പിബിസി വീയപുരവും, യുബിസി നടുഭാഗവും ഉജ്ജ്വല മത്സരം കാഴ്ചവച്ചു. ഫിനിഷില്‍ രണ്ട് തുഴപ്പാടുകള്‍ക്ക് മുമ്പിലായി പിബിസി വീയപുരം ഫിനിഷ് ചെയ്തു.

 

എന്‍സിഡിസി(മൈറ്റി ഓര്‍സ്) തുഴഞ്ഞ നിരണം ചുണ്ടന്‍ (നാല്), റിപ്പിള്‍ ബ്രേക്കേഴ്സ്(കാരിച്ചാല്‍) പുന്നമട ബോട്ട് ക്ലബ്(അഞ്ച്), ബാക്ക് വാട്ടര്‍ കിംഗ്സ്(സെ. പയസ്)നിരണം ബോട്ട് ക്ലബ്(ആറ്), പ്രൈഡ് ചേസേഴ്സ്(ആയാപറമ്പ് പാണ്ടി) (ഏഴ്), വിബിസിബാക്ക് വാട്ടര്‍ വാരിയേഴ്സ്(ചമ്പക്കുളം)കുമരകം ടൗണ്‍ ബോട്ട്ക്ലബ് (എട്ട്), തണ്ടര്‍ ഓര്‍സ്(പായിപ്പാടന്‍)കെബിസി/എസ്എഫ്ബിസി(ഒമ്പത്) എന്നിങ്ങനെയാണ് പുളിങ്കുന്നിലെ വിജയനില.

 

ഏഴ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 67 പോയിന്‍റുമായി പിബിസി വീയപുരമാണ് മുന്നിലെങ്കിലും യുബിസി നടുഭാഗം 65 പോയിന്‍റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. 50 പോയിന്‍റ് വീതം നേടി എന്‍സിഡിസി നിരണവും പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ മൂന്നാം സ്ഥാനം പങ്കിടുന്നു.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ജി രാജേശ്വരി അധ്യക്ഷയായ ഉദ്ഘാടനച്ചടങ്ങില്‍ ഫിഷറീസ്-സാംസ്ക്കാരിക മന്ത്രി സജി ചെറിയാന്‍ കൈനകരി വള്ളംകളി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ ജോണ്‍ സാമുവല്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, സിബിഎല്‍ ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍പങ്കെടുത്തു.

കരുവാറ്റ, ആലപ്പുഴ(ഒക്ടോബര്‍ 28), കായംകുളം, ആലപ്പുഴ(നവംബര്‍ 18), കല്ലട, കൊല്ലം (നവംബര്‍ 25), പാണ്ടനാട്, ചെങ്ങന്നൂര്‍ ആലപ്പുഴ(ഡിസംബര്‍ 2), പ്രസിഡന്‍റ്സ് ട്രോഫി, കൊല്ലം (ഡിസംബര്‍ 9) എന്നിങ്ങനെയാണ് ഇനി നടക്കാനുള്ള മത്സരങ്ങള്‍.

Photo Gallery