ജീവനക്കാരിയുടെ ആകസ്മിക മരണം; വനിതാ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി അഞ്ചാം ലക്കം മാറ്റി വച്ചു

Kochi / September 29, 2023

കൊച്ചി: ജീവനക്കാരിയുടെ ആകസ്മിക മരണത്തെ തുടര്‍ന്ന് വെള്ളിയാഴ്ച നടത്താനിരുന്ന വനിതാ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയുടെ അഞ്ചാം ലക്കം മാറ്റി വച്ചു. ജീവനക്കാരിയായ ചേര്‍ത്തല വേളാമംഗലം സൗത്ത് വെളുത്തേടത്ത് വീട്ടില്‍ മേരി എം പി(49)യാണ് നിര്യാതയായത്.

വനിതാ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി നടക്കുന്ന വേദിയായ കളമശേരി ഡിജിറ്റല്‍ ഹബില്‍ വച്ചാണ് മേരിയുടെ ആകസ്മിക മരണം സംഭവിച്ചത്. ഈ സങ്കടഘട്ടത്തില്‍ മേരിയുടെ കുടുംബത്തിനും ബന്ധുമിത്രാദികള്‍ക്കുമുള്ള ദു:ഖത്തില്‍ പങ്കു ചേരുന്നതായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മേരിയുടെ കുടുംബത്തിന് എല്ലാവിധ സഹായസഹകരണങ്ങളും നല്‍കും. തുടര്‍നടപടികള്‍ക്കായി വേണ്ട സംവിധാനം ഒരുക്കിയിട്ടുണ്ട്.

പരേതയോടുള്ള ബഹുമാനാര്‍ത്ഥം ഉച്ചകോടി മാറ്റിവയ്ക്കുന്നതാണ് ഉചിതമായ തീരുമാനമെന്ന് കെഎസ് യുഎം അറിയിച്ചു.

 മേരിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാനും തുടര്‍നടപടികള്‍ക്കുമായി യത്നിച്ച എല്ലാവര്‍ക്കും കെഎസ് യുഎം നന്ദി അറിയിച്ചു. ഇത്തരമൊരു ഘട്ടത്തില്‍ മേരിയുടെ കുടുംബത്തിന്‍റെ സങ്കടത്തില്‍ പങ്ക് ചേരുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യേണ്ടതിന്‍റെ പ്രാധാന്യം മനസിലാക്കിയ ഉച്ചകോടിയിലെ എല്ലാ പ്രതിനിധികള്‍ക്കും സ്റ്റാര്‍ട്ടപ്പ് മിഷന്‍ നന്ദി രേഖപ്പെടുത്തി.

വനിതാ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയില്‍ രജിസ്റ്റര്‍ ചെയ്തവരെ  കെഎസ് യുഎമ്മില്‍ നിന്ന് ഉടനടി ബന്ധപ്പെടും. മാറ്റി വച്ച ഉച്ചകോടിയെക്കുറിച്ചും നിലവിലെ രജിസ്ട്രേഷന്‍റെ തുക മടക്കി നല്‍കുന്നത് സംബന്ധിച്ചും അറിയിപ്പ് നല്‍കുമെന്നും കെഎസ് യുഎം വ്യക്തമാക്കി.
 

Photo Gallery