പുളിങ്കുന്നില്‍ സിബിഎല്‍ ഹാട്രിക് രചിച്ച് യുബിസി നടുഭാഗം പിബിസിയുടെ കുത്തക തകര്‍ത്ത് കൈനകരിക്കൂട്ടം

Alleppey / October 14, 2023

ആലപ്പുഴ: ചുണ്ടന്‍ വള്ളങ്ങളുടെ പ്രീമിയര്‍ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മൂന്നാം സീസണില്‍ പുളിങ്കുന്നില്‍ നടന്ന ആറാം മത്സരത്തില്‍ യുബിസി കൈനകരി(കോസ്റ്റ് ഡോമിനേറ്റേഴ്സ്) തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ ഹാട്രിക് വിജയം(2.54.61 മിനിറ്റ്) നേടി. പിറവത്തും, താഴത്തങ്ങാടിയിലും ഒന്നാമതെത്തിയ അവര്‍ പുളിങ്കുന്ന് രാജീവ് ഗാന്ധി വള്ളം കളിയില്‍ മിന്നുന്ന പ്രകടനത്തോടെ പള്ളാത്തുരുത്തി ബോട്ട് ക്ലബ്(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) തുഴഞ്ഞ വീയപുരത്തിനെ(2.55.42 മിനിറ്റ്) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി. എന്‍സിഡിസി(മൈറ്റി ഓര്‍സ്) തുഴഞ്ഞ നിരണം ചുണ്ടന്‍(2.57.50 മിനിറ്റ്) മൂന്നാമത് ഫിനിഷ് ചെയ്തു.

കഴിഞ്ഞ രണ്ട് സിബിഎല്‍ സീസണിലും പള്ളാത്തുരുത്തി ബോട്ട് ക്ലബ് പുറത്തെടുത്ത അതേ തന്ത്രം അവര്‍ക്കെതിരെ പ്രയോഗിച്ചാണ് യുബിസി നടുഭാഗം പുളിങ്കുന്നിലും വിജയം നേടിയത്. ആദ്യ 700 മീറ്ററില്‍ ഏതാണ്ട് ഒരു മീറ്ററിന്‍റെ മുന്നിലായി കുതിച്ച പിബിസിയെ അവസാന ലാപ്പില്‍ നടത്തിയ തുഴച്ചില്‍ വേഗത്തിലാണ് യുബിസി നടുഭാഗം മറി കടന്നത്. രണ്ട് തുഴപ്പാടുകള്‍ക്ക് വിജയം കൈവരിക്കുമ്പോള്‍ പകരം വീട്ടിയതിന്‍റെ ആവേശമായിരുന്നു യുബിസി ആരാധകര്‍ക്ക്.

പോലീസ് ബോട്ട് ക്ലബ്(റേജിംഗ് റോവേഴ്സ്) മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ (നാല്), റിപ്പിള്‍ ബ്രേക്കേഴ്സ്(കാരിച്ചാല്‍) പുന്നമട ബോട്ട് ക്ലബ്(അഞ്ച്), ബാക്ക് വാട്ടര്‍ കിംഗ്സ്(സെ. പയസ്)നിരണം ബോട്ട് ക്ലബ്(ആറ്), ബാക്ക് വാട്ടര്‍ വാരിയേഴ്സ്(ചമ്പക്കുളം)കുമരകം ടൗണ്‍ ബോട്ട്ക്ലബ്(ഏഴ്), പ്രൈഡ് ചേസേഴ്സ്(ആയാപറമ്പ് പാണ്ടി)വിബിസി(എട്ട്), തണ്ടര്‍ ഓര്‍സ്(പായിപ്പാടന്‍)കെബിസി/എസ്എഫ്ബിസി(ഒമ്പത്) എന്നിങ്ങനെയാണ് പുളിങ്കുന്നിലെ വിജയനില.

ആറ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 57 പോയിന്‍റുമായി പിബിസി വീയപുരമാണ് മുന്നിലെങ്കിലും യുബിസി നടുഭാഗത്തിന് കേവലം ഒരു പോയിന്‍റ് മാത്രം പിന്നിലാണ്. അടുത്ത മത്സരം നടക്കുന്നത് സ്വന്തം തട്ടകമായ കൈനകരിയിലായതിനാല്‍ യുബിസി വലിയ പ്രതീക്ഷയിലാണ്. 43 പോയിന്‍റുകളുമായി എന്‍സിഡിസി നിരണം മൂന്നാം സ്ഥാനത്തും തുടരുന്നു.

കൃഷി മന്ത്രി പി പ്രസാദ് പുളിങ്കുന്ന് വള്ളംകളി ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്തംഗങ്ങള്‍, സിബിഎല്‍ ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു.

കൈനകരി, ആലപ്പുഴ(ഒക്ടോബര്‍ 21), കരുവാറ്റ, ആലപ്പുഴ(ഒക്ടോബര്‍ 28), കായംകുളം, ആലപ്പുഴ(നവംബര്‍ 18), കല്ലട, കൊല്ലം(നവംബര്‍ 25), പാണ്ടനാട്, ചെങ്ങന്നൂര്‍ ആലപ്പുഴ(ഡിസംബര്‍ 2), പ്രസിഡന്‍റ്സ് ട്രോഫി, കൊല്ലം(ഡിസംബര്‍ 9) എന്നിങ്ങനെയാണ് ഇനി നടക്കാനുള്ള മത്സരങ്ങള്‍.

Photo Gallery

+
Content
+
Content