വിഖ്യാത നര്‍ത്തകി ആനന്ദ ശങ്കര്‍ ജയന്തിന്‍റെ നൃത്തശില്‍പം ഇന്ന് (15.10.2023) കോവളത്ത്

Trivandrum / October 14, 2023

തിരുവനന്തപുരം: വിഖ്യാത ഭരതനാട്യം-കുച്ചിപ്പുടി നര്‍ത്തകി ആനന്ദ ശങ്കര്‍ ജയന്തിന്‍റെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കേരള പര്യടനത്തിന്‍റെ  ആറാമത്തെ പരിപാടി ഇന്ന് (15.10.2023) കോവളത്ത് അരങ്ങേറും. കോവളത്തെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ വൈകിട്ട് ഏഴിനാണ് പരിപാടി.

ശിവപുരാണത്തില്‍ നിന്നുമുള്ള നന്ദികേശ്വരനും കടുവയും തമ്മിലുള്ള സംവാദം (എ ടെയില്‍ ഓഫ് ബുള്‍ ആന്‍ഡ് ടൈഗര്‍) ആണ് ആനന്ദ ശങ്കറും സംഘവും കേരളത്തിലെ ഏഴ് വേദികളിലായി അവതരിപ്പിക്കുന്നത്.

എല്ലാ ദിവസവും ഒരോ സ്ഥലങ്ങളില്‍ ഓരോ വേദികളിലാണ് സംഘം ഈ നൃത്ത ശില്‍പം അവതരിപ്പിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പിണറായി, കോഴിക്കോട് വടകരയിലുള്ള ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്, കേരള കലാമണ്ഡലം, എറണാകുളം ജെടി പാക്ക്, മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ നൃത്തശില്‍പം അവതരിപ്പിച്ചു കഴിഞ്ഞു. കോവളത്തിനു പുറമെ തിരുവനന്തപുരത്തെ സൂര്യ ഫെസ്റ്റിവലിലും  ഒന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കലാരൂപം അവതരിപ്പിക്കുന്നുണ്ട്.

ശിവന്‍, പാര്‍വതി, ഗണപതി, സുബ്രഹ്മണ്യന്‍ എന്നിവരുടെ കഥ പ്രതിപാദിച്ചു കൊണ്ട് ശിവവാഹനമായ നന്ദികേശ്വരനും പാര്‍വതിയുടെ വാഹനമായ കടുവയും നടത്തുന്ന കഥകളാണ് ഇതിന്‍റെ ഇതിവൃത്തം. സംസ്കൃതത്തിലും തമിഴിലുമാണ് ഇതൊരുക്കിയിരിക്കുന്നത്. പത്തു നര്‍ത്തകര്‍ ചേര്‍ന്നാണ് അരങ്ങില്‍ ഈ നൃത്തശില്‍പം അവതരിപ്പിക്കുക.

ഹൈദരാബാദ് സ്വദേശിയായ ആനന്ദ ശങ്കര്‍ സംവിധാനം ചെയ്ത ഏറ്റവും പ്രശസ്തമായ നൃത്ത ശില്‍പങ്ങളിലൊന്നാണിത്. 1979 ലാണ് അവര്‍ ശങ്കരാനന്ദ കലാക്ഷേത്ര എന്ന സ്ഥാപനം ഹൈദരാബാദില്‍ ആരംഭിച്ചത്. പത്മശ്രീ ജേതാവായ അവര്‍ക്ക് 2009 ല്‍ സംഗീതനാടക അക്കാദമി പുരസ്ക്കാരം ലഭിച്ചു. റെയില്‍വേയില്‍ ഐആര്‍ടിഎസ് ഉദ്യോഗസ്ഥയായി വിരമിച്ച ഡോ. ആനന്ദ ശങ്കര്‍ ശാസ്ത്രീയ നൃത്തമേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഭരതനാട്യം പരിശീലിക്കുന്നതിനു വേണ്ടി 2017 ല്‍ വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്പ് ലോകത്തെമ്പാടും നിരവധി പേരാണ് ഉപയോഗിക്കുന്നത്.

സതിരാജ് വേണുമാധവ്, ഐ വി രേണുകാപ്രസാദ് എന്നിവരാണ് നൃത്തശില്‍പ്പത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗാനാലാപനം ജയന്ത് ദ്വാരകാനാഥാണ്. ഗുന്‍ജന്‍ അഷ്ടപുത്രെ ഡിജിറ്റല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നു. ആനന്ദ ശങ്കറിനെ കൂടാതെ മിഥുന്‍ ശ്യാം, അദിതി റാവു, പൂജിത നമ്പൂരി, അര്‍ച്ചിത ഭട്ട്, ശ്രീവിദ്യ ശ്രീപതി, നേഹ സതാനപള്ളി, റിദിശ്രീ യാദവ് എന്നിവരാണ് മറ്റ് നര്‍ത്തകര്‍.

കുട്ടികള്‍ക്ക് ഭാരതീയ കഥകള്‍ കേള്‍ക്കുന്നതിനും കാണുന്നതിനുമായി അടുത്തിടെ ഡോ. ആനന്ദ പുറത്തിറക്കിയ കുട്ടി കഹാനി ഏറെ പ്രശസ്തമാണ്. പ്രധാനമന്ത്രി തന്‍റെ മന്‍ കി ബാത്ത് റേഡിയോ പരിപാടിയില്‍ ഇതെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. പ്രശസ്ത പ്രഭാഷണ വേദിയായ ടെഡ് ടോക്കില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ഡോ. ആനന്ദ സംസാരിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോര്‍പറേറ്റ് ഓഫീസുകള്‍, നേതൃപാടവ പരിപാടികള്‍ തുടങ്ങിയവയില്‍ പ്രഭാഷക കൂടിയാണവര്‍. 

Photo Gallery

+
Content
+
Content