കേരളത്തിലെ സംരംഭകരുടെ ഉത്പന്നങ്ങള്‍ ആഗോളതലത്തില്‍ മത്സരിച്ച് വിജയിക്കണം-മുഖ്യമന്ത്രി

കിന്‍ഫ്ര സ്പൈസസ് പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു
Idukki / October 14, 2023

തൊടുപുഴ: സംസ്ഥാനത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ആഗോളവിപണിയില്‍ മത്സരശേഷി വളര്‍ത്തുകയും വിജയം കൈവരിക്കുകയും ചെയ്യാന്‍ വ്യവസായ പാര്‍ക്കുകള്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലെ ആദ്യത്തെ സ്പൈസസ് പാര്‍ക്ക് തൊടുപുഴയിലെ മുട്ടം, തുടങ്ങനാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മൂല്യവര്‍ധിത ഉത്പന്നങ്ങളാണ് ഇനിയുള്ള കാലത്തിന്‍റെ സാധ്യതയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് വ്യവസായ പാര്‍ക്കുകളുടെ പ്രാധാന്യം വരുന്നത്. കേവലം പ്രാദേശിക വിപണിയെ മാത്രം ലക്ഷ്യംവയ്ക്കാതെ ആഗോള വിപണിയെ ആകര്‍ഷിക്കുന്ന വിപണന തന്ത്രങ്ങളും ഗുണമേന്മയും സംരംഭകര്‍ സ്വായത്തമാക്കണം. ഉത്പന്നങ്ങള്‍ക്ക് വിശ്വാസ്യത ഉറപ്പു വരുത്താന്‍ ശ്രദ്ധിക്കണം.

പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വ്യത്യസ്തങ്ങളായ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ സംരംഭകര്‍ക്ക് സാധിക്കണം. ആധുനിക കാലത്തിനനുസരിച്ച് സുഗന്ധവ്യഞ്ജനങ്ങള്‍ സംസ്ക്കരിക്കാനും മൂല്യവര്‍ധിതമാക്കാനും സ്പൈസസ് പാര്‍ക്കിനും കഴിയും. ഇതിലൂടെ കൃഷിക്കാര്‍ക്ക് കൂടുതല്‍ മെച്ചം ലഭിക്കും. കേരളത്തിന്‍റെ കാര്‍ഷിക രംഗത്തെ കൂടുതല്‍ പരിപോഷിപ്പിക്കാനുള്ള ഇടപെടല്‍ കൂടിയാണ് സ്പൈസസ് പാര്‍ക്ക്. സാധ്യമായ എല്ലാ മേഖലകളിലും മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കാന്‍ സംരംഭകര്‍ക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വലുപ്പത്തില്‍ ചെറുതാണെങ്കിലും ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ 75 ശതമാനവും നമ്മുടെ സംസ്ഥാനത്തു നിന്നാണ്. സമുദ്രോത്പന്നങ്ങള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കാന്‍ ചേര്‍ത്തലയിലെ സീഫുഡ് പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങി. കുറ്റ്യാടി നാളികേര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, വയനാട്-കോഫി പാര്‍ക്ക് എന്നിവയും സജ്ജമാകുകായണ്.

 നമ്മുടെ നാട്ടിലെ ഭക്ഷ്യസംരക്ഷണ മേഖലകള്‍ നേരിടുന്ന വെല്ലുവിളികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിപണന ശൃംഖലകളുടെ അഭാവം. പുതിയ വിപണികള്‍ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയും നാട്ടിലുണ്ട്. ഇത് മറികടക്കാന്‍ സഹകരണ മേഖലയെ ഉപയോഗിച്ച് കോ-ഓപ്പറേറ്റീവ് ഇന്‍റര്‍വെന്‍ഷന്‍ ഇന്‍ അഗ്രിക്കള്‍ച്ചര്‍ മാര്‍ക്കറ്റിംഗ് വഴി കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിപണി ഒരുക്കും. ഇതിനായി ബജറ്റില്‍ 35 കോടി രൂപ മാറ്റി വച്ചിട്ടുണ്ട്.


നിക്ഷേപം ആകര്‍ഷിക്കുന്നതിന് വിതരണ ശൃംഖലയുടെ വിവിധ ഘടകങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ശീതീകരണ സംവിധാനങ്ങള്‍, ഗുണമേന്മാ പരിശോധന, ഗവേഷണം, നൈപുണ്യ പരിശീലനം, എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിന്‍ഫ്ര സ്പൈസസ് പാര്‍ക്കിന്‍റെ രണ്ടാം ഘട്ടം ഒമ്പത് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉറപ്പ് നല്‍കി. ചെറുതോണിയില്‍ ജലവിഭവ വകുപ്പ് നല്‍കിയ പത്തേക്കര്‍ സ്ഥലത്ത് ഭക്ഷ്യസംസ്ക്കരണ പാര്‍ക്ക് ആരംഭിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കിന്‍ഫ്രയുടെ കീഴിലുള്ള നിര്‍ദ്ദിഷ്ട പെട്രോ കെമിക്കല്‍ പാര്‍ക്ക് 2024 ല്‍ പൂര്‍ത്തീകരിക്കും. പാര്‍ക്ക് ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പ് തന്നെ അവിടെ സംരംഭങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞത് നേട്ടമാണ്. ദക്ഷിണേന്ത്യയിലെ 12 മികച്ച വ്യവസായപാര്‍ക്കുകളില്‍ അഞ്ചും കിന്‍ഫ്രയുടേതാണ്.

 
ഈ സര്‍ക്കാരിന്‍റെ കാലത്ത് ഇതിനകം 1834 കോടി രൂപയുടെ നിക്ഷേപം കിന്‍ഫ്ര വഴി വന്നു. 25601 തൊഴിലവസരമാണ് ഇതിലൂടെ സൃഷ്ടിച്ചത്. ഇത് സര്‍വകാല റെക്കോര്‍ഡാണ്. ഈ സര്‍ക്കാര്‍ 11 സ്വകാര്യ വ്യവസായപാര്‍ക്കുകള്‍ക്ക് അനുമതി നല്‍കി. ഈ വര്‍ഷം 30 സ്വകാര്യ വ്യവസായപാര്‍ക്കുകള്‍ കൂടി ആരംഭിക്കും. ഇതോടെ 500 ഏക്കര്‍ സ്ഥലം വ്യവസായ പാര്‍ക്കായി മാറും.

സുഗന്ധവ്യഞ്ജനങ്ങളുടെ ജില്ലയായ ഇടുക്കിയ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണ് കിന്‍ഫ്ര സ്പൈസസ് പാര്‍ക്കെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ വിവിധ പദ്ധതികള്‍ സമയബന്ധിതമായാണ് പൂര്‍ത്തിയാകുന്നതെന്നും അദ്ദേഹം പറഞഅഞു.
15.29 ഏക്കര്‍ വരുന്ന കിന്‍ഫ്ര പാര്‍ക്കിന്‍റെ 80 ശതമാനം സ്ഥലവും സംരംഭങ്ങള്‍ക്ക് ഇതിനകം നല്‍കാനായത് നേട്ടമാണെന്ന് ചടങ്ങില്‍ സ്വാഗതം പറഞ്ഞ സംസ്ഥാന വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല ചൂണ്ടിക്കാട്ടി. കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ് നന്ദി പ്രകാശിപ്പിച്ചു. വിവിധ സംരംഭങ്ങള്‍ക്കുള്ള അനുമതി പത്രം മുഖ്യമന്ത്രി ചടങ്ങില്‍ കൈമാറി.

എംഎല്‍എമാരായ എം എം മണി, ഡി രാജ,  ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ റ്റി ബിനു, ജില്ലാകളക്ടര്‍ ഷീബ ജോര്‍ജ്ജ്, എംഎസ്എംഇ തൃശൂര്‍ ജോയിന്‍റ് ഡയറക്ടര്‍ ജി എസ് പ്രകാശ്, കിന്‍ഫ്ര ജനറല്‍ മാനേജര്‍ ഡോ. ടി ഉണ്ണികൃഷ്ണന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കേന്ദ്രസര്‍ക്കാരിന്‍റെ എംഎസ്എംഇ ക്ലസ്റ്റര്‍ വികസന പദ്ധതിയുടെ കീഴിലാണ് പാര്‍ക്ക് വികസിപ്പിച്ചിരിക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ സംസ്ക്കരണത്തിനും മൂല്യവര്‍ധിത  ഉത്പന്നങ്ങല്‍ തയ്യാറാക്കി വിപണനം ചെയ്യുന്നതിനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് സ്പൈസസ് പാര്‍ക്കിന്‍റെ ലക്ഷ്യം.
2021 ഓക്ടോബറിലാണ് സ്പൈസസ് പാര്‍ക്ക് നിര്‍മ്മാണത്തിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആഗസ്റ്റില്‍ പണി പൂര്‍ത്തിയായ സ്പൈസസ് പാര്‍ക്കില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

 നിലവിലുള്ള സ്ഥലത്തില്‍ 80 ശതമാനവും എട്ട് വ്യവസായ യൂണിറ്റുകള്‍ക്കായി നല്‍കിക്കഴിഞ്ഞു. ബ്രാഹ്മിണ്‍സ് ഫുഡ്സ്(വിപണനം വിപ്രോ), ഡിസി ബുക്ക്സ്, പരിശുദ്ധം ഗ്രൂപ്പ് എന്നിവര്‍ വ്യവസായ യൂണിറ്റില്‍ സ്ഥലം ഇതിനകം തന്നെ എടുത്തിട്ടുണ്ട്.

 ആകെയുള്ള സ്ഥലത്തില്‍ ഒമ്പതേക്കറാണ് വ്യവസായ പ്ലോട്ടുകളായി സംരംഭങ്ങള്‍ക്ക് നല്‍കുന്നത്. മികച്ച റോഡ്, ശുദ്ധജല ലഭ്യത, പ്രത്യേകമായുള്ള വൈദ്യുതി ഫീഡര്‍ ലൈന്‍, സംഭരണ സംവിധാനം, സൈബര്‍ കേന്ദ്രം, വിപണന കേന്ദ്രം, കാന്‍റീന്‍, പ്രാഥമിക ശുശ്രൂഷാ കേന്ദ്രം, ശിശു പരിപാലന കേന്ദ്രം, സമ്മേളന ഹാള്‍, മലിനജലം സംസ്ക്കരിക്കുന്നതിനുള്ള പ്ലാന്‍റ്, മഴവെള്ള സംഭരണി എന്നിവയെല്ലാം പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്.

രണ്ടാം ഘട്ടത്തില്‍ പത്തേക്കര്‍ സ്ഥലമാണ് കിന്‍ഫ്ര വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനു പുറമെ ഏഴ് ഏക്കര്‍ സ്ഥലത്ത് സ്പൈസസ് ബോര്‍ഡുമായി ചേര്‍ന്ന് സുഗന്ധവ്യഞ്ജന മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാനും പദ്ധതിയുണ്ട്. കുമളി പുറ്റടിയിലുള്ള സ്പൈസസ് ബോര്‍ഡിന്‍റെ പാര്‍ക്കുമായി സഹകരിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്താനുദ്ദേശിക്കുന്നത്.

 രാജ്യത്ത് സംസ്ഥാന സര്‍ക്കാര്‍ വഴി നടപ്പാക്കുന്ന 42 മെഗാ ഫുഡ് പാര്‍ക്കുകളിലെ ആദ്യമായി പ്രവര്‍ത്തനം തുടങ്ങിയത് കേരളത്തിലാണ്. കിന്‍ഫ്ര ആരംഭിച്ച മെഗാ ഫുഡ് പാര്‍ക്ക് ഇതിനകം തന്നെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.

 

 

Photo Gallery

+
Content
+
Content
+
Content
+
Content