മീനച്ചിലാറ്റില്‍ ചാട്ടുളിയായി യുബിസി നടുഭാഗം സിബിഎല്‍ അഞ്ചാം മത്സരത്തില്‍ അട്ടിമറി വിജയവുമായി നടുഭാഗം ചുണ്ടന്‍

Kottayam / October 7, 2023

കോട്ടയം: ഐപിഎല്‍ ക്രിക്കറ്റിന്‍റെ മാതൃകയില്‍ ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മൂന്നാം സീസണില്‍ കോട്ടയം താഴത്തങ്ങാടിയില്‍ നടന്ന അഞ്ചാം മത്സരത്തില്‍ അട്ടിമറിയുമായി യുബിസി കൈനകരി(കോസ്റ്റ് ഡോമിനേറ്റേഴ്സ്) തുഴഞ്ഞ നടുഭാഗം ചുണ്ടന്‍(3.17.85 മിനിറ്റ്) ജേതാക്കളായി. പള്ളാത്തുരുത്തി ബോട്ട് ക്ലബ്(ട്രോപ്പിക്കല്‍ ടൈറ്റന്‍സ്) തുഴഞ്ഞ വീയപുരം(3.19.25 മിനിറ്റ്) രണ്ടും പോലീസ് ബോട്ട് ക്ലബ്(റേജിംഗ് റോവേഴ്സ്) തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍(3.20.06 മിനിറ്റ്) മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു.


വള്ളംകളിയിലെ തന്നെ അപൂര്‍വമായ ഫോട്ടോ ഫിനിഷ് ടൈ ആയിരുന്നു പിറവത്ത് ഫലമെങ്കില്‍ കോട്ടയത്ത് മീനച്ചിലാറ്റില്‍ സംശയത്തിനും അഭ്യൂഹങ്ങള്‍ക്കുമിട നല്‍കാത്ത ആധികാരിക വിജയമാണ് നടുഭാഗം നേടിയത്. ഫൈനലിന്‍റെ ആദ്യ നൂറു മീറ്ററില്‍ പതുങ്ങിത്തുഴഞ്ഞ യുബിസി അവസാന അഞ്ഞൂറ് മീറ്ററില്‍ മിന്നല്‍പ്പിണര്‍ കണക്കെയാണ് ഫിനിഷ് ചെയ്തത്. സിബിഎല്‍ ഒന്നാം സീസണിലും രണ്ടാം സീസണിലും ചാമ്പ്യന്മാരായ പിബിസി തുഴഞ്ഞ വീയപുരത്തെ കേരളത്തിലെ ഏറ്റവും പഴയ മത്സരവള്ളംകളിയായ താഴത്തങ്ങാടിയില്‍ തറപറ്റിച്ചത് നെഹൃട്രോഫിയിലേറ്റ പരാജയത്തിന് മധുരപ്രതികാരം കൂടിയായി.

 
മൈറ്റി ഓര്‍സ്(നിരണം)എന്‍സിഡിസി (നാല്), ബാക്ക് വാട്ടര്‍ വാരിയേഴ്സ്(ചമ്പക്കുളം)കുമരകം ടൗണ്‍ ബോട്ട്ക്ലബ്(അഞ്ച്) റിപ്പിള്‍ ബ്രേക്കേഴ്സ്(കാരിച്ചാല്‍) പുന്നമട ബോട്ട് ക്ലബ് (ആറ്), ബാക്ക് വാട്ടര്‍ കിംഗ്സ്(സെ. പയസ്)നിരണം ബോട്ട് ക്ലബ്(ഏഴ്) പ്രൈഡ് ചേസേഴ്സ്(ആയാപറമ്പ് പാണ്ടി)വിബിസി(എട്ട്), തണ്ടര്‍ ഓര്‍സ്(പായിപ്പാടന്‍)കെബിസി/എസ്എഫ്ബിസി(ഒമ്പത്), എന്നിങ്ങനെയാണ് താഴത്തങ്ങാടിയിലെ വിജയനില.


സിബിഎല്‍ അഞ്ച് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ആകെ 48 പോയിന്‍റുമായി പിബിസി വീയപുരമാണ് മുന്നില്‍. 46 പോയിന്‍റുമായി യുബിസി നടുഭാഗം തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തുണ്ട്. 35 പോയിന്‍റുകളുമായി എന്‍സിഡിസി നിരണവും പോലീസ് ബോട്ട് ക്ലബ് മഹാദേവിക്കാട് കാട്ടില്‍ തെക്കേതിലും മൂന്നാം സ്ഥാനം പങ്കിടുന്നു.


തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ താഴത്തങ്ങാടി വള്ളം കളി ഉദ്ഘാടനം ചെയ്തു. എം പി ജോസ് കെ മാണി, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ വി ബിന്ദു, ജില്ലാകളക്ടര്‍ വി വിഘ്നേശ്വരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


പുളിങ്കുന്ന്, ആലപ്പുഴ(ഒക്ടോബര്‍ 14), കൈനകരി, ആലപ്പുഴ(ഒക്ടോബര്‍ 21), കരുവാറ്റ, ആലപ്പുഴ(ഒക്ടോബര്‍ 28), കായംകുളം, ആലപ്പുഴ(നവംബര്‍ 18), കല്ലട, കൊല്ലം(നവംബര്‍ 25), പാണ്ടനാട്, ചെങ്ങന്നൂര്‍ ആലപ്പുഴ(ഡിസംബര്‍ 2), പ്രസിഡന്‍റ്സ് ട്രോഫി, കൊല്ലം(ഡിസംബര്‍ 9) എന്നിങ്ങനെയാണ് ഇനി നടക്കാനുള്ള മത്സരങ്ങള്‍.

Photo Gallery

+
Content
+
Content