വിഖ്യാത നർത്തകി ആനന്ദ ശങ്കർ ജയന്തിൻ്റെ കേരള പര്യടനം ഒക്ടോബർ പത്തിന് തുടങ്ങും

Kochi / October 6, 2023

കൊച്ചി: വിഖ്യാത ഭരതനാട്യം-കുച്ചിപ്പുടി നർത്തകി ആനന്ദ ശങ്കർ ജയന്തിന്റെ ഒരാഴ്ച നീണ്ടുനിൽക്കുന്ന കേരള പര്യടനത്തിന് ഒക്ടോബർ പത്തിന് കണ്ണൂർ ജില്ലയിലെ പിണറായിയിൽ തുടക്കമാകും. ശിവപുരാണത്തിൽ നിന്നുമുള്ള നന്ദികേശ്വരനും കടുവയും തമ്മിലുള്ള സംവാദം(എ ടെയിൽ ഓഫ് ബുൾ ആൻഡ് ടൈഗർ) ആണ് ആനന്ദ ശങ്കറും സംഘവും കേരളത്തിലെ ഏഴ് വേദികളിൽ അവതരിപ്പിക്കുന്നത്.

 എല്ലാ ദിവസവും ഒരോ സ്ഥലങ്ങളിൽ ഓരോ വേദികളിലാണ് സംഘം ഈ നൃത്ത ശിൽപം അവതരിപ്പിക്കുന്നത്. പിണറായി കൂടാതെ, കോഴിക്കോട് വടകരയിലുള്ള ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, കേരള കലാമണ്ഡലം, എറണാകുളം ജെടി പാക്ക്, മൂവാറ്റുപുഴ, കോവളം, തിരുവനന്തപുരത്തെ സൂര്യ ഫെസ്റ്റിവൽ എന്നിവിടങ്ങളിലാണ് ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള ഈ കലാരൂപം അവതരിപ്പിക്കുന്നത്. സൂര്യകലോത്സവത്തിലൊഴികെ എല്ലാ വേദികളിലും വൈകീട്ട് ഏഴിനാണ് പരിപാടി. സൂര്യകലോത്സവത്തിൽ ആറേമുക്കാലിന് നൃത്തം ആരംഭിക്കും.

  ശിവൻ, പാർവതി, ഗണപതി, സുബ്രഹ്മണ്യൻ എന്നിവരുടെ കഥ പ്രതിപാദിച്ചു കൊണ്ട് ശിവവാഹനമായ നന്ദികേശ്വരനും പാർവതിയുടെ വാഹനമായ കടുവയും നടത്തുന്ന കഥകളാണ് ഇതിന്റെ ഇതിവൃത്തം. സംസ്കൃതത്തിലും തമിഴിലുമാണ് ഇതൊരുക്കിയിരിക്കുന്നത്. പത്തു നർത്തകർ ചേർന്നാണ് അരങ്ങിൽ ഈ നൃത്തശിൽപം അവതരിപ്പിക്കുക.

ഹൈദരാബാദ് സ്വദേശിയായ ആനന്ദ ശങ്കർ സംവിധാനം ചെയ്ത ഏറ്റവും പ്രശസ്തമായ നൃത്ത ശിൽപങ്ങളിലൊന്നാണിത്. 1979 ലാണ് അവർ ശങ്കരാനന്ദ കലാക്ഷേത്ര എന്ന സ്ഥാപനം ഹൈദരാബാദിൽ ആരംഭിച്ചത്. പത്മശ്രീ ജേതാവായ അവർക്ക് 2009 ൽ സംഗീതനാടക അക്കാദമി പുരസ്ക്കാരം ലഭിച്ചു. റെയിൽവേയിൽ ഐആർടിഎസ് ഉദ്യോഗസ്ഥയായി വിരമിച്ച ഡോ. ആനന്ദ ശങ്കർ ശാസ്ത്രീയ നൃത്തമേഖലയിൽ ഡിജിറ്റൽ സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഭരതനാട്യം പരിശീലിക്കുന്നതിനു വേണ്ടി 2017 ൽ വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പ് ലോകത്തെമ്പാടും നിരവധി പേരാണ് ഉപയോഗിക്കുന്നത്.

സതിരാജ് വേണുമാധവ്, ഐ വി രേണുകാപ്രസാദ് എന്നിവരാണ് നൃത്തശിൽപ്പത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗാനാലാപനം ജയന്ത് ദ്വാരകാനാഥാണ്. ഗുൻജൻ അഷ്ടപുത്രെ ഡിജിറ്റൽ ഡിസൈൻ ചെയ്തിരിക്കുന്നു. ആനന്ദ ശങ്കറിനെ കൂടാതെ മിഥുൻ ശ്യാം, അദിതി റാവു, പൂജിത നമ്പൂരി, അർച്ചിത ഭട്ട്, ശ്രീവിദ്യ ശ്രീപതി, നേഹ സതാനപള്ളി, റിദിശ്രീ യാദവ് എന്നിവരാണ് മറ്റ് നർത്തകർ.

കുട്ടികൾക്ക് ഭാരതീയ കഥകൾ കേൾക്കുന്നതിനും കാണുന്നതിനുമായി അടുത്തിടെ ഡോ. ആനന്ദ പുറത്തിറക്കിയ കുട്ടി കഹാനി ഏറെ പ്രശസ്തമാണ്. പ്രധാനമന്ത്രി തന്റെ മൻ കി ബാത്ത് റേഡിയോ പരിപാടിയിൽ ഇതെക്കുറിച്ച് പരാമർശിച്ചിരുന്നു. പ്രശസ്ത പ്രഭാഷണ വേദിയായ ടെഡ് ടോക്കിൽ വിവിധ വിഷയങ്ങളെക്കുറിച്ച് ഡോ. ആനന്ദ സംസാരിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോർപറേറ്റ് ഓഫീസുകൾ, നേതൃപാടവ പരിപാടികൾ തുടങ്ങിയവയിൽ പ്രഭാഷക കൂടിയാണവർ. 

Photo Gallery

+
Content
+
Content