ഇപ്പോള്‍ അവഗണിക്കുന്ന രോഗങ്ങള്‍ നാളത്തെ മഹാമാരികളെന്ന് ഡോ. കൃഷ്ണ എം. എല്ല

സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി സ്ഥാപക ദിനം ആഘോഷിച്ചു
Trivandrum / October 6, 2023

തിരുവനന്തപുരം: ഇപ്പോള്‍ അവഗണിക്കുന്ന രോഗങ്ങള്‍ നാളത്തെ പകര്‍ച്ചവ്യാധികളും മഹാമാരികളുമായി മാറുകയാണെന്ന് സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി റിസര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാനും ഹൈദരാബാദിലെ ഭാരത് ബയോടെക് ഇന്‍റര്‍നാഷണല്‍ ലിമിറ്റഡ് എക്സിക്യുട്ടീവ് ചെയര്‍മാനുമായ ഡോ. കൃഷ്ണ എം. എല്ല. പാപ്പനംകോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി(എന്‍.ഐ.ഐ.എസ്.ടി)യില്‍ സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി സ്ഥാപക ദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


ദേശീയ വാക്സിന്‍ സുരക്ഷയില്‍ അമേരിക്കയ്ക്കും യൂറോപ്പിനുമൊപ്പമാണ് ഇന്ത്യയുടെ സ്ഥാനമെന്നും ഇന്ത്യന്‍ വാക്സിന് ആഗോള തലത്തില്‍ വലിയ പ്രാധാന്യമാണുള്ളതെന്നും ഡോ. എല്ല പറഞ്ഞു. വളര്‍ന്നുവരുന്ന വിപണികള്‍ ഇന്ത്യന്‍ വാക്സിനെ ആശ്രയിച്ചാണിരിക്കുന്നത്. കോവിഡ് 19 വാക്സിനുകളെക്കുറിച്ചുള്ള ഇന്ത്യയുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ അമേരിക്കയ്ക്കു തൊട്ടു പിറകെ ലോകത്തെ ഏറ്റവും വലിയതാണ്. വാക്സിനുകളുടെ കാര്യക്ഷമതയില്‍ ലോകത്തെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

അവഗണിക്കപ്പെട്ട എല്ലാ രോഗങ്ങളും ഏഷ്യയിലും ആഫ്രിക്കയിലുമാണ് കൂടുതലായി കാണുന്നതെന്നും ഇവ കണ്ടെത്തി ഫലപ്രദമായി നിയന്ത്രിക്കേണ്ടത് നിര്‍ണായകമാണെന്നും ഡോ. കൃഷ്ണ എം. എല്ല പറഞ്ഞു. 2006 ല്‍ കേരളത്തില്‍ ചിക്കുന്‍ഗുനിയ പടര്‍ന്നപ്പോള്‍ തദ്ദേശീയമായി വികസിപ്പിച്ച വാക്സിനിലൂടെ ആദ്യമായി ഇതിനെ പ്രതിരോധിച്ചത് ഭാരത് ബയോടെക് ആയിരുന്നു. സിക്ക വൈറസ് ആഫ്രിക്കയിലാണ് രൂപപ്പെട്ടത്. ഇത് മഡഗാസ്കറില്‍ നിന്ന് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിച്ചു. അതിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു.  എന്നാല്‍ ബ്രസീലിലാണ് സിക വ്യാപകമായത്. സിക പ്രതിരോധത്തിനായി ഫിലിപ്പിന്‍സ്, തായ് ലാന്‍റ്, ഗ്വാട്ടിമല, എന്നിവിടങ്ങളില്‍ ഒരു മൂന്നാംഘട്ട ഫലപ്രാപ്തി പരീക്ഷണങ്ങള്‍ ഭാരത് ബയോടെക് നടത്തിവരികയാണ്.

നവീകരണമാണ് ഭാവിയിലേക്കുള്ള താക്കോലെന്ന് അഭിപ്രായപ്പെട്ട ഡോ. എല്ല അറിവും വൈദഗ്ധ്യവും സംയോജിപ്പിച്ചു കൊണ്ടുള്ള ആവാസവ്യവസ്ഥ ചെറുപ്പക്കാര്‍ക്കായി രാജ്യത്ത് സൃഷ്ടിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞു. സുസ്ഥിരമായ സമ്പദ്വ്യവസ്ഥ, ഡിജിറ്റലൈസേഷന്‍, അടിസ്ഥാനസൗകര്യ വികസനം, ഭാവിക്കായുള്ള മികച്ച ഇക്കോസിസ്റ്റം രൂപകല്‍പ്പന ചെയ്യല്‍ തുടങ്ങിയവയാണ് അടുത്ത നൂറ്റാണ്ടിലെ നവീകരണത്തിന്‍റെ താക്കോലുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍.ഐ.ഐ.എസ്.ടി കാമ്പസില്‍ പുതിയതായി സജ്ജമാക്കിയ ഫുഡ് ആര്‍ക്കിടെക്ചര്‍ ലാബിന്‍റെ ഉദ്ഘാടനവും എന്‍.ഐ.ഐ.എസ്.ടി വാര്‍ഷിക റിപ്പോര്‍ട്ടിന്‍റെ പ്രകാശനവും ഡോ. എല്ല നിര്‍വ്വഹിച്ചു.

വ്യവസായത്തിന്‍റെയും സമൂഹത്തിന്‍റെയും ആവശ്യത്തിനനുസരിച്ചും അവയ്ക്ക് പ്രയോജനപ്പെടുന്ന വിധത്തിലുമുള്ളതാണ് എന്‍.ഐ.ഐ.എസ്.ടിയുടെ എല്ലാ ഗവേഷണ-വികസന പദ്ധതികളുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു.

മുംബൈ ഐആര്‍ഇഎല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ദീപേന്ദ്ര സിംഗ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. എച്ച്ആര്‍എഡി മേധാവി ഡോ. യു.എസ്. ഹരീഷ് സ്വാഗതവും സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ആന്‍റണി പീറ്റര്‍ രാജ നന്ദിയും പറഞ്ഞു.

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ശ്രീ ചിത്തിര തിരുനാള്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്, പികെ സ്റ്റീല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, എംകെഎന്‍ ബ്രിക്സ് ആന്‍ഡ് ബ്ലൂ മെറ്റല്‍സ് പ്രൈവറ്റ് ലിമിറ്റഡ്, ഹൈഡ്രോണസ്റ്റ്, നിഫ്-ഇന്ത്യ ആന്‍ഡ് വിഭ-വാണി എന്നീ സ്ഥാപനങ്ങളുമായുള്ള എന്‍.ഐ.ഐ.എസ്.ടിയുടെ ധാരണാപത്രങ്ങള്‍ ചടങ്ങില്‍ കൈമാറി.

എന്‍.ഐ.ഐ.എസ്.ടിയില്‍ 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ജീവനക്കാരെയും 2022-23 വര്‍ഷത്തില്‍ വിരമിച്ച ജീവനക്കാരെയും മെറിറ്റ് അവാര്‍ഡുകള്‍ നേടിയ സി.എസ്.ഐ.ആര്‍-എന്‍.ഐ.ഐ.എസ്.ടിയിലെ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. വനിതകളിലെ മികച്ച പിഎച്ച്ഡി പ്രബന്ധത്തിനുള്ള ചല്ലാ സ്വര്‍ണമെഡലും വിതരണം ചെയ്തു.

1975 ല്‍ സി.എസ്.ഐ.ആര്‍ കോംപ്ലക്സായി സ്ഥാപിതമായ എന്‍.ഐ.ഐ.എസ്.ടി 1978 ല്‍ റീജിയണല്‍ റിസര്‍ച്ച് ലബോറട്ടറി എന്ന് പുനര്‍നാമകരണം ചെയ്തു. 2007 ലാണ് എന്‍.ഐ.ഐ.എസ്.ടി. എന്ന് പേര് സ്വീകരിച്ചത്.

അഗ്രോ-പ്രോസസിംഗ് ആന്‍ഡ് ടെക്നോളജി, കെമിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി, മെറ്റീരിയല്‍സ് സയന്‍സ് ആന്‍ഡ് ടെക്നോളജി, മൈക്രോബയല്‍ പ്രോസസസ് ആന്‍ഡ് ടെക്നോളജി, എന്‍വയോണ്‍മെന്‍റല്‍ ടെക്നോളജി, സസ്റ്റൈനബിള്‍ എനര്‍ജി ടെക്നോളജി എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ ഗവേഷണ വികസന പരിപാടികള്‍ സംഘടിപ്പിക്കുന്ന എന്‍.ഐ.ഐ.എസ്.ടി പി.ജി., ഗവേഷണ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതിലൂടെ മാനവ വിഭവശേഷി വികസനത്തിലും പ്രധാന പങ്ക് വഹിക്കുന്നു.

Photo Gallery

+
Content
+
Content