കേരളത്തിന്‍റെ യുവതയെ തൊഴില്‍ദാതാക്കളാക്കി മാറ്റാനുള്ള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹം : മന്ത്രി ആര്‍. ബിന്ദു

ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഗമമായ ഐഇഡിസി ഉച്ചകോടിയ്ക്ക് സമാപനം
Trivandrum / October 12, 2023

തിരുവനന്തപുരം: കേരളത്തിന്‍റെ യുവതയെ തൊഴില്‍ദാതാക്കളാക്കി മാറ്റാനുള്ള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രധാന പരിപാടികളിലൊന്നായ ഐഇഡിസി ഉച്ചകോടിയുടെ എട്ടാം പതിപ്പ് തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) പദ്ധതിയായ ഇന്നവേഷന്‍ ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍ററിന്‍റെ (ഐഇഡിസി ) ആഭിമുഖ്യത്തിലാണ് ഉച്ചകോടി സംഘടിപ്പിച്ചത്.

 നവകേരള സൃഷ്ടിയുടെ ഭാഗമായി നവവൈജ്ഞാനിക സമൂഹമാക്കി യുവജനങ്ങളെ മാറ്റണമെന്നുള്ളത് സര്‍ക്കാരിന്‍റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇതുമായി ബന്ധപ്പെട്ട് യുവജനങ്ങളുടെ നൂതന ആശയങ്ങള്‍ക്ക് ചിറകു നല്കാനാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഐഇഡിസി സെന്‍ററുകള്‍ കൊണ്ടുവന്നത്. ഇതു വഴി നൂതന ആശയങ്ങള്‍ രൂപപ്പെടുത്തി പുതു സംരംഭങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തിലെ സംരംഭങ്ങളെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ സ്റ്റാര്‍ട്ടപ്പ് മിഷന് വലിയ പങ്കുണ്ടെന്നും അത് അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.

 
ഇന്ത്യയില്‍ മൂന്നാമത് തൊഴില്‍ക്ഷമതയുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റാനും സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കാരണമായി. 20 ലക്ഷം പേര്‍ക്ക് പുതുതായി ജോലി ലഭ്യമാക്കണമെന്ന സര്‍ക്കാര്‍ നയം പ്രാവര്‍ത്തികമാക്കാന്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഐഇഡിസി സെന്‍ററുകളിലൂടെ സാധിക്കും. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക, വ്യാവസായിക മേഖലകളില്‍ പുത്തന്‍ ഉണര്‍വിന് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.


175 ആര്‍ട്സ് & സയന്‍സ് കോളേജ്, 177  എഞ്ചിനീയറിംഗ് കോളേജുകള്‍, 34 ആരോഗ്യ അനുബന്ധ കോളേജുകള്‍, 67 പോളിടെക്നിക് കോളേജുകള്‍ എന്നിവിടങ്ങളിലായി 453 മിനി ഇന്‍കുബേറ്ററുകറാണ് കേരളത്തിലെ കോളേജുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത്. യുവജനങ്ങളെ തൊഴിലന്വേഷകരില്‍ നിന്നും വിദഗ്ധരായ തൊഴില്‍ദാതാക്കളാക്കി മാറ്റി സംസ്ഥാന സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാകുകയാണ് സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ സംസ്ഥാന സര്‍ക്കാരെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 
തിരുവനന്തപുരം എല്‍ബിഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസ് ഫോര്‍ വുമനിലെ അധ്യാപികയായ ലിസി എബ്രഹാമും വിദ്യാര്‍ത്ഥികളും രൂപകല്പന ചെയ്ത ബഹിരാകാശ ഗവേഷണ മേഖലയ്ക്ക് മുതല്‍ കൂട്ടായേക്കാവുന്ന വിമന്‍ എഞ്ചിനീയേഡ് സാറ്റലൈറ്റ് അഥവാ വീ-സാറ്റ് പേലോഡിന് കേന്ദ്ര-സംസ്ഥാന ധനസഹായ പദ്ധതിയായ നിധി പ്രയാസ്, സി എസ് ആര്‍ ഫണ്ട് എന്നിവയിലൂടെ ലഭ്യമാക്കിയ 30 ലക്ഷത്തിന്‍റെ ഗ്രാന്‍റും മന്ത്രി ആര്‍. ബിന്ദു വിതരണം ചെയ്തു.


ആഗോളതലത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ പ്രാപ്തരായ പ്രോഗ്രാമര്‍മാരെയും ഡിസൈനര്‍മാരെയും കോഡേഴ്സിനെയും കണ്ടെത്തുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ജിടെക് മ്യൂലേണും നടത്തി വരുന്ന 'ടോപ്പ് 100 സീരീസ്' ചലഞ്ചില്‍ നിലവില്‍ മുന്‍പില്‍ നില്ക്കുന്ന ലീഡര്‍ ബോര്‍ഡിനേയും ചടങ്ങില്‍ മന്ത്രി അവതരിപ്പിച്ചു.

 
വിദ്യാര്‍ത്ഥികളില്‍ നൂതനാശയ സംരംഭകത്വ സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനായുള്ള ഏഷ്യയിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഗമമായ ഐഇഡിസി ഉച്ചകോടി വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ ഒരു കുടക്കീഴില്‍ കൊണ്ടുവന്നുള്ള ആശയ സംവാദത്തിന് അവസരമൊരുക്കി.


സാമൂഹിക പ്രതിബദ്ധതയുള്ള സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താന്‍ സഹായിച്ച ഐഇഡിസി ഉച്ചകോടി നവീന ആശയമുള്ള സംരംഭകരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന അനുഭവമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു. കേരളത്തിലെ സംരംഭകത്വ മാതൃക മറ്റ് പല സംസ്ഥാനങ്ങളും അനുകരിച്ചത് നമ്മുടെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.


ഗവേഷകരില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് നടപ്പിലാക്കിയ റിസര്‍ച് ഇന്‍കുബേഷന്‍ പ്രോഗ്രാമിന്‍റെ ഭാഗമായി ഏഴ് പുതിയ പേറ്റന്‍റുകള്‍ ഫയല്‍ ചെയ്തതും എട്ട് പേറ്റന്‍റ് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുകയും ചെയ്തത് അഭിന്ദനാര്‍ഹമാണെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. കേരളത്തിന്‍റെ ഭാവി വിദ്യാര്‍ത്ഥികളില്‍ ശോഭനമാണെന്ന വിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണ് ഓരോ ഐഡിഇസി ഉച്ചകോടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐടി ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗം സെക്രട്ടറി ഡോ. രത്തന്‍ യു. കേല്‍ക്കര്‍ ചടങ്ങില്‍ സംസാരിച്ചു. കോളേജുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ലീപ് കോ വര്‍ക്സ് സ്പെയ്സുകളുടെ ആദ്യ അഞ്ച് കേന്ദ്രങ്ങളുടെ അംഗത്വ കാര്‍ഡ് രത്തന്‍ യു. കേല്‍ക്കര്‍ വിതരണം ചെയ്തു. നിലവില്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഇത്തരം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതോടെ അവര്‍ക്ക് വിദ്യാര്‍ത്ഥികളില്‍ സ്വാധീനം ചെലുത്താനും അതുവഴി കുട്ടികളെ സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ പ്രേരിപ്പിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൃശൂര്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന യുണീക്ക് വേള്‍ഡ് റോബോട്ടിക്സ് സ്പെയ്സ് ടെക്നോളജി മേഖലയിലെ മികച്ച പ്രതിഭകളെ കണ്ടെത്താന്‍ അന്താരാഷ്ട്രതലത്തില്‍ സംഘടിപ്പിച്ച ഹാക്കത്തോണ്‍ നാസ സ്പെയ്സ് ചലഞ്ച് വിജയികള്‍ക്കുള്ള സമ്മാനവും അദ്ദേഹം വിതരണം ചെയ്തു.

സിഇടി പ്രിന്‍സിപ്പല്‍ ഡോ. സേവ്യര്‍ ജെ.എസ്, സിഇടി റിസര്‍ച്ച് ഡീന്‍ ഡോ. സുമേഷ് ദിവാകരന്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു. ഉച്ചകോടിയുടെ ഭാഗമായുള്ള നേതൃത്വ ചര്‍ച്ചയില്‍ പിന്നാക്ക ക്ഷേമ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയും എംപവര്‍മെന്‍റ് സൊസൈറ്റി സി.ഇ.ഒയുമായ പ്രശാന്ത് നായര്‍ ഐഎഎസ് സംസാരിച്ചു.

 സാമൂഹ്യ പ്രതിബദ്ധതയുള്ള സംരംഭകത്വ  സംസ്കാരം വളര്‍ത്തേണ്ടതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍, ശില്‍പശാലകള്‍, ഉല്‍പ്പന്ന പ്രദര്‍ശനം, ഐഡിയത്തോണ്‍ തുടങ്ങിയ ഉച്ചകോടിയുടെ ഭാഗമായുണ്ടായിരുന്നു.

Photo Gallery

+
Content