ആരോഗ്യ ടൂറിസത്തിന് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കണമെന്ന് മേഖലയിലെ വിദഗ്ധര്‍

Trivandrum / September 29, 2023

തിരുവനന്തപുരം: കേരളത്തിന്‍റെ കാലാവസ്ഥയും മനുഷ്യ വിഭവശേഷിയും വൈവിധ്യപൂര്‍വ്വമായ ഔഷധസസ്യങ്ങളുമെല്ലാം വെല്‍നെസ് ടൂറിസത്തിന് മികച്ച വിളനിലമാണെന്നും ആഗോള വിപണിയില്‍ മികച്ച നേട്ടം ഉണ്ടാക്കാന്‍ സാധിക്കുന്ന ഈ മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും രംഗത്തെ വിദഗ്ധര്‍ പറഞ്ഞു. ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്‍റെ (ജിടിഎം-2023) ട്രാവല്‍ എക്സ്പോയുടെ ആദ്യ പതിപ്പിനോടനുബന്ധിച്ച് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ട്രാവന്‍കൂര്‍ ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ 'വെല്‍നെസ് ടൂറിസം ആന്‍ഡ് ആയുര്‍വേദ: എ പാത് ടു ഹോളിസ്റ്റിക് വെല്‍ ബീയിംഗ്' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കേരളത്തിലെ പരമ്പരാഗത ആയുര്‍വേദത്തിന് അനന്തമായ സാധ്യതകളുണ്ട് വിവിധതരം ചികിത്സാരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആഗോള വിപണിയില്‍ വെല്‍നെസ് ടൂറിസത്തിന് കരുത്താര്‍ജ്ജിക്കാനാകുമെന്ന് ആയുര്‍വേദ പ്രമോഷന്‍ സൊസൈറ്റി പ്രസിഡന്‍റ് സജീവ് കുറുപ്പ് പറഞ്ഞു. ആയുര്‍വേദ ഭക്ഷണം, മരുന്ന്, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ വന്‍ ഡിമാന്‍ഡാണുള്ളത്. അതിനാല്‍ തന്നെ ആയുര്‍വേദത്തിന്‍റെയും വെല്‍നസിന്‍റെയും വിപണനവും പ്രോത്സാഹനവും ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണെന്നും സോമതീരം ആയുര്‍വേദ ഗ്രൂപ്പ് സിഎംഡി ബേബി മാത്യു പറഞ്ഞു. ഇന്‍റര്‍നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ ഫോറം ഓഫ് വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്‍റ് ഡോ. ജിമ്മി ലോനപ്പന്‍ മൊയലന്‍, കേരള ക്ലാസിഫൈഡ്സ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കോട്ടുകാല്‍ കൃഷ്ണകുമാന്‍ എന്നിവര്‍ സംസാരിച്ചു.

'ദ കോപ്പര്‍ പ്ലേറ്റ് സര്‍ക്യൂട്ട്: റി ഡിസ്കവറിംഗ് ഇന്ത്യാസ് സതേണ്‍ എഡ്ജ് ' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഇമ്പീരിയല്‍ ഹോട്ടല്‍സിലെ ദിലീപ് കുമാര്‍ സംസാരിച്ചു. തമിഴ്നാടിലെ മധുര മുതല്‍ തെക്കന്‍ കേരളത്തിലെ സാംസ്കാരികവും ചരിത്രപരവുമായ 46 സ്ഥലങ്ങളെ ബന്ധപ്പെടുത്തുന്നതാണ് കോപ്പര്‍ പ്ലേറ്റ് സര്‍ക്യൂട്ട്. മണ്‍മറഞ്ഞ് പോയ പൈതൃകങ്ങളെ കണ്ടെത്താനുള്ള ശ്രമം കൂടിയാണിത്. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ നീളുന്ന യാത്രയില്‍ തെങ്കാശി, തങ്കശേരി ലൈറ്റ്ഹൗസ്, അഞ്ചുതെങ്ങ് കോട്ട, പത്മനാഭ സ്വാമി ക്ഷേത്രം തുടങ്ങി വിവിധ സ്ഥലങ്ങള്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. 250 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയില്‍ പ്രാദേശിക ഭക്ഷണവൈവിധ്യങ്ങള്‍ രുചിച്ചറിയുന്നതിനും സാധിക്കും. ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് സിഇഒ സിജി നായര്‍, ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജനറല്‍  കണ്‍വീനര്‍ പ്രസാദ് മഞ്ഞളി എന്നിവര്‍ പങ്കെടുത്തു.

ആത്മീയ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പ്രസിദ്ധമായ ഉണ്ണിയപ്പം പ്രസാദം ജിടിഎമ്മിലെ മുഴുവന്‍ പ്രതിനിധികള്‍ക്കും വിതരണം  ചെയ്തു.


സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, തവാസ് വെഞ്ചേഴ്സ്, സിട്രിന്‍ ഹോസ്പിറ്റാലിറ്റി വെഞ്ചേഴ്സ്, മെട്രോ മീഡിയ എന്നിവ ചേര്‍ന്നാണ് വാര്‍ഷിക ബി2ബി, ട്രാവല്‍ ആന്‍ഡ് ട്രേഡ് എക്സിബിഷനായ ജിടിഎം 2023 സംഘടിപ്പിക്കുന്നത്. 1000 -ത്തിലധികം ട്രേഡ് വിസിറ്റേഴ്സും 600 - ലധികം ആഭ്യന്തര, അന്തര്‍ദേശീയ ടൂര്‍ ഓപ്പറേറ്റര്‍മാരും 100 ലധികം കോര്‍പ്പറേറ്റ് ബയേഴ്സും പങ്കെടുക്കുന്നുണ്ട്. ഇന്ന് (30) എക്സ്പോയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.

Photo Gallery