ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് മുഖ്യമന്ത്രി; മാലിന്യമുക്തം നവകേരളത്തിന്‍റെ രണ്ടാം ഘട്ട തീവ്രശുചിത്വയജ്ഞം ഊര്‍ജ്ജിതം

Kochi / October 2, 2023

കൊച്ചി: മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ടത്തിന്‍റെ തീവ്രശുചിത്വയജ്ഞത്തിന് ഗാന്ധിജയന്തി ദിനത്തില്‍ മുഖ്യമന്ത്രി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. എറണാകുളം ജനറല്‍ ആശുപത്രിയിലെ പുതിയ ക്യാന്‍സര്‍ വാര്‍ഡിന്‍റെ ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രി ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. എല്ലാ സര്‍ക്കാര്‍ പരിപാടികള്‍ക്ക് മുമ്പും ശുചിത്വ പ്രതിജ്ഞ ചൊല്ലുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടനമായിരുന്നു ഇത്.

മന്ത്രിമാരായ എം ബി രാജേഷ്, വീണാ ജോര്‍ജ്ജ്, പി രാജീവ്, ഹൈബി ഈഡന്‍ എം പി, എംഎല്‍എ മാരായ ടി ജെ വിനോദ്, കെ ജെ മാക്സി, മേയര്‍ എം അനില്‍കുമാര്‍, ചീഫ് സെക്രട്ടറി ഡോ. വേണു വി തുടങ്ങിയവര്‍ സന്നിഹിതരായിരുന്ന സദസ് മുഖ്യമന്ത്രി ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഏറ്റു ചൊല്ലി. എല്ലാ കേരളീയരും ശുചിത്വ പ്രതിജ്ഞ എടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.  ഇതിന്‍റെ ഭാഗമായി പൊതു ജനങ്ങള്‍ക്ക് അവരുടെ  സുഹൃത്തുക്കളെ ശുചിത്വ പ്രതിജ്ഞ എടുക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ചലഞ്ച്  ചെയ്യാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി  പറഞ്ഞു.

മാലിന്യമുക്തം നവകേരളം കാമ്പയിനിന്‍റെ ഭാഗമായി ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തില്‍ 25 ലക്ഷം പേര്‍ പങ്കെടുത്തു. സംസ്ഥാന-ജില്ലാ കാമ്പയിന്‍ സെക്രട്ടറിയേറ്റുകളുടെ നേതൃത്വത്തില്‍ സമൂഹത്തിലെ എല്ലാ തുറകളിലുള്ളവരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് സംസ്ഥാനമൊട്ടാകെ ശുചീകരണ പ്രവര്‍ത്തനം നടത്തിയത്. ഓരോ വാര്‍ഡില്‍ നിന്നും കുറഞ്ഞത് 200 പേര്‍ പങ്കെടുക്കുന്ന യജ്ഞത്തില്‍ നഗരപ്രദേശങ്ങള്‍, ബസ്സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, പാര്‍ക്കുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളാണ് വൃത്തിയാക്കിയത്. 2024 ജനുവരി 30 വരെ നടക്കുന്ന കാമ്പയിനിന്‍റെ രണ്ടാംഘട്ടത്തിലെ തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഒക്ടോബര്‍ രണ്ടിന് തുടക്കമായത്.

ഗാന്ധിജയന്തിയോടനുബന്ധിച്ച് നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ 23,000 ഇടങ്ങള്‍ മാലിന്യമുക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. 2024 മാര്‍ച്ചോടെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മാലിന്യമുക്തമാക്കി സമ്പൂര്‍ണ്ണ ശുചിത്വ പദവിയില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം മാര്‍ച്ച് 15 ന് മൂന്ന് ഘട്ടങ്ങളായുള്ള മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ ആരംഭിച്ചത്. ഒന്നാം ഘട്ടത്തിലെ പൂര്‍ത്തിയാക്കാത്ത ലക്ഷ്യങ്ങളും രണ്ടാം ഘട്ടത്തിലെ പ്രധാന ലക്ഷ്യമായ മാലിന്യ സംസ്കരണത്തിനാവശ്യമായ അടിസ്ഥാനസൗകര്യ വികസനങ്ങള്‍ ഊര്‍ജ്ജിതമാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കമിട്ടത്. 

 

Photo Gallery

+
Content
+
Content