മാലിന്യ സംഭരണ കേന്ദ്രങ്ങളില്‍ അഗ്നി സുരക്ഷാ സംവിധാനം ഉറപ്പാക്കും; എല്‍എസ് ജിഡി

Trivandrum / October 21, 2023

തിരുവനന്തപുരം: മാലിന്യശേഖരണവുമായി ബന്ധപ്പെട്ട മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളില്‍ (എംസിഎഫ്) അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനിച്ചു. എംസിഎഫുകളില്‍ അടുത്തിടെ തീപിടിത്തമുണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഇതിനായി നടപടി സ്വീകരിക്കുന്നത്.

 എല്‍എസ് ജിഡി അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍റെ നേതൃത്വത്തില്‍ നടന്ന ജോയിന്‍റ് ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഉന്നതതല യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു.

ഇത്തരം സംഭവങ്ങള്‍ ബോധപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമായാണ് ഉണ്ടാകുന്നതെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എല്ലാ എംസിഎഫുകളിലും മറ്റ് മാലിന്യ സംഭരണ കേന്ദ്രങ്ങളിലും പ്രവര്‍ത്തനക്ഷമമായ അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ശാരദാ മുരളീധരന്‍ നിര്‍ദ്ദേശം നല്‍കി. തീപിടിത്തമുണ്ടാകാന്‍ സാധ്യതയുള്ള എംസിഎഫുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും അവര്‍ പറഞ്ഞു.

ഓരോ ജില്ലകളിലെയും ഇത്തരം കേന്ദ്രങ്ങളില്‍ നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കുന്നതിനൊപ്പം പോലീസ് പട്രോളിംഗ് ഊര്‍ജിതമാക്കാനുള്ള നടപടി സ്വീകരിക്കാനും ജില്ലാ കളക്ടര്‍മാര്‍ക്ക് ശാരദാ മുരളീധരന്‍ നിര്‍ദേശം നല്കി.

 മാലിന്യമുക്തം നവകേരളം കാമ്പയിന്‍ നടക്കുന്നതിനാല്‍ സംഭരണശാലകളില്‍ കൂടുതല്‍ മാലിന്യം എത്തുന്നുണ്ട്. വന്‍തോതില്‍ മാലിന്യം കുമിഞ്ഞുകൂടുന്നത് ഒഴിവാക്കുന്നതിനായി മാലിന്യം എത്തുന്നതിനനുസരിച്ച് സംഭരണശാലകളില്‍ നിന്ന് അവ നീക്കം ചെയ്യാന്‍ ക്ലീന്‍ കേരള കമ്പനി സജീവമായി ഇടപെടണമെന്നും അവര്‍ നിര്‍ദേശിച്ചു.

Photo Gallery