തോട്ടംമേഖലയിലെ ചെറുകിട കര്‍ഷകരുടെ ആവശ്യങ്ങള്‍ ഗൗരവപൂര്‍വം പരിഗണിക്കും: മന്ത്രി രാജീവ്

Trivandrum / October 20, 2023

തിരുവനന്തപുരം: പ്ലാന്‍റേഷന്‍ ഇതരപ്രവര്‍ത്തനങ്ങള്‍ക്കായി തോട്ടങ്ങള്‍ക്ക് നിലവില്‍ അനുവദനീയമായ അഞ്ചു ശതമാനം ഭൂപരിധി വര്‍ധിപ്പിക്കണമെന്ന ചെറുകിട കര്‍ഷകരുടെ ആവശ്യം പരിഗണിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കേരളത്തിലെ തോട്ടംമേഖലയിലെ ചെറുകിട കര്‍ഷകരുമായുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

 കേരളത്തിലെ തോട്ടം മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വ്യവസായ വകുപ്പിന് കീഴിലെ പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ സഹായകമായി. നയപരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചതിനൊപ്പം വിവിധ പദ്ധതികള്‍ നടപ്പിലാക്കാനായെന്നും അദ്ദേഹം പറഞ്ഞു.

 നിലവില്‍ രാജ്യത്തെ ആകെ പ്ലാന്‍റേഷന്‍റെ 46 ശതമാനവും കേരളത്തിലാണ്. ഇന്ത്യയില്‍ ആദ്യമായി പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റ് രൂപീകരിച്ചതും അതിനെ വ്യവസായമായി പ്രഖ്യാപിച്ചതും കേരളമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 തോട്ടം മേഖലകളുമായി ബന്ധപ്പെട്ട ലയങ്ങളുടെ പുനരുദ്ധാരണത്തിനായി കര്‍ഷകരെടുക്കുന്ന വായ്പാ തുകയുടെ പലിശ വ്യവസായ വകുപ്പ് റീ-ഇംമ്പേഴ്സ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പ്ലാന്‍റേഷന്‍ അല്ലാതെയുള്ള പത്ത് ഏക്കര്‍ ഭൂമി കര്‍ഷകര്‍ കണ്ടെത്തിയാല്‍ ഇന്ത്യയില്‍ ആദ്യമായി ഒരു ഫ്രൂട്ട് പാര്‍ക്ക് തുടങ്ങാനുള്ള അനുമതി നല്കും. ഫ്രൂട്ട് പാര്‍ക്കിന്‍റെ അടിസ്ഥാന സൗകര്യവികസനത്തിനായി മൂന്ന് കോടി രൂപ ഗ്രാന്‍റായി സര്‍ക്കാര്‍ നല്കുമെന്നും അദ്ദേഹം പറഞ്ഞു.

തോട്ടങ്ങളോട് ചേര്‍ന്ന് പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള ഫാം ടൂറിസം സാധ്യമാകും. തോട്ടവിളകളോട് ചേര്‍ന്ന് ഫലവൃക്ഷങ്ങള്‍ കൃഷി ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റിന്‍റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് വിവിധ മേഖലകളിലായി ശില്പശാലകള്‍ സംഘടിപ്പിക്കും.

തോട്ടവിള കൃഷി രീതികള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ധനസഹായം നല്കും. വെളിച്ചെണ്ണ, കാപ്പി എന്നിവയുടെ കേരള ബ്രാന്‍ഡ് രൂപപ്പെടുത്തി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. ബജറ്റില്‍ അതിനു വേണ്ടി 1000 കോടി വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 തോട്ടംമേഖലയില്‍ ലോകബാങ്കിന്‍റെ പിന്തുണയോടെയുള്ള പദ്ധതികള്‍ നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നുണ്ട്. ഇത്തരത്തില്‍ പ്ലാന്‍റേഷന്‍ മേഖലയിലെ മുഴുവന്‍ സാധ്യതകളേയും ഉപയോഗിക്കാനാണ് ശ്രമിക്കുന്നത്. പ്ലാന്‍റേഷന്‍ മേഖലയിലെ സമഗ്രപഠനത്തിന് ഐഐഎം കോഴിക്കോടുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ തൊടുപുഴയിലെ സ്പൈസസ് പാര്‍ക്കിന് വലിയ സാധ്യതകളുണ്ട്. 20 ഏക്കര്‍ സ്ഥലം കൂടി അവിടെ ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നു വന്നിരുന്നു. വയനാട്ടിലെ കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക് അടുത്തകാലത്ത് തന്നെ പ്രവര്‍ത്തനം ആരംഭിക്കും. കുറ്റ്യാടിയിലും ഒരു നാളികേര പാര്‍ക്ക് വരുന്നുണ്ട്. തോട്ടംമേഖലയുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. 2024 ജനുവരി 20 ന് കൊച്ചിയില്‍ പ്ലാന്‍റേഷന്‍ എക്സ്പോ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 റമ്പൂട്ടാന്‍, അവോക്കാഡോ മുതലായ ഫലവൃക്ഷങ്ങളും മറ്റു വിളകളും പ്ലാന്‍റേഷന്‍ പരിധിയില്‍ കൊണ്ടു വരണമെന്നും കൂടുതല്‍ ഭൂമി അതിനായി ഉപയോഗിക്കാനുള്ള അനുമതി നല്‍കണമെന്നും ചെറുകിട കര്‍ഷകര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. പ്ലാന്‍റേഷന്‍ ഇതരപ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള അഞ്ചു ശതമാനം ഭൂമി തീരെ കുറവായതിനാല്‍ ലാഭകരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ കഴിയുന്നില്ലെന്നും അതിന്‍റെ പരിധി ഉയര്‍ത്തുന്നത് ചെറുകിട ഉത്പാദകര്‍ക്ക് സഹായകമാകുമെന്നും അവര്‍ പറഞ്ഞു.

 
യോഗത്തില്‍ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റ് സ്പെഷ്യല്‍ ഓഫീസറും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ എസ്.ഹരികിഷോര്‍, പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ എസ്. കൃപകുമാര്‍ എന്നിവരും സംസാരിച്ചു.

Photo Gallery

+
Content
+
Content