തോട്ടങ്ങളുടെ വൈവിധ്യവല്‍ക്കരണം; ഐ.ഐ.എം കോഴിക്കോടുമായി വ്യവസായ വാണിജ്യ വകുപ്പ് ധാരണാപത്രം ഒപ്പുവച്ചു

തോട്ടം മേഖലയില്‍ ഉപയോഗിക്കാവുന്ന ഭൂപരിധി ഉയര്‍ത്തുന്നത് ആലോചിക്കും: മന്ത്രി പി. രാജീവ്
Trivandrum / October 13, 2023

തിരുവനന്തപുരം: കേരളത്തിലെ തോട്ടങ്ങളുടെ വൈവിധ്യവല്‍ക്കരണത്തെയും നവീകരണത്തെയും കുറിച്ച് പഠനം നടത്തുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റുമായി (ഐ.ഐ.എം കോഴിക്കോട്) സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ധാരണാപത്രം ഒപ്പുവച്ചു. നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി.രാജീവിന്‍റെ ചേംബറില്‍ നടന്ന ചടങ്ങില്‍ പ്ലാന്‍റേഷന്‍സ് സ്പെഷ്യല്‍ ഓഫീസര്‍ എസ്. ഹരികിഷോറും കോഴിക്കോട് ഐ.ഐ.എമ്മിലെ മെന്‍റര്‍ പ്രൊഫ. ആനന്ദകുട്ടനുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.


ഒരു വ്യവസായമെന്ന രൂപത്തില്‍ തോട്ടം മേഖലയില്‍ ഉപയോഗിക്കാവുന്ന ഭൂപരിധി ഉയര്‍ത്തുന്നതിനുള്ള നിയമപരമായ സാധ്യതകള്‍ ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ വാണിജ്യപ്രാധാന്യമുള്ള ഫലവൃക്ഷങ്ങള്‍ ഇടവിളയായി കൃഷി ചെയ്യുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഭരണാനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ കേരളത്തിലെ തോട്ടങ്ങളുടെ വൈവിധ്യവല്‍ക്കരണത്തെയും നവീകരണത്തെയും കുറിച്ച് പഠനം നടത്തുന്നതിനായി തുക വകയിരുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ടെണ്ടര്‍ ക്ഷണിക്കുകയും സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക-വിദഗ്ധ സമിതി മൂല്യനിര്‍ണയം നടത്തി കോഴിക്കോട് ഐഐഎമ്മിനെ പഠനം നടത്തുന്നതിനായി തെരഞ്ഞെടുക്കുകയും ചെയ്തത്. ആഗോളതലത്തില്‍ കേരള പ്ലാന്‍റേഷന്‍സ് എന്ന ബ്രാന്‍ഡ് ഉയര്‍ത്തിക്കൊണ്ടു വരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ പഠനം.

ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് ആമുഖപ്രഭാഷണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, കേരള പ്ലാന്‍റേഴ്സ് അസോസിയേഷന്‍ സെക്രട്ടറി അജിത്കുമാര്‍, കോഴിക്കോട് ഐഐഎമ്മിലെ പ്രൊഫ. എസ്. വെങ്കട്ടരാമന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. അശുതോഷ്  സര്‍ക്കാര്‍, പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.എസ് കൃപകുമാര്‍ എന്നിവരും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു.

അതീവശ്രദ്ധ ചെലുത്തേണ്ട നിര്‍ണായക മേഖലകള്‍ സംസ്ഥാന സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ടെന്നും ഈ സംരംഭവുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഐഐഎം കോഴിക്കോട് ഡയറക്ടര്‍ പ്രൊഫ.ദേബാശിഷ് ചാറ്റര്‍ജി പറഞ്ഞു.


കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെയും വാണിജ്യത്തിന്‍റെയും സുപ്രധാന ഘടകമാണ് തോട്ടം മേഖല. അതിന്‍റെ വൈവിധ്യവത്കരണത്തിനായി ആധികാരികമായ ഗവേഷണം, സുസ്ഥിരമായ സമ്പ്രദായങ്ങള്‍, സമഗ്രമായ നവീകരണം എന്നിവ മുന്‍നിര്‍ത്തിയുള്ള സമീപനമായിരിക്കും ഐഐഎം സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യവസായ വകുപ്പിന്‍റെ കീഴില്‍ രൂപീകരിച്ച പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റിന്‍റെ ആഭിമുഖ്യത്തില്‍ തോട്ടം മേഖലയുടെ വ്യാവസായിക സാധ്യത മുന്നില്‍ക്കണ്ട് നിരവധി പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. തോട്ടങ്ങളില്‍ നിയമവിധേയമായി ഇടവിള കൃഷി ചെയ്യാനും മൂല്യവര്‍ധിത ഉത്പന്ന സംരംഭങ്ങള്‍ ആരംഭിക്കാനും ആധുനിക യന്ത്രസംവിധാനങ്ങളും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്താനുമാണ് ഉദ്ദേശിക്കുന്നത്. മറ്റ് അനുബന്ധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ തോട്ടം ഭൂമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള നടപടികളും പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റ് സ്വീകരിക്കുന്നുണ്ട്.

Photo Gallery

+
Content